കാസർകോട‌് ക്രിക്കറ്റ‌് സ‌്റ്റേഡിയം കൈയേറിയ സർക്കാർ ഭൂമി തിരിച്ചുപിടിക്കാൻ നടപടി

0
215

കാസർകോട്‌(www.mediavisionnews.in): കേരള ക്രിക്കറ്റ്‌ അസോസിയേഷന്‌ സ്‌റ്റേഡിയം നിർമിക്കാൻ ബേള വില്ലേജിലെ മാന്യയിൽ കൈയേറിയ സർക്കാർ ഭൂമി  തിരിച്ചുപിടിക്കാൻ റവന്യൂ വകുപ്പ്‌ നടപടി തുടങ്ങി. ഇതുസംബന്ധിച്ച വില്ലേജ്‌ ഓഫീസറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ നടപടി ആരംഭിച്ചതായി ശനിയാഴ്‌ച ചേർന്ന താലൂക്ക്‌ സഭയിൽ അധികൃതർ വ്യക്തമാക്കി. വില്ലേജ്‌ ഓഫീസർ സ്‌റ്റോപ്പ്‌ മെമ്മോ നൽകിയിട്ടുണ്ട്‌.

കഴിഞ്ഞമാസം ചേർന്ന താലൂക്ക്‌ സഭ യോഗത്തിൽ ഇതുസംബന്ധിച്ച നടപടി വ്യക്തമാക്കണമെന്ന്‌ സിപിഐ എം ഏരിയാ സെക്രട്ടറി കെ എ മുഹമ്മദ്‌ഹനീഫ  ആവശ്യപ്പെട്ടിരുന്നു.  ബേള വില്ലേജിലെ മാന്യയിൽ 32 സെന്റ്‌ സ്ഥലം കൈയേറിയതായി വില്ലേജ്‌ ഓഫീസർ െക എ നോയൽ റോഡ്രിഗ്‌സ്‌ തഹസിൽദാർക്ക്‌ റിപ്പോർട്ട്‌ നൽകിയിരുന്നു. താലൂക്ക്‌ സഭ യോഗത്തിൽ മൊഗ്രാൽ‐ പൂത്തൂർ പഞ്ചായത്ത്‌ പ്രസിഡന്റ്‌ എ എ ജലീൽ അധ്യക്ഷനായി.  ഡെപ്യൂട്ടി തഹസിൽദാർ പി പി ചാക്കോ, വിവിധ രാഷ്‌ട്രീയ പാർടി  പ്രതിനിധികൾ, ഉദ്യോഗസ്ഥർ എന്നിവർ സംസാരിച്ചു.
ക്രിക്കറ്റ്‌ സ്‌റ്റേഡിയം നിർമിക്കാൻ സ്ഥലം ഏറ്റെടുത്തതിൽ ക്രമക്കേട്‌ ഉണ്ടെന്നും അന്വേഷണം ആവശ്യപ്പെട്ടും സിപിഐ എം കാസർകോട്‌ ലോക്കൽ സെക്രട്ടറി എം കെ രവീന്ദ്രനാണ്‌  കലക്ടർക്ക്‌ പരാതി നൽകിയിരുന്നത്‌. ഇതേ തുടർന്നാണ്‌ റവന്യൂ വിഭാഗം അന്വേഷണം നടത്തിയത്‌.  സർവേ നമ്പർ 584ലുള്ള സ്‌റ്റേഡിയം ഉൾപ്പെടുന്ന ഭൂമി പട്ടികവർഗ വിഭാഗക്കാരുടെ കൈവശമുണ്ടായിരുന്നതാണ്‌.  അതിനാൽ  ഈ സ്ഥലം കൈമാറ്റം ചെയ്യണമെങ്കിൽ കലക്ടറുടെ അനുമതി തേടണം. ഇത്‌  പാലിക്കാതെ റിയൽ എസ്‌റ്റേറ്റ്‌ മാഫിയ ചുളുവിലയ്‌ക്ക്‌  ഭൂമി വാങ്ങി  കെസിഎയ്‌ക്ക്‌ വിൽക്കുകയായിരുന്നു. സ്‌റ്റേഡിയത്തിന്‌ നടുവിലൂടെ ഒഴുകിയിരുന്ന തോട്‌ ഗതിമാറ്റിയതായും റവന്യു വകുപ്പ്‌ കണ്ടെത്തിയിരുന്നു.  തോട്‌ കടന്നുപോകുന്ന 32 സെന്റ്‌ ഭൂമി വാങ്ങുമ്പോൾ  നിയമോപദേശം തേടുകയോ  ഭൂമി വിൽപന  നിയമങ്ങളോ പാലിച്ചില്ലെന്ന്‌ കെസിഎ നിയോഗിച്ച അന്വേഷണകമ്മിറ്റിയും റിപ്പോർട്ട്‌ നൽകിയിരുന്നു.
കെസിഎയുടെ ഇന്നത്തെ ട്രഷററും അന്നത്തെ സ്ഥിരം ക്ഷണിതാവുമായിരുന്ന കെ എം അബ്ദുൾറഹ്മാൻ ഉൾപ്പെടുന്ന അഞ്ചംഗ കമ്മിറ്റിയാണ്‌ റിപ്പോർട്ട്‌ തയ്യാറാക്കി നൽകിയത്‌. ഈ റിപ്പോർട്ട്‌ ക്രിക്കറ്റ്‌ അസോസിയേഷൻ ഓംബുഡ്‌സ്‌മാൻ ജസ്‌റ്റിസ്‌ വി രാംകുമാറും ശരിവെച്ചിരുന്നു.
 പട്ടികവർഗക്കാരുടെ ഉടമസ്ഥതയിലുള്ള 8.46 ഏക്കർ സ്ഥലം സെന്റിന്‌ 20,000 രൂപയിൽ താഴെ നൽകിയാണ്‌ റിയൽ എസ്‌റ്റേറ്റ്‌ മാഫിയ വാങ്ങിയത്‌. ശേഷം സെന്റിന്‌ 54,000 രൂപ തോതിൽ കെസിഎയ്‌ക്ക്‌  മറിച്ചുവിറ്റു. സ്‌റ്റേഡിയം നിർമാണത്തിന്റെ മറവിൽ  കോടിക്കണക്കിന്‌ രൂപയുടെ തിരിമറിയാണ്‌ നടന്നത്‌.

 

LEAVE A REPLY

Please enter your comment!
Please enter your name here