മാലിന്യം തള്ളുന്നതിനെതിരെ വ്യാപക പ്രതികരണം; ഒരാഴ്ചയ്ക്കകം നടപടി വേണമെന്ന് കലക്ടർ

0
255

കാസർകോട് (www.mediavisionnews.in): മാലിന്യം തള്ളുന്നതിനും കത്തിക്കുന്നതിനുമെതിരെ വാട്സാപ്പിൽ കലക്ടർക്കു പരാതിപ്പെടാമെന്ന നിർദേശത്തിനു വ്യാപക പ്രതികരണം. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നു ലഭിച്ച പരാതികളിൽ കർശന നടപടിയെടുത്ത് ഒരാഴ്ചയ്ക്കകം റിപ്പോർട്ട് നൽകാൻ കലക്ടർ ഡോ.ഡി.സജിത്ബാബു നഗരസഭ, പഞ്ചായത്ത് സെക്രട്ടറിമാരോടു നിർദേശിച്ചു.

നടപടികൾ:

ബദിയടുക്ക പഞ്ചായത്തിൽ മീഞ്ചടുക്ക–ചെർക്കള–കല്ലടുക്ക റോഡിൽ കോഴി മാലിന്യങ്ങൾ ഉൾപ്പെടെയുള്ള മാലിന്യങ്ങൾ തള്ളുന്നു. പഞ്ചായത്ത് സെക്രട്ടറി നടപടിയെടുക്കണം.

പടന്നക്കാട് സർക്കാർ ജില്ലാ ആയുർവേദ ആശുപത്രി പരിസരത്തു പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യങ്ങൾ സ്ഥിരമായി കത്തിക്കുന്നത് തടഞ്ഞ് ആശുപത്രി സൂപ്രണ്ട് റിപ്പോർട്ട് നൽകണം.

ഹൊസ്ദുർഗ് താലൂക്കിൽ അളറായി വയലിൽ വീടിനടുത്ത് അയൽവാസി വാഹനങ്ങളുടെ അവശിഷ്ടങ്ങൾ തള്ളുന്നത് നഗരസഭ സെക്രട്ടറി തടയണം.

കോടോം-ബേളൂർ പഞ്ചായത്ത് 17-ാം വാർഡിൽ പറക്കളായി അയ്യങ്കാവ് നെല്ലിയേര ഭാഗത്തു തോട്ടിൽ തടയണ കെട്ടുന്നതിന്റെ ഭാഗമായി തൊഴിലുറപ്പു തൊഴിലാളികൾ പ്ലാസ്റ്റിക് മണൽ ചാക്കുകൾ ഉപേക്ഷിച്ചതു സംബന്ധിച്ചു റിപ്പോർട്ട് നൽകണം.

ചെർക്കള പുതിയ ബസ് സ്റ്റാൻഡ് പരിസരത്തു വ്യാപാരികൾ മാലിന്യം തള്ളുന്നതു തടയണം. ചെങ്കള ഭാഗത്തുള്ള കടകളിലും മറ്റും ജോലിയെടുക്കുന്ന ഇതര സംസ്ഥാന തൊഴിലാളികൾ അവിടെയുള്ള കടൽത്തിണ്ണകളിലാണ് അന്തിയുറങ്ങുന്നത്. ഇവർ റോഡരികിൽ മല–മൂത്ര വിസർജനം നടത്തുന്നതും തടയണം. ഒരാഴ്ചയ്ക്കുള്ളിൽ പഞ്ചായത്ത് സെക്രട്ടറി റിപ്പോർട്ട് നൽകണം.

മഞ്ചേശ്വരം ദേശീയപാതയിലും റെയിൽവേ സ്റ്റേഷൻ റോഡിലും പൊതുസ്ഥലത്തും മാലിന്യങ്ങൾ തള്ളുന്നു.

കാസർകോട് നഗരസഭയുടെ വിദ്യാനഗറിലുള്ള ഇൻസിനറേറ്ററിൽ പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യങ്ങൾ ദിവസവും കത്തിക്കുന്നതിനാൽ പരിസരത്തുള്ള കുട്ടികൾ ഉൾപ്പെടെയുള്ളവർക്കു ശ്വാസ തടസ്സം, അലർജി രോഗങ്ങൾ ഉണ്ടാകുന്നുണ്ട്.

കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷന്റെ രണ്ടാം നമ്പർ പ്ലാറ്റ്‌ഫോമിൽ ഫ്രീസറിനുതാഴെ വെള്ളം കെട്ടിനിന്നു കൊതുകു കൂത്താടി പെരുകുന്നു.

ചെമ്മനാട് പഞ്ചായത്തിൽ 23ാം വാർഡിലെ മസ്ജിദിനടുത്തായുള്ള ഗോഡൗണിൽ നിന്നു പ്ലാസ്റ്റിക്, റബർ ഉൾപ്പെടെ കത്തിക്കുന്നതിനാൽ പലവിധ രോഗങ്ങളുമുണ്ടാകുന്നു.

കാസർകോട് നുള്ളിപ്പാടിയിലെ സ്വകാര്യ ആശുപത്രിയിൽ നിന്നു മലിനജലം റോഡിലേക്ക് ഒഴുക്കിവിടുന്നത് തടയണം.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here