റിയാദ്(www.mediavisionnews.in):മലയാളികളടക്കമുള്ള ആയിരക്കണക്കിന് വിദേശികള്‍ ജോലി ചെയ്യുന്ന വിനോദ സഞ്ചാര മേഖലകളില്‍കൂടി സ്വദേശിവല്‍ക്കരണം വ്യാപിപ്പിച്ച് സൗദി. സ്വദേശികള്‍ക്ക് തൊഴില്‍ ഉറപ്പാക്കുന്നതിനായി വിവിധ മേഖലകളില്‍ നടപ്പാക്കി വരുന്ന സ്വദേശിവല്‍ക്കരണ നയത്തിന്റെ ഭാഗമായാണ് ടൂറിസം മേഖലകളിലും സൗദി പിടിമുറുക്കുന്നത്.
2017ലെ കണക്കനുസരിച്ച് ടൂറിസം മേഖലയില്‍ 9,93,900 പേര്‍ ജോലി ചെയ്യുന്നുണ്ട്. 2016ല്‍ 9,36,700 ആയിരുന്നു. ടൂറിസം മേഖല പ്രത്യക്ഷമായും പരോക്ഷമായും ആകെ 14.9 ലക്ഷം പേര്‍ക്ക് തൊഴില്‍ നല്‍കുന്നുണ്ടെന്നാണു കണക്ക്. 2020ല്‍ ഇത് 17 ലക്ഷമായി ഉയരുമെന്നാണ് പ്രതീക്ഷിക്കുന്നത്.
നിലവില്‍ 28 ശതമാനം സ്വദേശിവല്‍ക്കരണമാണ് നിശ്ചയിച്ചിരിക്കുന്നതെങ്കിലും പടിപടിയായി ഉയര്‍ത്തി ലക്ഷ്യം കൈവരിക്കാനാണു തീരുമാനം. ഇതിലൂടെ 2025 ആകുമ്പോഴേക്കും ഈ മേഖലയില്‍ മൂന്നേകാല്‍ ലക്ഷത്തോളം സൗദികള്‍ക്ക് ജോലി ലഭ്യമാക്കുകയാണ് അധികൃതരുടെ ലക്ഷ്യം.
തൊഴില്‍, സാമൂഹിക വികസന മന്ത്രാലയവും ടൂറിസം, ദേശീയ പൈതൃക വകുപ്പും തമ്മിലുള്ള സഹകരണത്തോടെയാണ് വിനോദസഞ്ചാര മേഖലയില്‍ സൗദിവല്‍ക്കരണം ശക്തിപ്പെടുത്തുന്നത്. ഇതിലൂടെ സ്വദേശികള്‍ക്ക് തൊഴിലവസരങ്ങള്‍ ലഭ്യമാക്കുന്നതോടൊപ്പം പരിശീലനവും ഉറപ്പാക്കുന്നു.
ചെറുകിട നിക്ഷേപകരാക്കി സൗദി യുവതീ യുവാക്കളെ മാറ്റിയെടുക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നുണ്ടെന്ന് ടൂറിസം, ദേശീയ പൈതൃക വകുപ്പ് പ്രസിഡന്റ് സുല്‍ത്താന്‍ ബിന്‍ സല്‍മാന്‍ രാജകുമാരന്‍ പറഞ്ഞു. എന്തായാലും വിനോദ സഞ്ചാര മേഖലകളില്‍കൂടി സ്വദേശിവല്‍ക്കരണം വര്‍ധിപ്പിച്ചത് മലയാളികളടക്കമുള്ള ആയിരക്കണക്കിന് വിദേശികള്‍ക്ക് തിരിച്ചടിയാകും. നിലവില്‍ ട്രാവല്‍, ടൂറിസം മേഖലകളില്‍ ആയിരങ്ങളാണ് ജോലി ചെയ്യുന്നത്.