ദുബൈ(www.mediavisionnews.in): പൊതുഭരണ രംഗത്ത് ഉന്നത സ്ഥാനങ്ങളിൽ വ്യവഹരിക്കുമ്പോളും ഉമ്മത്തിലെ ഉമറാക്കളുടെ ബാധ്യതകളോട് നീതി പുലർത്താൻ പി.ബി അബ്ദുൽ റസാഖ് സാഹിബിനു സാധിച്ചിട്ടുണ്ടെന്നു മലബാർ ഇസ്‌ലാമിക് കോംപ്ലെക്സ് ദുബൈ സോണൽ കമ്മിറ്റി സംഘടിപ്പിച്ച അനുസ്മരണ യോഗം അഭിപ്രായപ്പെട്ടു. സമസ്തയുടെ പോഷക സംഘടനകളുടെയും മദ്രസ്സ മഹല്ല് സംവിധാനങ്ങളുടെയും വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും ഭാരവാഹിത്വത്തെ മാതൃകാപരമായി ഉത്തരവാദിത്വങ്ങൾ നിർവഹിക്കുന്നതിൽ പൂർണ്ണ വിജയമായിരുന്നെന്നും യോഗം വിലയിരുത്തി. മതേതര ജനാധിപത്യ മൗല്യങ്ങളുടെ സൗന്ദര്യത്തെ കാത്തുസൂക്ഷിച്ച ജാതി മത ഭാഷകൾക്ക് അതീതമായി മാനുഷിക മൂല്യങ്ങൾക്കും വില കൽപ്പിച്ച നല്ലൊരു രാഷ്ട്രീയ നേതാവിനെയാണ് അദ്ദേഹത്തിന്റെ വിയോഗത്തിലൂടെ സമൂഹത്തിനു നഷ്ടമായതെന്നും യോഗത്തിൽ പങ്കെടുത്ത പ്രവാസ രംഗത്തെ വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന പ്രമുഖർ അനുശോചിച്ചു. വെൽഫിറ്റ് അബ്ദുൽ സലാം ഹാജിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ അബ്ദുൽ റഷീദ് ഹാജി കല്ലിങ്കാൽ, അസീസ് കമാലിയ ചെർക്കളം, സിദ്ദീഖ് കനിയടുക്കം, താഹിർ മുഗു, അബ്ബാസലി ഹുദവി ബേക്കൽ, കബീർ അസ്അദി പെരുമ്പട്ട, എം.ബി.എ ഖാദർ ചന്തേര, അസീസ് മുസ്‌ലിയാർ തൃക്കരിപ്പൂർ, മൻസൂർ ഹുദവി കളനാട്, ഫാസിൽ മെട്ടമ്മൽ, സുബൈർ മാങ്ങാട്, അസീസ് ബള്ളൂർ, അന്താസ് ചെമ്മനാട്, ഖാദർ ഇർശാദി കർണൂർ തുടങ്ങി പ്രമുഖർ സംബന്ധിച്ചു. ഖുർആൻ പാരായണ ആത്മീയ ദുആ സദസ്സിനു ഉസ്താദ് അബ്ദുൽ ഖാദർ അസ്അദി നേതൃത്വം നൽകി.