പൊതുസ്ഥലങ്ങളിൽ മാലിന്യം തള്ളുന്നവർക്കെതിരെ കർശന നടപടിക്കു നിർദേശം

0
235

കാസർകോട്(www.mediavisionnews.in): ജനങ്ങൾക്കു ബുദ്ധിമുട്ടും രോഗവ്യാപനത്തിനും കാരണമാകുന്ന മാലിന്യം തള്ളുന്നവർക്കെതിരെ കർശനനടപടി സ്വീകരിക്കാൻ കലക്ടർ ഡോ. ഡി.സജിത്ബാബു നിർദേശം നൽകി. ആളൊഴിഞ്ഞ പ്രദേശങ്ങളിലും റോഡിന്റെ വശങ്ങളിലും തോടുകളിലും മാലിന്യങ്ങൾ തള്ളുന്നതു രോഗങ്ങൾ പടർന്നുപിടിക്കുന്നതിനും ജലസ്രോതസ്സുകൾ മലിനമാകുന്നതിനും ഇടയാക്കുന്നുണ്ട്. ജനങ്ങൾക്ക് ഏറെ പ്രയാസവും സൃഷ്ടിക്കുന്നു.

ജലസ്രോതസ്സുകൾ മലിനമാക്കുന്നവർക്കെതിരെ 5 വർഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന വകുപ്പുകൾ ചേർത്ത് ക്രിമിനൽ കേസ് റജിസ്റ്റർ ചെയ്യും. പൊതുസ്ഥലങ്ങളിൽ ജൈവ-പ്ലാസ്റ്റിക് മാലിന്യങ്ങൾ തള്ളുന്നതോ കത്തിക്കുന്നതോ കണ്ടാൽ ഫോട്ടോ, വിഡിയോ എടുത്ത്, പേരുവിവരങ്ങൾ സഹിതം അറിയിക്കുന്നവർക്കു ജില്ലാഭരണകൂടം പ്രത്യേക പാരിതോഷികവും നൽകും. 8547931565 എന്ന വാട്‌സാപ് നമ്പറിലേക്കാണ് ചിത്രങ്ങളും വിഡിയോകളും അയയ്ക്കേണ്ടത്.

വിവരം നൽകുന്നവരുടെ വിശദാംശങ്ങൾ രഹസ്യമായി സൂക്ഷിക്കും. മാലിന്യങ്ങൾ അലക്ഷ്യമായി വലിച്ചെറിയുന്ന പ്രവണത ജനങ്ങൾ മാറ്റണമെന്നും ജില്ലയെ സമ്പൂർണ മാലിന്യമുക്ത ജില്ലയാക്കുന്നതിന് എല്ലാവിഭാഗം ജനങ്ങളും സഹകരിക്കണമെന്നും കലക്ടർ അഭ്യർഥിച്ചു. കൂടാതെ വിവരങ്ങളും ഫോട്ടോയും നേരിട്ടോ, തപാൽ, ഇ-മെയിൽ മുഖേനയും അറിയിക്കാം. ജൈവ-അജൈവ മാലിന്യങ്ങൾ തരംതിരിച്ചു സംസ്‌കരിക്കണം.

പൊതുസ്ഥലങ്ങളിൽ മാലിന്യം കത്തിക്കുന്നതു പരിസ്ഥിതിക്ക് ദോഷമുണ്ടാക്കുന്നതോടൊപ്പം കാൻസർ പോലുള്ള മാരകരോഗങ്ങൾക്കും കാരണമാകും. പൊതുസ്ഥലങ്ങളിലും സർക്കാർ ഓഫിസുകളിലും ശുചിത്വം പാലിക്കണം. വീടുകളിലെ ശുചിത്വബോധം പലരും പൊതുസ്ഥലത്തും തൊഴിലിടങ്ങളിലും കാണിക്കണം. നിയമലംഘനം ശ്രദ്ധയിൽപെട്ടാൽ ശുചിത്വ മിഷൻ ജില്ലാ കോ-ഓർഡിനേറ്റർ, ജില്ലാ പഞ്ചായത്ത് അനക്‌സ് കെട്ടിടം, വിദ്യാനഗർ പിഒ, കാസർകോട് -671123 വിലാസത്തിൽ പരാതികൾ അയയ്ക്കാം.

LEAVE A REPLY

Please enter your comment!
Please enter your name here