ഉപ്പള ഗ്രുപ്പ് വില്ലേജ് അസൗകര്യങ്ങളിൽ വീർപ്പ് മുട്ടുന്നു

0
248

ഉപ്പള(www.mediavisionnews.in): ഉപ്പള, മംഗൽപാടി, കൊടിബയിൽ, മുളിഞ്ച എന്നീ നാല് വില്ലേജുകൾ ഉൾപ്പെടുന്ന ഉപ്പള ഗ്രുപ് വില്ലേജ് അസൗകര്യങ്ങളിൽ വീർപ് മുട്ടുന്നു. നാല് വില്ലേജ് ഓഫീസർമാരും അനുബന്ധ ജീവനക്കാരും ചെയ്യേണ്ട ജോലിയാണ് ഒരു ഓഫിസറും ചുരുങ്ങിയ ജീവനക്കാരും ചെയ്തു തീർക്കുന്നത്.

നാടിന്റെ വികസനം മുരടിക്കാൻ പ്രധാന കാരണം ഗ്രുപ് വില്ലേജുകളാണ്. കാസറഗോഡ് ജില്ലയിൽ ഏകദേശം 127 വില്ലേജുകൾ ഉണ്ടെങ്കിലും ഏകദേശം 83 ഓഫിസുകൾ മാത്രമാണുള്ളത്. ബാക്കിയുള്ള ഓരോന്നും മറ്റു ഓഫിസുകളിൽ തിരുകികയറ്റിയ നിലയിലാണ്.

ഗ്രുപ് വില്ലേജുകൾ ഒഴിവാക്കാതിരുന്നാൽ അധിക തസ്തിക സൃഷ്ടിക്കാതെ സർക്കാരിന് പണം ലാഭിക്കാം. പക്ഷെ ജീവനക്കാർക്കു ജോലിഭാരവും, ജനങ്ങൾക്ക് ഏറെ ബുദ്ധിമുട്ടുമാണ്. ചെറിയ ആവശ്യത്തിന് പോലും കിലോമീറ്ററുകൾ താണ്ടിയാണിപ്പോൾ ജനങ്ങൾ ഇവിടെയെത്തുന്നത്. ജോലി ഭാരത്താൽ ചിലപ്പോൾ സർട്ടിഫിക്കറ്റുകൾ പോലും നൽകാൻ കഴിയാതാവുമ്പോൾ ജനങ്ങൾ വീണ്ടും ഓഫിസ് കയറിയിറങ്ങണം.

കാസർകോഡിന്റെ വികസന പിന്നോക്കാവസ്ഥക്ക് പരിഹാരം കാണാൻ സർക്കാർ നിയോഗിച്ച ഡോക്ടർ പ്രഭാകരൻ കമ്മീഷൻ സമർപ്പിച്ച റിപ്പോർട്ടിൽ പറഞ്ഞത് കാസറഗോഡ് ജില്ലയിലാണ് ഏറ്റവും കൂടുതൽ ഗ്രുപ് വില്ലേജുള്ളതെന്നും, ഇതിൽ മഞ്ചേശ്വരത്താണ് കൂടുതലുള്ളത് എന്നുമാണ്.

നയാബസാറിലെ വില്ലേജ് ഓഫിസിലേക്ക് കടക്കാനുള്ളത് ഇടുങ്ങിയ ഒരു വഴിയാണ്. പത്തോ പതിനഞ്ചോ ആളുകൾ ഒന്നിച്ചു വന്നാൽ നിന്ന് തിരിയാൻ പോലും ഓഫിസിൽ ഇടമില്ല. കാലപ്പഴക്കത്താൽ സീലിംഗുകൾ ഇടിഞ്ഞു വീഴാൻ തുടങ്ങിയിട്ട് കാലമേറെയായി. ഒരു ഫാൻ മുമ്പ് ഇടിഞ്ഞു താഴെവീണിരുന്നു. ഏതാനും വർഷം മുമ്പ് ഓഫീസിനകത്തേക്ക് മഴവെള്ളം ഒലിച്ചിറങ്ങിയതിനാൽ തകര ഷീറ്റ് ഇട്ടിരുന്നു. കാടുമൂടിക്കിടക്കുന്ന, ഇഴജന്തുക്കൾ വരെയുള്ള പരിസരമാണ് വില്ലേജിനുള്ളത്. ഉപയോഗശൂന്യമായ ഒരു കിണറും ഇവിടെയുണ്ട്.

ഗ്രുപ്പ് വില്ലേജ് വിഭജിച്ചു തങ്ങളുടെ ജോലിഭാരം കുറക്കുകയും ,ജനങ്ങൾക്ക് അവർ അർഹിക്കുന്ന തരത്തിലുള്ള സേവനം ചെയ്തുകൊടുക്കാനുള്ള സാഹചര്യം നിലവിൽ വരുത്തണമെന്നു ജീവനക്കാർ പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here