കോഴിക്കോട്(www.mediavisionnews.in): മുസ്‌ലിം സ്ത്രീയുടെ പള്ളിപ്രവേശവുമായി ബന്ധപ്പെട്ട് രാഷ്ട്രീയ നേതാക്കള്‍ പ്രസ്താവന നടത്തുന്നത് ശരിയല്ലെന്നും മതനിയമങ്ങള്‍ സംബന്ധിച്ച വിധികള്‍ മതപണ്ഡിതന്മാരാണ് പറയേണ്ടതെന്നും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍ പറഞ്ഞു.
അതാത് മതങ്ങളുടെ ആചാരങ്ങളെ സംബന്ധിച്ച് പറയേണ്ടത് അതാത് മതപണ്ഡിതരാണ്. സ്ത്രീകള്‍ക്ക് ശബരിമലയില്‍ പ്രവേശിക്കാന്‍ പാടില്ല. ഹിന്ദു മത വിശ്വാസമാണത്. അതിനെ സംബന്ധിച്ച് അവിശ്വാസികളും ഇതര മതസ്ഥരും അഭിപ്രായം പറയുന്നത് അനുചിതമാണ്. തങ്ങള്‍ പറഞ്ഞു.
സ്ത്രീ പള്ളി പ്രവേശനവുമായി ബന്ധപ്പെട്ടുയര്‍ത്തുന്ന വിവാദങ്ങള്‍ വസ്തുതാവിരുദ്ധമാണ്. സ്ത്രീകളുടെ പ്രകൃതിക്കനുയോജ്യമായി ചില ഇളവുകള്‍ ഇസ്ലാം പ്രഖ്യാപിച്ചിട്ടുണ്ട്. അതില്‍ പെട്ടതാണ് സ്ത്രീകള്‍ പള്ളിയില്‍ പോയി ആരാധിക്കേണ്ടതില്ല എന്ന നിയമം. സ്ത്രീ സ്വന്തം വീട്ടില്‍ നിന്ന് പ്രാര്‍ത്ഥിച്ചാല്‍ തന്നെ പള്ളിയില്‍ പോയി ആരാധിക്കുന്ന പുണ്യം അവള്‍ക്ക് കിട്ടും. സാഹചര്യം പ്രതികൂലമാണെങ്കില്‍ സ്ത്രീ സുരക്ഷയുമായി ബന്ധപ്പെട്ട നിയമമെന്ന നിലയില്‍ പള്ളിയില്‍ പോകുന്നതിന് ഇസ്ലാം വിലക്കേര്‍പ്പെടുത്തുകയും ചെയ്യുന്നു. സ്തുത ഇതായിരിക്കേ ഇസ്ലമിക ആചാരങ്ങളെ വിവാദങ്ങളിലേക്ക് വലിച്ചിഴക്കുന്നത് അവസാനിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു.