മഞ്ചേശ്വരം (www.mediavisionnews.in): ജില്ലയിലെ തീരദേശ മേഖലയുടെ വികസനത്തിന് ആക്കംകൂട്ടുന്ന മഞ്ചേശ്വരം തുറമുഖത്തിന്റെ നിര്‍മാണ പ്രവൃത്തി അവസാനഘട്ടത്തില്‍. ആറുമാസത്തിനകം നിര്‍മാണം പൂര്‍ത്തിയാക്കി തുറന്നുകൊടുക്കാനാകുമെന്ന് പി.ബി.അബ്ദുള്‍ റസാഖ് എംഎല്‍എ പറഞ്ഞു. കഴിഞ്ഞ യുഡിഎഫ് സര്‍ക്കാറിന്റെ കാലത്താണ് മഞ്ചേശ്വരം തുറമുഖത്തിന്റെ നിര്‍മാണ പ്രവൃത്തിക്ക് തുടക്കം കുറിച്ചത്.
2013ല്‍ പദ്ധതിക്ക് അംഗീകാരം ലഭിക്കുകയും 2014 ഫെബ്രുവരി 20ന് മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ ചാണ്ടി തുറമുഖത്തിന്റെ നിര്‍മാണ പ്രവൃത്തിയുടെ ഉദ്ഘാടനം നിര്‍വഹിച്ചിരുന്നു. 48.8 കോടി രൂപയാണ് ആദ്യഘട്ടത്തില്‍ കണക്കാക്കിയിരുന്നത്. ഇതില്‍ 75 ശതമാനം കേന്ദ്രാവിഷ്കൃത ഫണ്ടും 25 ശതമാനം സംസ്ഥാന ഫണ്ടുമാണ്. മഞ്ചേശ്വരം, മംഗല്പാടി പഞ്ചായത്തുകളിലെ 16 ഹെക്ടര്‍ സ്ഥലത്താണ് ജില്ലയിലെ മൂന്നാമത്തെ തുറമുഖം ഉദ്ഘാടനത്തിനൊരുങ്ങുന്നത്.
നാലായിരത്തോളം മത്സ്യത്തൊഴിലാളികള്‍ക്ക് പ്രത്യക്ഷമായി വര്‍ഷത്തില്‍ 300 ദിവസം ജോലി ലഭിക്കാനുള്ള സംവിധാനമുണ്ടെന്ന് ഹാര്‍ബര്‍ വിഭാഗം അസി. എക്സിക്യൂട്ടീവ് എന്‍ജിനിയര്‍ പറഞ്ഞു.
മംഗളൂരുവിലെ പണമ്പൂർ മുതല്‍ കാഞ്ഞങ്ങാട് വരേയുള്ള ആയിരകണക്കിന് മത്സ്യത്തൊഴിലാളികള്‍ തുറമുഖം ഉദ്ഘാടനത്തിന് മുൻപേ ഇവിടെയെത്തി മത്സ്യബന്ധനം നടത്തിവരുന്നുണ്ട്. 530 മീറ്റര്‍ നീളത്തില്‍ വടക്കേപുലിമുട്ടും 490 മീറ്റര്‍ നീളത്തില്‍ തെക്കേപുലിമുട്ടും 100 മീറ്ററില്‍ ജെട്ടിയും 71,000 ഘനമീറ്റര്‍ മണ്ണ് നീക്കി റിക്ലമേഷന്‍ ഡ്രഡ്ജിംഗും പൂര്‍ത്തിയായിട്ടുണ്ട്. കടമുറികള്‍, ലേലപ്പുര, വര്‍ക്ക്ഷോപ്പ്, ലോഡിംഗ് ഏരിയ, കാന്റീന്, വിശ്രമമുറി, നെറ്റ്മെന്റിംഗ് ഷെഡ്, ശൗചാലയങ്ങള്‍ എന്നിവയുടെ നിര്‍മാണം, ഗ്രീന്‍ബെല്‍റ്റ് പൂര്‍ത്തീകരിച്ചിട്ടുണ്ട്. തുറമുഖത്തിന്റെ 90 ശതമാനം നിര്‍മാണ പ്രവൃത്തിയും പൂര്‍ത്തീകരിച്ചിട്ടുണ്ട്.
പദ്ധതിയുടെ ഭാഗമായുള്ള ചുറ്റുമതില്‍ പുരോഗമിച്ചുവരുന്നു. ഗേറ്റ്, ഗേറ്റ് ഹൗസ്, ശുദ്ധജല വിതരണ സംവിധാനം, വൈദ്യുതീകരണം എന്നിവ ഉടനടി പൂര്‍ത്തീകരിച്ച് ആറുമാസത്തിനകം തുറമുഖം ഉദ്ഘാടന സജ്ജമാകും. ദേശീയപാതയുടെ അരികിലായി സ്ഥിതിചെയ്യുന്ന മഞ്ചേശ്വരം മത്സ്യബന്ധന തുറമുഖ അനന്തസാധ്യതകളാണ് വിളിച്ചോതുന്നത്. പൂനെ ആസ്ഥാനമായുള്ള സിഡബ്ലുപിആര്എസാണ് ഇതിന്റെ മാതൃകാപഠനം നടത്തിയത്. 14.7 കോടി രൂപ ചെലവില്‍ വടക്കേപുലിമുട്ട് നീളം കൂട്ടുന്നതിന് അംഗീകാരം ലഭിച്ചു.
ടെന്‍ഡര്‍ നടപടി ഉടനടി പൂര്‍ത്തീകരിക്കും. 16.7 കോടി രൂപ ചെലവില്‍ അഴിമുഖപാലം നിര്‍മാണത്തിന് അനുമതി ലഭിച്ചിട്ടുണ്ട്. കാസര്‍ഗോഡ് പാക്കേജിലാണ് ഇതിനുള്ള ഫണ്ട് വകയിരുത്തിയത്.
താമസിയാതെ ടെന്‍ഡര്‍ നടപടി പൂര്‍ത്തിയാക്കി മറ്റു നിര്‍മാണ പ്രവൃത്തികള്‍ ആരംഭിക്കുമെന്ന് അസി. എക്സിക്യൂട്ടീവ് എന്‍ജിനിയര്‍ പറഞ്ഞു. മൊത്തം 79.8 കോടി രൂപയാണ് ചെലവ് കണക്കാക്കുന്നത്. മഞ്ചേശ്വരം, കുമ്പള, മംഗല്പാടി, സൗത്ത് കനറ ജില്ലയിലെ ഉള്ളാള്‍, പണമ്പൂർ തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നുള്ള മത്സ്യബന്ധന ബോട്ടുകള്‍ക്ക് ഇവിടെ നിന്ന് മത്സ്യബന്ധനം നടത്താന്‍ സാധിക്കും. പ്രളയംമൂലം കേരളത്തിന്റെ ഇതര ഭാഗങ്ങളില്‍ മത്സ്യബന്ധനം നടത്താന്‍ കഴിയാതിരുന്ന സമയത്ത് മഞ്ചേശ്വരം തുറമുഖ പരിസരത്തെത്തിയ വിവിധ സ്ഥലങ്ങളിലെ തൊഴിലാളികള്‍ ലക്ഷക്കണക്കിന് രൂപയുടെ മത്സ്യബന്ധനമാണ് നടത്തിയത്.
2015ലാണ് നിര്‍മാണം ആരംഭിച്ചത്. നിര്‍മാണ പ്രവൃത്തി അവസാനഘട്ടത്തിലെത്തിയതോടെ പാലവും മറ്റ് അനുബന്ധ നിര്‍മാണ പ്രവൃത്തികളും പൂര്‍ത്തിയാക്കി ആറു മാസത്തിനുള്ളില്‍ തുറന്നുകൊടുക്കാനുള്ള സംവിധാനമാണ് ഒരുക്കുന്നത്. ജില്ലയില്‍ നിര്‍മാണം പൂര്‍ത്തിയാകുന്ന മൂന്നാമത്തെ തുറമുഖമാണിത്. ചെറുവത്തൂര്‍, കാസര്‍ഗോഡ് എന്നിവയാണ് മറ്റു തുറമുഖങ്ങള്‍.