സൗദി അറേബ്യയില്‍ ദിവസവും 1800 പ്രവാസികള്‍ക്ക് തൊഴില്‍ നഷ്ടപ്പെടുന്നു

0
208

റിയാദ്(www.mediavisionnews.in):കഴിഞ്ഞ ഒന്നരവര്‍ഷത്തെ കണക്കുകള്‍ പ്രകാരം സൗദി അറേബ്യയില്‍ മാസം ശരാശരി 55,000 വിദേശികളാണ് തൊഴില്‍ നഷ്ടപ്പെട്ട് മാതൃരാജ്യങ്ങളിലേക്ക് മടങ്ങുന്നതെന്ന് സൗദി ജനറല്‍ സ്റ്റാറ്റിസ്റ്റിക്‌സ് അതോറിറ്റിയുടെ കണക്കുകള്‍. ഒന്നര വര്‍ഷത്തിനിടെ 10 ലക്ഷം വിദേശ തൊഴിലാളികളാണ് സൗദി അറേബ്യയില്‍ തൊഴില്‍ നഷ്ടപ്പെട്ട് മാതൃരാജ്യങ്ങളിലേക്ക് മടങ്ങിയത്.

ഈ വര്‍ഷം ജൂണ്‍വരെ 5.24 ലക്ഷം വിദേശികള്‍ക്ക് തൊഴില്‍ നഷ്ടപ്പെട്ടു. ആദ്യപാദത്തില്‍ 2.34 ലക്ഷം തൊഴിലാളികള്‍ക്കും രണ്ടാം പാദത്തില്‍ 2.90 ലക്ഷം തൊഴിലാളികളുമാണ് സൗദി വിട്ടത്. കഴിഞ്ഞവര്‍ഷത്തെ അപേക്ഷിച്ച് ഈ വര്‍ഷം തൊഴില്‍ നഷ്ടപ്പെട്ടവരുടെ എണ്ണത്തില്‍ വര്‍ധനയുണ്ട്.

കഴിഞ്ഞവര്‍ഷം 12 മാസത്തിനിടെ 4.66 ലക്ഷം വിദേശികളാണ് രാജ്യം വിട്ടതെങ്കില്‍ ഈ വര്‍ഷം ആറു മാസത്തിനിടെ 5.25 ലക്ഷം തൊഴിലാളികള്‍ മാതൃരാജ്യങ്ങളിലേക്ക് മടങ്ങി. സ്വദേശിവത്കരണം, വനിതാവത്കരണം, ലെവി തുടങ്ങിയ പരിഷ്‌കരണങ്ങളാണ് വിദേശതൊഴിലാളികള്‍ക്ക് വന്‍തോതില്‍ തൊഴില്‍ നഷ്ടപ്പെടാന്‍ കാരണം.

12 ചെറുകിടഇടത്തരം വ്യാപാര മേഖലകളില്‍ പ്രഖ്യാപിച്ച സ്വദേശിവത്കരണത്തിന്റെ രണ്ടാംഘട്ടം ഈ മാസം പ്രാബല്യത്തില്‍ വരും. ഇതോടെ കൂടുതല്‍ വിദേശ തൊഴിലാളികള്‍ക്ക് തൊഴില്‍ നഷ്ടപ്പെടുമെന്നാണ് വിലയിരുത്തപ്പെടുന്നത്. അങ്ങനെയെങ്കില്‍ ദിവസവും 1800ല്‍ അധികം വിദേശികള്‍ക്ക് തൊഴില്‍ നഷ്ടപ്പെടുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ

LEAVE A REPLY

Please enter your comment!
Please enter your name here