തിരുവനന്തപുരം (www.mediavisionnews.in): പ്രവാസികള്‍ക്ക് ആശ്വാസമായി കേരള സര്‍ക്കാരിന്റെ ഡിവിഡന്റ് പെന്‍ഷന്‍ പദ്ധതി.പതിറ്റാണ്ടുകള്‍ വിദേശത്ത് അധ്വാനിച്ച് പ്രവാസം അവസാനിപ്പിച്ച് തിരിച്ചെത്തുന്ന പ്രവാസികള്‍ക്കും ഓരോ പ്രവാസിക്കും ഉപകാരപ്രദമാണിത്.
പ്രവാസികളില്‍നിന്ന് നിക്ഷേപമായി സമാഹരിക്കുന്ന തുക കിഫ്ബിയില്‍ നിക്ഷേപമായി സ്വീകരിച്ച് മാസം നിശ്ചിത തുക പെന്‍ഷനായി നല്‍കുന്നതാണ് പദ്ധതി.പ്രവാസികള്‍ക്ക് സാമ്പത്തിക സുരക്ഷയൊരുക്കുന്നതിനൊപ്പം കിഫ്ബിയിലേയ്ക്ക് വലിയൊരു തുക നിക്ഷേപമായി ലഭിക്കുമെന്നതും പദ്ധതിയുടെ മെച്ചമായി കണക്കാക്കുന്നു.
പ്രവാസിക്കും പങ്കാളിക്കും ജീവിതാവസാനംവരെ പെന്‍ഷന്‍ നല്‍കുന്നതും ഇവരുടെ മരണാനന്തരം തുക അനന്തരാവകാശികള്‍ക്ക് കൈമാറുന്നതുമാണ് പദ്ധതി.
മൂന്നുമുതല്‍ 55 ലക്ഷം രൂപവരെ ഒരുമിച്ചോ ഗഡുക്കളായോ നിക്ഷേപിക്കാം. വര്‍ഷം തുകയുടെ പത്തുശതമാനം ലാഭവിഹിതം ലഭിക്കും. ഈ തുക വീതിച്ച് ഓരോ മാസവും പെന്‍ഷന്‍ ഇനത്തില്‍ അക്കൗണ്ടിലെത്തും. നിക്ഷേപകന്‍ മരിച്ചാല്‍ പങ്കാളിക്കും പെന്‍ഷന്‍ ലഭിക്കും.
രണ്ടുപേരുടെയും മരണശേഷം നിക്ഷേപിച്ച തുകയില്‍ കൂടുതല്‍ തുക അനന്തരാവകാശിക്ക് ലഭിക്കും. ഇതിനിടയില്‍ തുക തിരികെയെടുക്കാനോ അതിന്മേല്‍ വായ്പയെടുക്കാനോ സാധിക്കില്ല.
ഇതര സംസ്ഥാനങ്ങളിലെയും വിദേശങ്ങളിലെയും മലയാളികള്‍ക്ക് നിക്ഷേപിക്കാം. പലകോണുകളിലുമായി ഒരുകോടി പ്രവാസികളുണ്ടെന്നാണ് കണക്ക്. ഗള്‍ഫിലും കേരളത്തിലും മുംബൈ പോലുള്ള വാണിജ്യ നഗരങ്ങളില്‍ എവിടെയെങ്കിലും മൂന്നിടങ്ങളിലായി പദ്ധതിയുടെ ഉദ്ഘാടന ചടങ്ങ് നടത്താനാണ് ഉദ്ദേശിക്കുന്നത്.
മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ