കുവൈറ്റ് സിറ്റി(www.mediavisionnews.in): പുതുതായി വിസ ലഭിക്കുന്നതിനുള്ള വര്‍ക്ക് പെര്‍മിറ്റ് അനുവദിക്കുന്നതിന് കുവൈറ്റ് മാന്‍പവര്‍ അതോറിറ്റി ബിരുദ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയതിന് പിന്നാലെ വിദേശികളുടെ ഇഖാമ പുതുക്കുന്നതിന് വിദ്യാഭ്യാസ യോഗ്യതാ സര്‍ട്ടിഫിക്കറ്റ് അറ്റസ്റ്റേഷനും നിര്‍ബന്ധമാക്കുന്നു.
ജനസംഖ്യാ അസന്തുലനം ഇല്ലാതാക്കുന്നതിനുള്ള നിര്‍ദേശങ്ങളുടെ ഭാഗമായാണ് പുതിയ നീക്കം എന്നാണ് വിലയിരുത്തപ്പെടുന്നത്. തൊഴില്‍ വിപണിയില്‍ വിദേശികളുടെ ആധിക്യം ജനസംഖ്യാ അസന്തുലനത്തിനു പ്രധാന കാരണമായി അധികൃതര്‍ വിലയിരുത്തുന്നുണ്ട്. അവിദഗ്ധ വിഭാഗത്തില്‍ പെട്ടവരാണു വിദേശികളില്‍ അധികവും എന്നതാണു വസ്തുത. തൊഴില്‍ വിപണിയില്‍ യോഗ്യരും പരിചയസമ്പന്നരും മാത്രം പരിഗണിക്കപ്പെടണം എന്ന നിലപാടാണ് അധികൃതര്‍ക്കുള്ളത്. തൊഴില്‍ മേഖലയില്‍ കാര്യക്ഷമത വര്‍ധിപ്പിക്കാന്‍ അത് അനിവാര്യമാണെന്നും സര്‍ക്കാര്‍ കരുതുന്നു.
വിവിധ തലങ്ങളില്‍ നടത്തിയ വ്യത്യസ്ത പഠനങ്ങളുടെ അടിസ്ഥാനത്തില്‍ രൂപപ്പെടുത്തിയ നിര്‍ദേശങ്ങളാണു ജനസംഖ്യാ നിയന്ത്രണം സംബന്ധിച്ച് മാന്‍പവര്‍ അതോറിറ്റിയുടെയും പ്രശ്‌നപരിഹാര നിര്‍ദേശം ക്രോഡീകരിക്കുന്നതിനായി നിയോഗിക്കപ്പെട്ട ഉന്നതാധികാര സമിതിയുടെയും മുന്‍പിലുള്ളത്. വരും മാസങ്ങളില്‍ അക്കാര്യത്തില്‍ കൃത്യമായ നിലപാടുകള്‍ അധികൃതര്‍ പ്രഖ്യാപിക്കുമെന്നാണു സൂചന.
വിസക്കച്ചവടം തടയുക, മികച്ച യോഗ്യതയില്ലാത്തവര്‍ കുവൈറ്റിലേക്കു തൊഴില്‍ തേടിയെത്തുന്ന സാഹചര്യം ഒഴിവാക്കുക എന്നിവ ലക്ഷ്യമിട്ടുള്ളതാകും നടപടികള്‍. എണ്ണമേഖലയിലാണ് പുതിയ തീരുമാനങ്ങള്‍ ആദ്യഘട്ടത്തില്‍ നടപ്പാക്കുക. തുടര്‍ന്നു സ്വകാര്യമേഖലയില്‍ ഉള്‍പ്പെടെ എല്ലാ തലങ്ങളിലും പ്രാവര്‍ത്തികമാക്കും. സര്‍ക്കാര്‍ മേഖലയില്‍ ആരോഗ്യം, വിദ്യാഭ്യാസം എന്നീ മന്ത്രാലയങ്ങളില്‍ കര്‍ശനമായ നിയന്ത്രണങ്ങള്‍ റിക്രൂട്ട്‌മെന്റുമായി ബന്ധപ്പെട്ട് ഏര്‍പ്പെടുത്തിയിട്ടുണ്ട്. അവ പാലിക്കാന്‍ സിവില്‍ സര്‍വീസ് കമ്മിഷനും ശ്രദ്ധിക്കുന്നുണ്ട്.