ഖത്തര്‍ (www.mediavisionnews.in):ക്രെഡിറ്റ് റേറ്റിങ് ഏജന്‍സിയായ മൂഡീസ് ഇന്‍വെസ്റ്റേഴ്‌സ് സര്‍വീസിന്റെ ഏറ്റവും പുതിയ റേറ്റിങില്‍ വന്‍ കുതിപ്പാണ് ഖത്തര്‍ രേഖപ്പെടുത്തിയത്. ഗള്‍ഫ് പ്രതിസന്ധി തുടരുന്നതിനിടയിലുണ്ടായ ഈ മുന്നേറ്റം ഉപരോധ രാജ്യങ്ങളെ ഞെട്ടിച്ചിരിക്കുകയാണ്.
ഖത്തര്‍ ബാങ്കിങ് മേഖലയുടെ വളര്‍ച്ചയാണ് മൂഡീസിന്റെ റിപ്പോര്‍ട്ടിലൂടെ വ്യക്തമാകുന്നത്. 2017 ജൂണില്‍ ആരംഭിച്ച ഗള്‍ഫ് പ്രതിസന്ധിയിലും ഖത്തറിന്റെ സമ്പദ് വ്യവസ്ഥയും ബാങ്കിങ് മേഖലയും മികച്ച പ്രകടനം കാഴ്ചവെച്ചതിന്റെ തെളിവ് കൂടിയാണ് മൂഡീസ് റേറ്റിങ്.
ഇതോടൊപ്പം ഖത്തര്‍ സര്‍ക്കാറിനും Aa3 റേറ്റിങും നല്‍കിയിട്ടുണ്ട്. നേരത്തെ, അയല്‍ രാജ്യങ്ങളുടെ ഉപരോധത്തിന് പിന്നാലെ മൂഡീസിന്റെ റേറ്റിങില്‍ ഖത്തര്‍ സ്ഥിരതയില്‍ നിന്ന് നെഗറ്റീവ് റേറ്റിങിലേക്ക് താഴ്ന്നിരുന്നു. എന്നാല്‍ ഒറ്റ വര്‍ഷം കൊണ്ട് മികച്ച തിരിച്ചുവരവാണ് ഖത്തറിലെ ബാങ്കുകള്‍ നടത്തിയിരിക്കുന്നത്.
ഏറ്റവും പുതിയ റേറ്റിങില്‍ വീണ്ടും ഖത്തര്‍ ബാങ്കിങ് മേഖല സ്ഥിരതയിലേക്ക് തിരിച്ചെത്തി. 2017ല്‍ 1.6 ശതമാനമായിരുന്ന മൊത്ത ആഭ്യന്തര ഉല്‍പാദനത്തിലുള്ള വളര്‍ച്ച അടുത്ത നാല് വര്‍ഷം കൊണ്ട് 2.8 ശതമാനമായി ഉയരുമെന്നാണ് മൂഡീസിന്റെ കണക്കുകൂട്ടല്‍.
ഗള്‍ഫ് പ്രതിസന്ധിയില്‍ അയല്‍രാജ്യങ്ങളുടെയും ഈജിപ്തിന്റെയും ഉപരോധത്തെ തുടര്‍ന്ന് വിതരണ ശൃംഖലകളില്‍ തടസ്സങ്ങള്‍ നേരിട്ടെങ്കിലും അതിവേഗത്തില്‍ മറികടക്കാന്‍ സാധിച്ചതായി മൂഡീസ് സീനിയര്‍ ക്രെഡിറ്റ് ഓഫിസറും വൈസ് പ്രസിഡന്റുമായ നിതീഷ് ഭോജ്‌നഗര്‍വാല പറഞ്ഞു. ബാങ്കുകളുടെ വായ്പകളില്‍ സ്ഥിരത കൈവരിക്കാനും ഖത്തറിന് സാധിച്ചിട്ടുണ്ട്.