മഞ്ച്വേശരം ഉപതെരഞ്ഞെടുപ്പ്: കെ.സുരേന്ദ്രന്റെ തെരഞ്ഞെടുപ്പ് കേസ് അവസാനിപ്പിക്കാതെ ഒരു ഉപതെരഞ്ഞെടുപ്പ് സാധ്യമല്ലെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍

0
223

കാസര്‍ഗോഡ് (www.mediavisionnews.in): മഞ്ചേശ്വരം എം.എല്‍.എ പി.ബി അബ്ദുല്‍ റസാഖിന്റെ മരണത്തെ തുടര്‍ന്ന് ഒഴിവു വന്ന മണ്ഡലത്തില്‍ ഉപതെരഞ്ഞെടുപ്പ് അനിശ്ചിതത്വത്തിലാവും. ബി.ജെ.പി നേതാവ് കെ.സുരേന്ദ്രന്റെ തെരഞ്ഞെടുപ്പ് കേസ് അവസാനിപ്പിക്കാതെ ഒരു ഉപതെരഞ്ഞെടുപ്പ് സാധ്യമല്ലെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചിരിക്കുന്നത്.

അബ്ദുല്‍ റസാഖ് കള്ളവോട്ടിലൂടെയാണ് വിജയിച്ചതെന്നും അത് കൊണ്ട് തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്നുമായിരുന്നു സുരേന്ദ്രന്റെ ഹര്‍ജി. ഇത് പിന്‍വലിക്കാതെ ഒരു ഉപതെരഞ്ഞെടുപ്പ് സാധ്യമല്ലെന്നാണ് കമ്മീഷന്‍ പറയുന്നത്.

ഈ ഹര്‍ജിയില്‍ അന്തിമ തീര്‍പ്പ് കല്‍പ്പിക്കുന്നത് വരെ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാന്‍ പാടില്ല എന്നാണ് നിയമം. ഉപതെരഞ്ഞെടുപ്പ് നടന്നാല്‍ തന്നെ വിധി ഹര്‍ജിക്കാരന് അനുകൂലമായാല്‍ വീണ്ടും ജയിച്ച കക്ഷിയുടെ നിലനില്‍പ്പ് തന്നെ ചോദ്യം ചെയ്യാനും സാധ്യതയുണ്ട്. അത്രത്തോളം സങ്കീര്‍ണ്ണമായ നിയമത്തിലൂടെയാണ് 1951 ലെ ജനപ്രാതിനിധ്യ നിയമം കടന്നുപോകുന്നത്.

സ്ഥലത്തില്ലാതിരുന്ന 259 വോട്ടര്‍മാരുടെ പേരില്‍ കള്ളവോട്ടു ചെയ്തിട്ടുണ്ടെന്നാണ് ഹര്‍ജിയില്‍ പറയുന്നത്. ഇവരെ നേരിട്ട് വിളിച്ചുവരുത്തുന്നതിന് ഹൈക്കോടതി നേരത്തെ സമന്സ് അയച്ചിരുന്നു.

റസാഖിനെതിരെയുള്ള ഹര്‍ജി സുരേന്ദ്രന്‍ പിന്‍വലിക്കുക അല്ലെങ്കില്‍ കേസില്‍ കോടതിയുടെ അന്തിമ വിധി വരുന്നത് വരെ കാത്തിരിക്കുക എന്നതാണ് മുന്നിലുള്ള വഴി.

അതേസമയം ഹര്‍ജി പിന്‍വലിക്കില്ലെന്നും പെട്ടെന്നു തീര്‍പ്പാക്കണമെന്നു കോടതിയോട് അഭ്യര്‍ഥിക്കുമെന്നമാണ് കെ.സുരേന്ദ്രന്‍ പറയുന്നു. എന്നാല്‍ സുരേന്ദ്രനും ബി.ജെ.പിയും ജനാധിപത്യത്തില്‍ വിശ്വസിക്കുന്നുണ്ടെങ്കില്‍ എത്രയും പെട്ടന്ന് ഹര്‍ജി പന്‍വലിച്ച് തെരഞ്ഞെടുപ്പിനെ നേരിടണമെന്നാണ് സി.പി.ഐ.എം നിലപാട്.

കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ 89 വോട്ടിനാണ് മുസ്ലിം ലീഗ് നേതാവ് അബ്ദുല്‍ റസാഖ് ബി.ജെ.പി സ്ഥാനാര്‍ഥി കെ.സുരേന്ദ്രനെ പരാജയപ്പെടുത്തിയത്.

സാധാരണഗതിയില്‍ ഒരു മണ്ഡലത്തില്‍ ഉപതെരഞ്ഞെടുപ്പ് ആവശ്യമായി വന്നാല്‍ 6 മാസത്തിനുള്ളില്‍ നടത്തണമെന്നാണു ചട്ടം. സ്പീക്കര്‍ ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് സംസ്ഥാനത്തെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ക്കു കൈമാറണം. അവരതു കേന്ദ്ര തെരഞ്ഞെടുപ്പു കമ്മിഷനു കൈമാറിയശേഷം അവിടെ നിന്നാണു തീരുമാനം വരേണ്ടത്.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലെ കണക്കനുസരിച്ച് 2,08,145 വോട്ടര്‍മാരാണു മണ്ഡലത്തിലുള്ളത്. ഇതില്‍ 1,58,584 വോട്ടര്‍മാര്‍ തിരഞ്ഞെടുപ്പ് പ്രക്രിയയില്‍ പങ്കാളികളായി. പോളിങ് 76.19%. മുസ്ലിം ലീഗ് സ്ഥാനാര്‍ഥിയായ പി.ബി.അബ്ദുല്‍ റസാഖിന് 56,870 വോട്ടു ലഭിച്ചപ്പോള്‍ ബി.ജെ.പി സ്ഥാനാര്‍ഥിയായ കെ.സുരേന്ദ്രന്‍ 56,781 വോട്ടു നേടി. സി.പി.ഐ.എം സ്ഥാനാര്‍ഥി സി.എച്ച്.കുഞ്ഞമ്പുവിന് 42,565 വോട്ട് ലഭിച്ചു. അതിനു മുന്‍പു നടന്ന തെരഞ്ഞെടുപ്പില്‍ അബ്ദുല്‍ റസാഖ് 5828 വോട്ടിനാണ് കെ.സുരേന്ദ്രനെ പരാജയപ്പെടുത്തിയത്.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here