കോഴിക്കോട്(www.mediavisionnews.in): സിപിഎമ്മും മുസ്ലീംലീഗും ചേര്‍ന്ന് മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കേസ് വൈകിപ്പിക്കുകയാണെന്ന ആരോപണവുമായി ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്‍. ഇരുപാര്‍ട്ടികളും സാക്ഷികളെ ഭീഷണിപ്പെടുത്തിയും തടഞ്ഞുവെച്ചും കേസ് മന:പൂര്‍വ്വം വൈകിപ്പിക്കുകയാണെന്നും കോടതി ജീവനക്കാരെ പോലും അവര്‍ ഭീഷണിപ്പെടുത്തുകയാണെന്നും കെ.സുരേന്ദ്രന്‍ ആരോപിച്ചു. മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കേസില്‍നിന്ന് സ്വമേധയാ പിന്മാറില്ലെന്ന് ഹൈക്കോടതിയെ അറിയിച്ചതിന് പിന്നാലെയാണ് കെ.സുരേന്ദ്രന്റെ പ്രതികരണം.
കേസുമായി ബന്ധപ്പെട്ട 75 ശതമാനം തെളിവുകളും കോടതിയില്‍ ഹാജരാക്കിയിട്ടുണ്ട്. എന്നാല്‍ ബാക്കിയുള്ള സാക്ഷികളെ ഇരുപാര്‍ട്ടികളും തടഞ്ഞുവെച്ചിരിക്കുകയാണ്. അവരെ സ്വതന്ത്രമാക്കിയാല്‍ കേസ് വേഗത്തില്‍ പൂര്‍ത്തിയാക്കാനാകുംമെന്നും കെ.സുരേന്ദ്രന്‍ പറഞ്ഞു. സിപിഎമ്മിന്റെയും ലീഗിന്റെയും ആഗ്രഹം കേസില്‍ ബിജെപി ജയിക്കരുതെന്നാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. എതിര്‍സ്ഥാനാര്‍ഥി മരിച്ചതിനാല്‍ കേസ് അവസാനിപ്പിക്കേണ്ട ആവശ്യമില്ല. പി.ബി. അബ്ദുറസാഖും താനും തമ്മിലുള്ള വ്യക്തിപരമായ കേസല്ല ഇതെന്നും ഒരു തെരഞ്ഞെടുപ്പ് അട്ടിമറിച്ചതിന്റെ വ്യക്തമായ ഉദാഹരണമാണ് മഞ്ചേശ്വരത്ത് നടന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കേസിലെ എതിര്‍ കക്ഷി പി.ബി. അബ്ദുറസാഖ് അന്തരിച്ചതിനെ തുടര്‍ന്ന് കേസ് തുടരാന്‍ താത്പര്യമുണ്ടോയെന്ന് നേരത്തെ ഹൈക്കോടതി കെ.സുരേന്ദ്രനോട് ആരാഞ്ഞിരുന്നു. എന്നാല്‍ തെരഞ്ഞെടുപ്പ് അട്ടിമറിച്ച സംഭവമായതിനാല്‍ കേസ് തുടരുമെന്നും സ്വമേധയാ പിന്‍വലിക്കില്ലെന്നുമാണ് അദ്ദേഹം ഹൈക്കോടതിയെ അറിയച്ചത്. കേസില്‍ ആര്‍ക്കും കക്ഷി ചേരാമെന്നും കോടതിയെ അറിയിച്ചിട്ടുണ്ട്. കേസ് ഇനി ഡിസംബര്‍ മൂന്നിന് പരിഗണിക്കും.
മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.