സന്ദര്‍ശകരെ വീണ്ടും സ്വാഗതം ചെയ്ത് കണ്ണൂര്‍ വിമാനത്താവളം; ബുധനാഴ്ച മുതല്‍ നിയന്ത്രണങ്ങളോടെ പ്രവേശനം

0
234

കണ്ണൂര്‍ (www.mediavisionnews.in): കണ്ണൂര്‍ രാജ്യാന്ത വിമാനത്താവളത്തില്‍ ബുധനാഴ്ച മുതല്‍ സന്ദര്‍ശകര്‍ക്കു നിയന്ത്രണങ്ങളോടെ പ്രവേശനം അനുവദിക്കും. കസ്റ്റംസ്, എമിഗ്രേഷന്‍ വിഭാഗങ്ങളുടെ പരിശോധനയും യോഗങ്ങളും നടക്കുന്നതിനാല്‍ എട്ട്, ഒമ്പത് തീയതികളില്‍ വിമാനത്താവളത്തില്‍ പ്രവേശനം നിര്‍ത്തിവച്ചിരുന്നു. 10, 11 തീയതികളില്‍ കീഴല്ലൂര്‍ പഞ്ചായത്തിലെയും മട്ടന്നൂര്‍ നഗരസഭയിലെയും ആളുകള്‍ക്കും 12ന് സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കും മാത്രമായിരിക്കും പ്രവേശനം. മുഴുവനാളുകളും നിയന്ത്രണങ്ങളുമായി സഹകരിക്കണമെന്നു കിയാല്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍ അറിയിച്ചു.

സന്ദര്‍ശനം അനുവദിച്ച അഞ്ചു മുതല്‍ നിയന്ത്രണാതീതമായ ജനത്തിരക്കാണു വിമാനത്താവളത്തിലുണ്ടായത്. പൊതു അവധി ദിവസമായ ഞായറാഴ്ച മാത്രം വിമാനത്താവളം സന്ദര്‍ശിക്കാനെത്തിയത് ഒരു ലക്ഷത്തിലേറെ പേരാണ്. ഇത് വന്‍ ഗതാഗതക്കുരുക്കാണ് പ്രദേശത്ത് സൃഷ്ടിച്ചത്. മട്ടന്നൂര്‍-അഞ്ചരക്കണ്ടി റോഡ് വാഹനങ്ങളെ കൊണ്ടു നിറഞ്ഞു. മേലെചൊവ്വ മട്ടന്നൂര്‍ റോഡില്‍ നാഗവളവു മുതലും, ചക്കരക്കല്‍വിമാനത്താവളം റോഡില്‍ അഞ്ചരക്കണ്ടി മുതലും വാഹനങ്ങള്‍ കുരുങ്ങിക്കിടന്നു. മണിക്കൂറുകള്‍ റോഡില്‍ കുരുങ്ങി വിമാനത്താവള പരിസരത്ത് എത്തിയവര്‍ക്ക് വാഹനം പാര്‍ക്ക് ചെയ്യാന്‍ പോലും സ്ഥലമില്ലായിരുന്നു. ഇതേതുടര്‍ന്നാണ് സന്ദര്‍ശനത്തിന് നിയന്ത്രണങ്ങള്‍ കൊണ്ടുവന്നത്.

അതേസമയം, വിമാനത്താവളത്തിന്റെ ഉദ്ഘാടനം നടത്തുന്നതിന് ഒരുക്കങ്ങള്‍ തുടങ്ങി. സുരക്ഷാ ക്രമീകരണങ്ങള്‍ വിലയിരുത്താന്‍ കണ്ണൂര്‍ റേഞ്ച് ഐ.ജി. ബല്‍റാംകുമാര്‍ ഉപാധ്യായ വിമാനത്താവളം സന്ദര്‍ശിച്ചു. കിയാല്‍ അധികൃതരുമായി അദ്ദേഹം ചര്‍ച്ച നടത്തി. ഡിസംബര്‍ 9 നാണ് ഉദ്ഘാടനം.

LEAVE A REPLY

Please enter your comment!
Please enter your name here