ഹെൽമെറ്റ് ധരിച്ചില്ലെങ്കില്‍ ഇനി ഫൈൻ വീട്ടിലെത്തും!

0
282

തിരുവനന്തപുരം(www.mediavisionnews.in): തലയ്ക്ക് പരിക്കേൽക്കുന്നത് മൂലമാണ് ഇരുചക്ര വാഹനാപകടങ്ങളിൽ കൂടുതൽ പേരും മരണമടയുന്നത്. ഇതിന് ഒരു പരിധി വരെ തടയിടാൻ ഹെൽമെറ്റിന് കഴിയും. എന്നാല്‍  പൊലീസിനെ ഭയന്നും പിഴയടയ്ക്കുന്നത് ഒഴിവാക്കാനുമൊക്കെയാണ് പലരും ഹെല്‍മറ്റ് ധരിക്കുന്നത്. പൊലീസിനെ കാണുമ്പോൾ മാത്രം ഹെൽമെറ്റ് ധരിക്കുന്നവരും അല്ലാത്തപ്പോള്‍ അത് ഊരിവച്ച് വാഹനം ഓടിക്കുന്നവരുമാണ് ഇരുചക്രവാഹന യാത്രികരിൽ ചിലരെങ്കിലും.

ഹെല്‍മെറ്റില്ലെങ്കിൽ ഇടറോഡുകളിലൂടെ പൊലീസിന്റെ കണ്ണുവെട്ടിച്ച് പായാന്‍ മിടുക്കരാണ് ചിലര്‍. എന്നാൽ ആ പരിപ്പ് ഇനി വേകില്ലെന്നാണ് അധികൃതര്‍ ഓര്‍മ്മിപ്പിക്കുന്നത്. നഗരങ്ങളിലെ ഇടവഴികളിലും ഊടുവഴികളിലും ഹെൽമറ്റ് തിരിച്ചറിയാൻ ശേഷിയുള്ള ക്യാമറകളുമായി പൊലീസ് വരുന്നു. ട്രാഫിക് നിയമപാലനം പൂർണമായും ഡിജിറ്റലൈസ് ചെയ്യുന്നതിന്റെ ഭാഗമായാണ് പുതിയ സംവിധാനം. പ്രധാനറോഡുകളിൽ മാത്രമല്ല, ഇടറോഡുകളിലും ഹെൽമറ്റ് വെക്കാത്തവരെ പിടികൂടുകയാണ് ഹെൽമറ്റ് ഡിറ്റക്ഷൻ ക്യാമറയുടെ ലക്ഷ്യം. നിലവിൽ വളവിലും തിരിവിലും മറഞ്ഞു നിന്ന് ബൈക്കുകൾ പിടികൂടുന്നതാണ് പൊലീസിന്റെ രീതി ഇതോടെ ഇല്ലാതാവും.

വാഹനങ്ങളുടെ നമ്പര്‍ പ്ലേറ്റ് തിരിച്ചറിയുന്ന ഓട്ടോമാറ്റിക് നമ്പര്‍ പ്ലേറ്റ് റെക്കഗ്നീഷന്‍ (എ.എന്‍.പി.ആര്‍.) ക്യാമറകള്‍ സ്ഥാപിക്കാന്‍ സര്‍ക്കാര്‍ തയ്യാറെടുക്കുന്നതായി കഴിഞ്ഞദിവസം വാര്‍ത്തകള്‍ വന്നിരുന്നു. ഗതാഗതനിയന്ത്രണത്തിന് നിയോഗിക്കുന്ന പൊലീസ് ഉദ്യോഗസ്ഥരുടെ എണ്ണം കുറയ്ക്കാനും ഗതാഗതനിയന്ത്രണം കൂടുതല്‍ കാര്യക്ഷമമാക്കാനും വാഹനാപകടനിരക്ക് കുറയ്‍ക്കാനുമൊക്കെ സഹായകമാകുന്ന ഈ പുതിയ പദ്ധതിയുടെ ഭാഗമാണ് ഹെല്‍മറ്റ് ധരിക്കാത്തവരെ പിടികൂടുന്ന ക്യാമറകളും.

180 കോടി രൂപ ചെലവിട്ട് പൊതു-സ്വകാര്യ പങ്കാളിത്തത്തോടെയാണ് സര്‍ക്കാര്‍ ഈ പദ്ധതി നടപ്പിലാക്കുന്നത്. ഇതുസംബന്ധിച്ച്‌ കഴിഞ്ഞ വര്‍ഷം സംസ്ഥാന പൊലീസ് മേധാവി സര്‍ക്കാരിന് പദ്ധതിരേഖ സമര്‍പ്പിച്ചിരുന്നു. ഇതിന്‍റെ തുടര്‍ച്ചയായി സേവനദാതാക്കളെ കണ്ടെത്തുന്നതിന് ടെന്‍ഡറിനുള്ള അനുമതിനല്‍കി.

റോഡുകളുടെ അവസ്ഥ, റോഡുകളുടെ വിവരങ്ങള്‍ തുടങ്ങിയവയും വാഹനയാത്രക്കാര്‍ക്ക് ലഭിക്കുന്ന തരത്തില്‍ പൂര്‍ണമായും ഡിജിറ്റലായ നിയന്ത്രണസംവിധാനമാണ് ഉദ്ദേശിക്കുന്നത്. ഇതിനായി കേരള സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്‍ നോഡല്‍ ഏജന്‍സിയായി ഏഴംഗസംഘത്തെയും സര്‍ക്കാര്‍ നിയോഗിച്ചു.

ഈ ക്യാമറകള്‍ സ്ഥാപിക്കുന്നതിലൂടെ കുറ്റക്കാരെ കണ്ടെത്താനും ഗതാഗതനിയമം ലംഘിക്കുന്ന വാഹനങ്ങളുടെയും വിവരങ്ങള്‍ ഓട്ടോമാറ്റിക്കായി തന്നെ കേന്ദ്രീകൃത കണ്‍ട്രോള്‍ റൂമിലെത്താനും സഹായിക്കും.  പിഴയടയ്ക്കുന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ ഡിജിറ്റലാകും. പിഴയിനത്തില്‍ ലഭിക്കുന്ന തുക സര്‍ക്കാരുമായി പങ്കുവയ്ക്കണമെന്ന മാനദണ്ഡംകൂടി ഉള്‍പ്പെടുത്തുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here