ഇനി അഞ്ചുനാള്‍ മാത്രം; വ്യാഴാഴ്ച മുതല്‍ യുഎഇയില്‍ ശക്തമായ പരിശോധന ആരംഭിക്കുമെന്ന് അധികൃതര്‍

0
225

അബുദാബി(www.mediavisionnews.in):അനധികൃത താമസക്കാര്‍ക്കായി യു.എ.ഇ പ്രഖ്യാപിച്ച പൊതുമാപ്പിന് ഇനി അഞ്ചു നാളുകള്‍ കൂടി. നിയമനടപടി പൂര്‍ത്തിയാക്കി എല്ലാ അനധികൃത കുടിയേറ്റക്കാരും ഈ മാസം 31നു മുമ്പ് രാജ്യം വിടണമെന്നാണ് അധികൃതര്‍ നല്‍കുന്ന മുന്നറിയിപ്പ്. ഓഗസ്റ്റ് ഒന്നിന് ആരംഭിച്ച പൊതുമാപ്പ് കാലാവധി ഒരു കാരണവശാലും ദീര്‍ഘിപ്പിക്കുകയില്ലെന്ന് അധികൃതര്‍ ഇതിനോടകം തന്നെ അറിയിച്ചിട്ടുണ്ട്.

പൊതുമാപ്പ് പൂര്‍ത്തിയാവുന്നതോടെ അനധികൃത താമസക്കാരെ കണ്ടെത്താന്‍ ശക്തമായ പരിശോധന ആരംഭിക്കുമെന്ന് താമസകാര്യ വകുപ്പ് അറിയിച്ചിട്ടുണ്ട്. പിടിക്കപ്പെടുന്നവര്‍ക്ക് ജയില്‍ ശിക്ഷയും കടുത്ത പിഴയും നാടുകടത്തലും ഉള്‍പ്പെടെയുള്ള ശിക്ഷ ലഭിക്കും.

പൊതുമാപ്പിന്റെ പ്രയോജനം ഇതുവരെ ഉപയോഗപ്പെടുത്താതെ രാജ്യത്ത് അനധികൃതമായി താമസിക്കുന്നവര്‍ ബാക്കിയുള്ള ഏതാനും ദിവസങ്ങള്‍ക്കകം ആനുകൂല്യം ഉപയോഗിക്കണമെന്ന് അധികൃതര്‍ അഭ്യര്‍ത്ഥിച്ചു. പുതിയ തൊഴില്‍ ലഭിച്ചവര്‍ക്ക് താമസം നിയമവിധേയമാക്കാം.

വിവിധ കാരണങ്ങളാല്‍ അനധികൃതമായി രാജ്യത്ത് തങ്ങിയവരുടെ ലക്ഷക്കണക്കിന് തുക വേണ്ടെന്നു വെച്ചാണ് യു.എ.ഇ പൊതുമാപ്പിന്റെ ആനുകൂല്യം അനുവദിച്ചിരിക്കുന്നത്. പുതിയ ജോലി കണ്ടെത്താനായി ആറു മാസത്തെ താല്‍ക്കാലിക വീസയും നല്‍കുന്നു എന്നതാണ് ഇത്തവണ പൊതുമാപ്പിന്റെ പ്രത്യേകത.

മറ്റു ജോലികളിലേക്ക് മാറാനും സൗകര്യം ഒരുക്കിയത് ആയിരങ്ങള്‍ക്ക് തുണയായി. ആയിരങ്ങള്‍ പൊതുമാപ്പ് പ്രയോജനപ്പെടുത്തി നാട്ടിലേക്ക് മടങ്ങിയിട്ടുണ്ട്. നിയമലംഘകര്‍ക്ക് ജോലിയോ അഭയമോ നല്‍കുന്നവര്‍ക്കും കടുത്ത ശിക്ഷയാകും കാത്തിരിക്കുന്നത്.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here