കോഴിക്കോട്(www.mediavisionnews.in): ഇന്ത്യയുടെ പരമോന്നത കോടതിയില്‍ നിന്ന് സമീപ നാളുകളില്‍ ഉണ്ടായ ചില വിധി പ്രസ്താവങ്ങള്‍ സാമൂഹിക സുരക്ഷിതത്വത്തിന് ഭീഷണി ഉയര്‍ത്തുന്നതും മത താത്പര്യങ്ങളെ ഹനിക്കുന്നതുമാണെന്ന് സമസ്ത കേരള ജംഇയ്യതുല്‍ ഉലമ മുശാവറ അഭിപ്രായപ്പെട്ടു. പൗരന്മാരുടെ സുരക്ഷിതത്വം ഉറപ്പാക്കുകയാണ് ഭരണകൂടത്തിന്റെയും ഭരണഘടനാ സ്ഥാപനങ്ങളുടെയും ചുമതല. തലമുറകളായി സമൂഹം സൂക്ഷിച്ചു വരുന്ന സദാചാര നിഷ്ഠകള്‍ക്ക് ഭംഗംവരുന്നത് സാമൂഹിക സുരക്ഷിതത്വം അപകടത്തിലാക്കും. പൗരസ്വാതന്ത്ര്യവും വ്യക്തിസ്വാതന്ത്ര്യവും പ്രധാനമായിരിക്കുമ്പോഴും നാട്ടില്‍ അരാജകത്വം സൃഷ്ടിക്കാന്‍ വഴിയൊരുക്കുന്ന വിധം വിധി പ്രസ്താവങ്ങള്‍ ഉണ്ടാകുന്നത് ആത്യന്തികമായി ശിഥിലപ്പെടുത്തുന്നത് രാഷ്ട്ര മൂല്യങ്ങളെയായിരിക്കും. പ്രകൃതിപരമായി തന്നെ തെറ്റാണെന്ന് സര്‍വാംഗീകൃതമായ സ്വവര്‍ഗരതി നിയമവിധേയമാക്കിയതിലൂടെ അരാജക സമൂഹത്തിന്റെ പിറവിക്കും അതുമൂലമുണ്ടാകുന്ന പ്രത്യാഘാതങ്ങള്‍ക്കും വഴി തുറന്നിരിക്കുകയാണ്. സാമൂഹിക ഭദ്രതക്ക് മുകളില്‍ വ്യക്തിസ്വാതന്ത്ര്യത്തെ പ്രതിഷ്ഠിക്കുന്നത് അരാജക വാദികള്‍ക്ക് അഴിഞ്ഞാടാന്‍ അവസരമൊരുക്കും.
മത വിശ്വാസ സംബന്ധമായ കേസുകളില്‍ തീര്‍പ്പ് കല്‍പ്പിക്കുന്നതിനു മുമ്പ് വിശ്വാസി സമൂഹത്തെയും അവരുടെ നേതൃത്വത്തെയും മുഖവിലക്കെടുക്കാന്‍ ഭരണഘടനാ സ്ഥാപനങ്ങള്‍ക്ക് കഴിയേണ്ടതാണ്. കുടുംബ ബന്ധങ്ങള്‍ക്ക് വലിയ പ്രാധാന്യവും മൂല്യവും നല്‍കുന്ന ഇന്ത്യന്‍ സമൂഹത്തിലെ കുടുംബ ബന്ധം തകരാന്‍ കാരണമാകുന്നതാണ് വിവാഹേതര ലൈംഗിക ബന്ധം അനുവദിക്കുന്നതിലൂടെ ഉണ്ടായിരിക്കുന്നത്. നല്ല കുടുംബമാണ് നല്ല സമൂഹത്തെ സൃഷ്ടിക്കുന്നത്.
സ്ത്രീകളുടെ ക്ഷേത്രപ്രവേശം, തുടങ്ങിയ വിഷയങ്ങളില്‍ മതസമൂഹങ്ങളെ പരിഗണിക്കാതെയുള്ള തീര്‍പ്പുകളും സമൂഹത്തില്‍ പ്രശ്‌ന കാലുഷ്യങ്ങള്‍ക്ക് കാരണമാകുന്നുണ്ട്. അതേസമയം, രാഷ്ട്രീയമായ മുതലെടുപ്പുകള്‍ക്കും വര്‍ഗീയമായ പ്രചാരണങ്ങള്‍ക്കും കോടതി വിധികളെ ചില ക്ഷുദ്ര ശക്തികള്‍ മറയാക്കുന്നത് അംഗീകരിക്കാനാകില്ല. വിശ്വാസി സമൂഹങ്ങളില്‍ വലിയ വേദനയുണ്ടാക്കിയ സമീപ നാളുകളിലെ വിധി പ്രസ്താവങ്ങള്‍ പുനഃപരിശോധിക്കാന്‍ പരമോന്നത കോടതി തയ്യാറാകണം. പ്രസിഡന്റ് ഇ സുലൈമാന്‍ മുസ്‌ലിയാര്‍ അധ്യക്ഷത വഹിച്ചു.
കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു. സയ്യിദ് ളിയാഉല്‍ മുസ്തഫ മാട്ടൂല്‍, സയ്യിദ് ഫള്ല്‍ കോയമ്മ എട്ടിക്കുളം, എ പി മുഹമ്മദ് മുസ്‌ലിയാര്‍ കാന്തപുരം, കെ പി മുഹമ്മദ് മുസ്‌ലിയാര്‍ കൊമ്പം, അബ്ബാസ് മുസ്‌ലിയാര്‍ കാസര്‍കോട് ചര്‍ച്ചയില്‍ പങ്കെടുത്തു. കെ കെ അഹമ്മദ്കുട്ടി മുസ്‌ലിയാര്‍, പി വി മുഹിയുദ്ദീന്‍കുട്ടി മുസ്‌ലിയാര്‍, എം അബ്ദുറഹ്മാന്‍ മുസ്‌ലിയാര്‍, വി പി എം ഫൈസി വില്യാപള്ളി, അബ്ദുല്ല മുസ്‌ലിയാര്‍, ഹംസ മുസ്‌ലിയാര്‍ മഞ്ഞപ്പറ്റ, അബ്ദുല്‍ ജലീല്‍ സഖാഫി ചെറുശ്ശോല, പൊന്മള മുഹിയിദ്ദീന്‍ കുട്ടി ബാഖവി, വണ്ടൂര്‍ അബ്ദുറഹ്മാന്‍ ഫൈസി, അസീസ് സഖാഫി വെള്ളയൂര്‍, ഇസ്സുദ്ദീന്‍ കാമില്‍ സഖാഫി, അബൂഹനീഫല്‍ ഫൈസി, മുഹമ്മദലി സഖാഫി തൃക്കരിപ്പൂര്‍, പി ഹസന്‍ മുസ്‌ലിയാര്‍ വയനാട് എന്നിവര്‍ പങ്കെടുത്തു. പേരോട് അബ്ദുറഹ്മാന്‍ സഖാഫി സ്വാഗതം പറഞ്ഞു.