ലൈസൻസില്ലാതെ വാഹനം ഓടിച്ചതിന് സൈക്കിൾ യാത്രക്കാരനു 500 രൂപ പിഴ

0
238

മംഗൽപ്പാടി(www.mediavisionnews.in): ലൈസൻസില്ലാതെ വാഹനം ഓടിച്ചതിനു ചുമത്തുന്ന പിഴ സൈക്കിൾ യാത്രക്കാരനായ ഇതര സംസ്ഥാന തൊഴിലാളിക്കും കിട്ടി. കുമ്പളയിലെ ഹൈവേ പൊലീസാണ് 500 രൂപ പിഴ ചുമത്തി രസീത് നൽകിയത്. ഉത്തർപ്രദേശ് സ്വദേശിയും മംഗൽപാടി കുക്കാറിൽ വാടക ക്വാർട്ടേഴ്‌സിൽ താമസിക്കുന്ന അബ്ദുല്ല ഷെയ്ഖിന്റെ മകൻ കാസിമി(26)നാണ് പിഴയിട്ടത്. രാവിലെ മംഗൽപാടി ഗവ.ഹയർസെക്കൻഡറി സ്‌കൂളിനടുത്ത് ദേശീയപാതയിലാണ് സംഭവം. സൈക്കിളിൽ അമിതവേഗത്തിൽ വരുമ്പോഴാണ് 2000 രൂപ പിഴയടയ്ക്കാൻ പൊലീസ് ആവശ്യപ്പെട്ടതെന്നു കാസിം പറഞ്ഞു.

പണമില്ലെന്നു പറഞ്ഞപ്പോൾ 500 രൂപയിൽ ഒതുക്കി. ഒടുവിൽ പണവും വാങ്ങി രസീതും നൽകി. എന്നാൽ പൊലീസ് നൽകിയ രസീതിൽ കെഎൽ 14 ക്യൂ 7874 എന്ന നമ്പർ ആണ് രേഖപ്പെടുത്തിയിട്ടുള്ളത്. ഇതു മറ്റൊരാളുടെ പേരിലുള്ള ഇരുചക്രവാഹനമാണ്. സ്‌കൂട്ടർ യാത്രക്കാരനാണ് പിഴ നൽകിയതെന്നും മറിച്ചുള്ള പ്രചാരണം തെറ്റാണെന്നും ഹൈവേ പൊലീസ് അധികൃതർ പറഞ്ഞു. സൈക്കിൾ യാത്രക്കാരനിൽ നിന്നു പിഴ ഈടാക്കിയെന്ന സംഭവം ശ്രദ്ധയിൽപെട്ടിട്ടുണ്ടെന്നും ഇതേക്കുറിച്ച് റിപ്പോർട്ട് നൽകാൻ നിർദേശിച്ചിട്ടുണ്ടെന്നും ജില്ലാ പൊലീസ് മേധാവി ഡോ.എ.ശ്രീനിവാസ് അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here