കാസര്‍കോട്(www.mediavisionnews.in): ലൈസൻസില്ലാതെ സൈക്കിളോടിച്ചു എന്നാരോപിച്ച് ഇതര സംസ്ഥാനത്തൊഴിലാളിക്ക് 500 രൂപ പിഴയിട്ട സംഭവത്തിൽ എസ്.ഐക്ക് വീഴ്ച പറ്റിയെന്ന് കണ്ടെത്തല്‍. കാസര്‍കോട് നാര്‍കോട്ടിക് ഡിവൈഎസ്പി നടത്തിയ അന്വേഷണത്തിലാണ് പൊലീസിന്റെ വീഴ്ച സമ്മതിച്ചത്. കഴിഞ്ഞ ബുധനാഴ്ചയാണ് ഇതരസംസ്ഥാന തൊഴിലാളിയായ കാസിമില്‍ നിന്ന് ഹൈവേ പട്രോളിങ് എസ്.ഐ വാസുദേവന്‍ പിഴയിടാക്കിയത്.
ഉത്തര്‍പ്രദേശ് സ്വദേശിയായ കാസിം ഉപ്പളയിലാണ് താമസം. കെട്ടിടനിര്‍മാണ തൊഴിലാളിയാണ്. സൈക്കിളില്‍ വരുമ്പോള്‍ ഹൈവേ പൊലീസ് തടഞ്ഞ് നിര്‍ത്തി പിഴയിടാക്കിയെന്നായിരുന്നു കാസിമിന്റെ പരാതി. സൈക്കളിന്‍റെ ടയര്‍ പൊലീസ് കുത്തിക്കീറിയതായും പറയുന്നു.
സംഭവം വിവരിച്ചുകൊണ്ട് സമൂഹമാധ്യമങ്ങളില്‍ കാസിമിട്ട വീഡിയോ തരംഗമായതോടെ ജില്ലാ പൊലീസ് മേധാവി അന്വേഷണത്തിന് ഉത്തരവിട്ടു. നര്‍ക്കോകോട്ടിക് ഡിവൈഎസ്പി എന്‍.നന്ദന്‍ പിള്ള നടത്തിയ അന്വേഷണത്തിലാണ് പട്രോളിങ് എസ്.ഐക്ക് വീഴ്ചയുണ്ടായതായി കണ്ടെത്തിയത്. പണം വാങ്ങിയ ശേഷം പൊലീസ് നല്‍കിയ റസീപ്റ്റില്‍ ഒരു കാറിന്റെ നമ്പര്‍ രേഖപ്പെടുത്തിയിരുന്നു. ഇത് എസ്.ഐ താമസിക്കുന്ന വീട്ടുടമയുടെ വാഹനത്തിന്റെ നമ്പറാണെന്നും അന്വേഷണത്തില്‍ വ്യക്തമായി. ഇതോടെയാണ് വകുപ്പുതല അന്വേഷണത്തിന് എസ്.പി നിര്‍ദ്ദേശിച്ചത്.
ഈ അന്വേഷണത്തിലും വീഴ്ചയുണ്ടായതായി കണ്ടെത്തിയാല്‍ എസ്.ഐക്കെതിരെ വകുപ്പുതല നടപടിയുണ്ടാകും. ഒപ്പം പട്രോളിങ് സംഘത്തിലുണ്ടായിരുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെയും നടപടിക്ക് സാധ്യതയുണ്ട്.