ശബരിമലയില്‍ നാളെ നിരോധനാജ്ഞ: പ്രതിഷേധത്തെ ശക്തമായി നേരിടാനൊരുങ്ങി ജില്ലാഭരണകൂടം; അക്രമത്തിന് പിന്നില്‍ ആര്‍എസ്എസ് എന്ന് കടകംപള്ളി

0
235

പത്തനംതിട്ട (www.mediavisionnews.in): ശബരിമല സ്ത്രീ പ്രവേശന വിഷയവുമായി ബന്ധപ്പെട്ട് അക്രമം അഴിച്ചുവിടുന്നവര്‍ക്കെതിരേ ശക്തമായ നടപടിക്കുള്ള നീക്കവുമായി പത്തനംതിട്ട ജില്ലാ ഭരണകൂടം. ഇതിനായി ശബരിമലയിലെ നാലിടങ്ങളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഇലവുങ്കല്‍, സന്നിധാനം, പമ്പ, നിലയ്ക്കല്‍ എന്നിവടങ്ങളിലാണ് നാളെ ജില്ലാ കലക്ടര്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്. തീര്‍ത്ഥാടകര്‍ക്ക് നിരോധനാജ്ഞ ബാധകമായിരിക്കില്ല. ആവശ്യമെങ്കില്‍ നിരോധനാജ്ഞ നീട്ടുമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.

30 കിലോമീറ്റര്‍ പ്രദേശത്ത് പ്രതിഷേധങ്ങള്‍ അനുവദിക്കില്ല. പ്രതിഷേധം അക്രമാസക്തമായപ്പോള്‍ പൊലീസ് നേരത്തെ ലാത്തിച്ചാര്‍ജ് നടത്തിയിരുന്നു. അക്രമികള്‍ക്ക് നേരെ നടത്തിയ ലാത്തിച്ചാര്‍ജിനെ തുടര്‍ന്ന് ചിതറിയോടിയ പ്രതിഷേധക്കാര്‍ പിന്നീട് കൂട്ടം ചേര്‍ന്ന് നിന്ന് പൊലീസിന് നേരെ കല്ലെറിഞ്ഞിരുന്നു. ഇതിനിടയില്‍ മാധ്യമ പ്രവര്‍ത്തകരെ കയ്യേറ്റം ചെയ്യുകയും അക്രമിക്കുകയും ചെയ്തു.  വനിതകളുള്‍പ്പടെ എട്ട് മാധ്യമ പ്രവര്‍ത്തകര്‍ക്ക് അക്രമത്തില്‍ പരിക്കേറ്റു. ചാനലുകളുടെ ക്യാമറകളും മറ്റു ഉപകരണങ്ങളും പ്രതിഷേധക്കാര്‍ തകര്‍ത്തു. കല്ലേറില്‍ പൊലീസ് വാഹനങ്ങളും തകര്‍ന്നു.

അതേസമയം, നിലയ്ക്കലില്‍ അക്രമം നടത്തിയത് ആര്‍എസ്എസ് ആണെന്നും അക്രമം നടത്തിയതിന് ശേഷം അവര്‍ അത് അയ്യപ്പ ഭക്തരുടെ തലയില്‍ കെട്ടിവെക്കാന്‍ നോക്കുന്നുവെന്നും ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here