കോഴിക്കോട് (www.mediavisionnews.in): സിപിഎം മുഖപത്രമായ ദേശാഭിമാനി പ്രധാനമന്ത്രിയെ മഹത്വവല്‍ക്കരിക്കുന്ന ഫുള്‍പേജ് പരസ്യം ഒന്നാം പേജില്‍ നല്‍കിയത് മോദി ഭക്തിമൂലമാണെന്ന വിമര്‍ശനവുമായി മുസ്ലീം ലീഗ് മുഖപത്രമായ ചന്ദ്രിക. മോദിയുടെ ഫുള്‍പേജ് പരസ്യം ഒന്നാം പേജില്‍ പ്രസിദ്ധീകരിക്കണമെന്ന കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം മലയാളത്തിലെ മുഖ്യധാരാ പത്രങ്ങള്‍ തള്ളിയപ്പോള്‍ മോദി ഭക്തിയില്‍ വിട്ടുവീഴ്ചയില്ലാതെ ദേശാഭിമാനി ഇതു സ്വീകരിക്കുകയായിരുന്നുവെന്നാണ് ചന്ദ്രികയുടെ ആരോപണം. ‘ഡയറക്ടറേറ്റ് ഓഫ് അഡ്വര്‍ടൈസിങ് ആന്റ് വിഷ്വല്‍ പബ്ലിസിറ്റി’ മുന്‍പേജില്‍ തന്നെ നല്‍കണമെന്നാവശ്യപ്പെട്ട് അയച്ച ഫുള്‍പേജ് പരസ്യം മലയാള മനോരമ, മാതൃഭൂമി, ചന്ദ്രിക, മാധ്യമം, കേരള കൗമുദി തുടങ്ങിയ മുന്‍നിര പത്രങ്ങള്‍ ഉള്‍പേജുകളിലോ അവസാന പേജിലോ മാത്രം പ്രസിദ്ധീകരിച്ചപ്പോള്‍ ദേശാഭിമാനി, കാന്തപുരം വിഭാഗത്തിന്റെ സിറാജ്, മംഗളം, വീക്ഷണം, ജന്മഭൂമി എന്നിവ മാത്രമാണ് മോദിയുടെ വര്‍ണപ്പരസ്യം കൊണ്ട് ഒന്നാംപേജ് നല്‍കിയത്.
ചില എഡിഷനുകളില്‍ ഉള്‍പേജുകളില്‍ കളര്‍ ഇല്ലാത്ത ‘വീക്ഷണം’ പരസ്യം ഒന്നാം പേജില്‍ പ്രസിദ്ധീകരിക്കാന്‍ നിര്‍ബന്ധിതരായപ്പോള്‍ ഉള്‍പേജില്‍ കളര്‍ ഉണ്ടായിട്ടും ദേശാഭിമാനിയും സിറാജും മംഗളവും ഒന്നാം പേജ് ‘മോദി മഹത്വ’ത്തിന് സമ്മാനിക്കുകയായിരുന്നുവെന്ന് ചന്ദ്രിക ആരോപിക്കുന്നു.
ഐക്യരാഷ്ട്ര സഭയുടെ പരിസ്ഥിതി പുരസ്‌കാരത്തിന് ഇന്ത്യന്‍ പ്രധാനമന്ത്രിയെ തെരഞ്ഞെടുത്ത കാര്യം കൊട്ടിഘോഷിച്ച് ആഘോഷിക്കാന്‍ വേണ്ടിയാണ് കേന്ദ്ര സര്‍ക്കാര്‍ ‘ചാമ്പ്യന്‍സ് ഓഫ് എര്‍ത്ത്’ എന്ന പരസ്യം നല്‍കിയത്. 50 സെ.മീ നീളവും 33 സെ.മീ വീതിയുമുള്ള പരസ്യം തിയ്യതി, പത്രത്തിന്റെ പേര്, പ്രസിദ്ധീകരണ സ്ഥലം എന്നിവ ഉള്‍പ്പെടുന്ന പേജില്‍ നല്‍കണമെന്നാണ് പ്രധാന നിര്‍ദേശം. പരസ്യത്തിനൊപ്പം നല്‍കുന്ന റിലീസിങ് ഓര്‍ഡറിലെ അവസാന വരിയില്‍ പ്രാദേശിക പത്രങ്ങള്‍ ഒന്നാം പേജില്‍ ഈ പരസ്യം പ്രസിദ്ധീകരിക്കണമെന്ന നിര്‍ദേശമുണ്ട്. മലയാളത്തിലെ മിക്ക പത്രങ്ങളും ഈ നിര്‍ദേശം അവഗണിച്ചു. മാതൃഭൂമി മൂന്നാം പേജിലും മലയാള മനോരമ അഞ്ചാം പേജിലും ചന്ദ്രിക, മാധ്യമം, കേരള കൗമുദി എന്നീ പത്രങ്ങള്‍ അവസാന പേജിലുമാണ് പ്രസിദ്ധീകരിച്ചത്.
അതേസമയം, ദേശാഭിമാനിയും സിറാജും മറ്റും മോദിഭക്തി പ്രകടിപ്പിക്കാനുള്ള അവസരമായി ഇതിനെ കാണുകയായിരുന്നു. ഒന്നാം പേജില്‍ വന്‍പ്രാധാന്യത്തോടെ പരസ്യം പ്രസിദ്ധീകരിച്ചതിനു പുറമെ, പത്രത്തിന്റെ ‘യഥാര്‍ത്ഥ’ ഒന്നാംപേജ് എന്നു തോന്നിക്കുന്ന മൂന്നാം പേജില്‍ ഡല്‍ഹിയില്‍ ഇന്നലെ നടന്ന കര്‍ഷക സമരത്തെ പൊലീസ് തല്ലിച്ചതച്ച വാര്‍ത്ത പ്രസിദ്ധീകരിക്കാതിരിക്കാനും ദേശാഭിമാനി ശ്രദ്ധിച്ചിട്ടുണ്ടെന്ന് ചന്ദ്രിക ദിനപത്രം ആരോപിക്കുന്നു.