വളര്‍ത്തു നായ്ക്കള്‍ക്ക് ലൈസന്‍സ് എടുക്കാത്തവര്‍ക്കെതിരെ കര്‍ശന നടപടി, തെരുവ് നായ്ക്കളെ സംരക്ഷിക്കാന്‍ ഡോഗ് ഷെല്‍ട്ടറുകള്‍; പുതിയ മാര്‍ഗനിര്‍ദേശങ്ങളുമായി സര്‍ക്കാര്‍

0
260

കൊച്ചി(www.mediavisionnews.in): തെരുവ് നായ നിയന്ത്രണത്തിന് ഗ്രാമപഞ്ചായത്തുകള്‍ കര്‍ശന നടപടി സ്വീകരിക്കുന്നതിന് സര്‍ക്കാര്‍ മാഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു. തെരുവ് നായ വന്ധ്യംകരണത്തിനുള്ള നടപടി തദ്ദേശസ്ഥാപനങ്ങള്‍ ഉടന്‍ ആരംഭിക്കണം. ഇതിനായി കുടുംബശ്രീയുടെ എ. ബി. സി മൈക്രോ യൂണിറ്റുകളെ അടിയന്തരമായി ചുമതലപ്പെടുത്തണം. വളര്‍ത്തു നായ്ക്കളുടെയും തെരുവ് നായ്ക്കളുടെയും എണ്ണം രേഖപ്പെടുത്തുന്നതിന് ഇത്തരം യൂണിറ്റുകളെ ഉപയോഗിക്കണം. എ. ബി. സി പദ്ധതി മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പാലിച്ച് ഇതിനുള്ള തുക ചെലവഴിക്കണം.

പഞ്ചായത്തുകളില്‍ തെരുവ് നായ്ക്കളുടെ ശല്യം ഏറ്റവും രൂക്ഷമായ പ്രദേശങ്ങള്‍ വാര്‍ഡ് അംഗങ്ങളുടെ സഹായത്തോടെ കണ്ടെത്തി എ. ബി. സി പ്രോഗ്രാം യൂണിറ്റുകള്‍ക്ക് നല്‍കണം. പദ്ധതിയുടെ ഫലപ്രദമായ നടത്തിപ്പിന് പഞ്ചായത്ത് പ്രസിഡന്റ് അധ്യക്ഷനായ ഉപസമിതി രൂപീകരിച്ചിട്ടില്ലാത്ത തദ്ദേശസ്ഥാപനങ്ങള്‍ ഉടന്‍ രൂപീകരിക്കണം. ഉപസമിതി രണ്ടാഴ്ചയിലൊരിക്കല്‍ യോഗം ചേര്‍ന്ന് പദ്ധതി പുരോഗതി വിലയിരുത്തണമെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്.

തെരുവ് നായ്ക്കളുടെ ആക്രമണത്തില്‍ മരിക്കുന്നവര്‍ക്കും പരിക്കേല്‍ക്കുന്നവര്‍ക്കും നഷ്ടപരിഹാരം നല്‍കുന്നതിന് രൂപീകരിച്ച റിട്ട. ജസ്റ്റിസ് സിരിജഗന്‍ കമ്മിറ്റിക്കു മുന്നിലെത്തുന്ന പരാതികളില്‍ യഥാവിധി സത്യവാങ്മൂലം സമര്‍പ്പിക്കണം. ഗ്രാമപഞ്ചായത്തുകളുടെ വീഴ്ച കാരണം അനര്‍ഹര്‍ക്ക് നഷ്ടപരിഹാരം ലഭിക്കുന്ന സാഹചര്യമുണ്ടായാല്‍ ബന്ധപ്പെട്ടവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും. എല്ലാ മാസവും മൂന്നിനകം നടപടികളുടെ റിപ്പോര്‍ട്ട് പഞ്ചായത്ത് ഡയറക്ടറുടെ ഓഫീസില്‍ ഇതുമായി ബന്ധപ്പെട്ട സെക്ഷനിലെ ഇമെയില്‍ വിലാസത്തില്‍ (directorofpanchatatcsection@gmail.com) നല്‍കണമെന്ന് നിര്‍ദ്ദേശിച്ചിട്ടുണ്ട്.

തെരുവ് നായകളുടെ വര്‍ദ്ധനവിന് കാരണം പൊതുസ്ഥലങ്ങളില്‍ വലിച്ചെറിയുന്ന ഭക്ഷ്യവസ്തുക്കളും മാംസമാലിന്യങ്ങളുമാണ്. ഈ സാഹചര്യത്തില്‍ ഉറവിട മാലിന്യ സംസ്‌കരണവുമായി ബന്ധപ്പെട്ട നിയമങ്ങള്‍ കര്‍ശനമായി പാലിക്കാനും തെരുവോരങ്ങളില്‍ മാലിന്യം വലിച്ചെറിയുന്നത് ഒഴിവാക്കാനുമുള്ള പദ്ധതികള്‍ ശുചിത്വമിഷനുമായി കൂടിയാലോചിച്ച് അടിയന്തരമായി നടപ്പാക്കാനും നിര്‍ദ്ദേശിച്ചു. വളര്‍ത്തു നായ്ക്കള്‍ക്ക് ലൈസന്‍സ് എടുക്കാത്തവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. തെരുവ് നായ്ക്കളെ സംരക്ഷിക്കാന്‍ ഡോഗ് ഷെല്‍ട്ടറുകള്‍ ആരംഭിക്കാന്‍ താത്പര്യമുള്ള സംഘടനകള്‍ക്ക് വേണ്ട സഹായം പഞ്ചായത്തുകള്‍ നല്‍കണം.

റോഡുകളുടെ വശങ്ങളില്‍ മാലിന്യം നിക്ഷേപിക്കുന്നവരെ സന്നദ്ധ സംഘടനകള്‍, റസിഡന്റ്‌സ് അസോസിയേഷനുകള്‍, നാട്ടുകാര്‍ എന്നിവരുടെ സഹകരണത്തോടെ കണ്ടെത്തി ശിക്ഷാനടപടികള്‍ സ്വീകരിക്കണം. ഇതുസംബന്ധിച്ച രജിസ്റ്റര്‍ എല്ലാ പഞ്ചായത്തുകളും സൂക്ഷിക്കണം. ലൈസന്‍സോടെ പ്രവര്‍ത്തിക്കുന്ന അറവുശാലകളിലും കോഴിയിറച്ചി വില്‍പന ശാലകളിലും ഹോട്ടലുകളിലും റസ്റ്റോറന്റുകളിലും ഉറവിട മാലിന്യ സംസ്‌കരണത്തിന് സംവിധാനം ഒരുക്കിയിട്ടുണ്ടെന്ന് ഉറപ്പുവരുത്തണം. അല്ലാത്തവര്‍ക്ക് നോട്ടീസ് നല്‍കി ലൈസന്‍സ് റദ്ദാക്കണം. തെരുവ്‌നായ ശല്യം ഇല്ലാതാക്കുന്നതിനുള്ള പദ്ധതികള്‍ പഞ്ചായത്തുകള്‍ തനത്, പ്ലാന്‍ ഫണ്ട് ഉപയോഗിച്ച് ആവിഷ്‌കരിച്ച് നടപ്പാക്കണം. പ്രോജക്ടുകള്‍ തയ്യാറാക്കി ജില്ലാ ആസൂത്രണ സമിതിയുടെ അംഗീകാരത്തിന് സമര്‍പ്പിക്കാന്‍ കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here