ഉപ്പള(www.mediavisionnews.in): പി.ഡി.പി എന്ന രാഷ്ട്രീയ പ്രസ്ഥാനം സമീപകാലത്ത് നേരിട്ടു കൊണ്ടിരിക്കുന്ന ആശയ ദാരിദ്രിയവും പി.ഡി.പി നേതാക്കളുടെ തെറ്റായ സമീപനങ്ങളിലും പ്രതിഷേധിച്ച് മഞ്ചേശ്വരം മണ്ഡലത്തിലെ പി.ഡി.പിയുടെ പ്രമുഖ നേതാവ് പാർട്ടി അംഗത്വം രാജിവെച്ചു. പി.ഡി.പി മഞ്ചേശ്വരം മണ്ഡലം മുൻ ജോയിന്റ് സെക്രട്ടറിയും പി.ഡി.പിയുടെ പ്രവാസി ഘടകമായ പി.സി.എഫിന്റെ നിലവിൽ മഞ്ചേശ്വരം മണ്ഡലം സെക്രട്ടറിയും കൂടിയായ അബ്ദുൽ ലത്തീഫാണ് രാജിവെച്ചത്.
നേതാക്കളുടെ സ്വജനപക്ഷപാതപരമായ നിലപാടാണ് രാജിയിലേക്ക് നയിക്കാൻ പ്രധാനകാരണമെന്നാണ് അബ്ദുൽ ലത്തീഫ് മീഡിയ വിഷനോട് പറഞ്ഞത്. ജയിലിൽ കഴിയുന്ന അബ്ദുൽ നാസർ മഅദനിയുടെ പേരിൽ പിരിവ് നടത്തി നേതാക്കൾ സുഖിക്കുകയാണെന്നും നിലപാടില്ലാതെ കേവലം കടലാസ് സംഘടനയായി പി.ഡി.പി മാറിയെന്നും അദ്ധേഹം പറഞ്ഞു.
കാസർകോട് ജില്ലാ നേതൃത്വത്തിന്റേത് ധിക്കാരപരമായ നിലപാടാണ്. പാർട്ടിയുടെ വനിതാ വിഭാഗമായ വിമൻസ് ഇന്ത്യ മൂവ്മെന്റിന്റെ നേതൃത്വത്തിൽ മഅദനി നീതി നിഷേധത്തിനെതിരെയുള്ള പരിപാടി സംഘടിപ്പിക്കാൻ സംസ്ഥാന കമ്മിറ്റി ആഹ്വാനം ചെയ്ത പരിപാടികൾ നടത്താതെ തോന്നിവാസികളായി ജില്ലാ നേതൃത്വം മാറിയെന്നും അബ്ദുൽ ലത്തീഫ് കുറ്റപ്പെടുത്തി.