ഗസക്കായി കെെകോര്‍ത്ത് ഖത്തറിലെ ജീവകാരുണ്യ സംഘടനകള്‍

0
210

ദോഹ(www.mediavisionnews.in):ദുരിതമനുഭവിക്കുന്ന ഗസയിലെ ജനതക്കായി ഖത്തറിലെ ജീവകാരുണ്യ, സന്നദ്ധ സംഘടനകള്‍ കൈകോര്‍ക്കുന്നു. ഒരു കോടി റിയാലിന്‍റെ വന്‍ സേവന പദ്ധതികളാണ് ഗസയില്‍ നടപ്പാക്കുക. ഗസയിലെ അഞ്ചു മേഖലകള്‍ കേന്ദ്രീകരിച്ചാണ് ആശ്വാസമെത്തിക്കുക.

‘ജീവിക്കാനനുയോജ്യമായ ഗസ’ എന്ന പേരിലാണ് ഖത്തറിലെ വിവിധ സംഘടനകള്‍ ഗസയില്‍ സഹായമെത്തിക്കുന്നത്. ഖത്തര്‍ റെഡ് ക്രസന്‍റ്, ഖത്തര്‍ ചാരിറ്റി, എജ്യുക്കേഷന്‍ എബൌ ഓള്‍, സിലാടെക് ഫൌണ്ടേഷന്‍ തുടങ്ങി സന്നദ്ധസംഘടനകള്‍ ചേര്‍ന്നാണ് പദ്ധതി തയ്യാറാക്കുന്നത്.

ഗസയുടെ ദീര്‍ഘകാല വികസനം ലക്ഷ്യമാക്കിയുള്ള പദ്ധതികള്‍ക്ക് ഒരു കോടി റിയാലാണ് സമാഹരിക്കുക. സ്ത്രീകള്‍, കുട്ടികള്‍, വയോധികര്‍, എന്നിവരുടെ സംരക്ഷണവും ഉപജീവനവും ഉറപ്പുവരുത്തുകയാണ് പരമപ്രധാന ലക്ഷ്യം.

കൂടാതെ യുവ സാമ്പത്തിക ശാക്തീകരണ പദ്ധതികള്‍ നടപ്പാക്കുക, ഗസ നിവാസികളെ ദാരിദ്ര്യത്തില്‍ നിന്നും മോചിതമാക്കുക എന്നീ ലക്ഷ്യങ്ങളും പദ്ധതിക്കുണ്ട്. ഖത്തര്‍ സന്നദ്ധ സംഘടനാ നിയന്ത്രണ അതോറിറ്റി ആര്‍.എ.സി.എ ആണ് പദ്ധതികളുടെ മേല്‍നോട്ട ചുമതല വഹിക്കുക.

20 ലക്ഷം ജനസംഖ്യയുള്ള ഗസയില്‍ പകുതി പേരും തൊഴിലില്ലാത്തവരാണ്. 65 ശതമാനം പേര്‍ ദാരിദ്ര്യരേഖയ്ക്ക് താഴെയാണ്. ഈ സാഹചര്യങ്ങള്‍ക്ക് ശാശ്വത പരിഹാരം കാണുകയാണ് സന്നദ്ധസംഘടനകളുടെ ലക്ഷ്യം. കഴിഞ്ഞ പത്ത് വര്‍ഷത്തിനിടയില്‍ ഗസയില്‍ 1462 ആശ്വാസ സേവന പദ്ധതികളാണ് ഖത്തറിലെ സന്നദ്ധസംഘടനകള്‍ നടപ്പാക്കിയത്.

LEAVE A REPLY

Please enter your comment!
Please enter your name here