കോഴിക്കോട്(www.mediavisionnews.in): നഗരത്തില്‍ മാലിന്യം തള്ളുന്നവരെ പിടികൂടാന്‍ മോട്ടോര്‍ വാഹന വകുപ്പും. സി.സി.ടി.വി ക്യാമറകളുടെ സഹായത്തോടെ മാലിന്യം തള്ളുന്നവരെ കണ്ടെത്താന്‍ എന്‍ഫോഴ്സ്മെന്‍റ് ഉദ്യോഗസ്ഥരെയാണ് ചുമതലപ്പെടുത്തുക. കോഴിക്കോട് ജില്ലയില്‍ തുടക്കം കുറിക്കുന്ന പദ്ധതി വൈകാതെ സംസ്ഥാനം മുഴുവന്‍ വ്യാപിപ്പിക്കാനാണ് തീരുമാനം.
വാഹനങ്ങളിലെത്തി റോഡരികില്‍ മാലിന്യം തള്ളുന്നവരെ കണ്ടെത്താന്‍ സി.സി.ടി.വി ക്യാമറകളെയാണ് മോട്ടോര്‍ വാഹന വകുപ്പ് ഉപയോഗപ്പെടുത്തുക. നഗരങ്ങളില്‍ മാലിന്യം തള്ളുന്ന മേഖലകളിള്‍ നിരീക്ഷണ ക്യാമറകള്‍ സ്ഥാപിക്കും. പദ്ധതി പ്രായോഗിമാക്കാനാവശ്യമായ നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ ഉദ്യോഗസ്ഥരോട് ഗതാഗത മന്ത്രി എ.കെ ശശീന്ദ്രന്‍ ആവശ്യപ്പെട്ടു.
മാലിന്യം കൊണ്ടു വന്നു തള്ളുന്ന വാഹന ഉടമകള്‍ക്കെതിരെ നടപടി സ്വീകരിക്കും. മാലിന്യം തള്ളുന്നവരെക്കുറിച്ചുള്ള വിവരം പോലീസിനും തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ക്കും കൈമാറും. പരീക്ഷണാടിസ്ഥാനത്തില്‍ കോഴിക്കോട് നടപ്പാക്കുന്ന പദ്ധതി വിലയിരുത്തിയ ശേഷം മറ്റു ജില്ലകളിലേക്കും വ്യാപിപ്പിക്കാനാണ് മോട്ടോര്‍ വാഹന വകുപ്പ് തീരുമാനിച്ചിരിക്കുന്നത്.