പി.ബി.അബ്ദുള്‍ റസാഖിന്റെ നിര്യാണത്തോടെ ഉപതെരഞ്ഞെടുപ്പിനൊരുങ്ങി മഞ്ചേശ്വരം; അന്തിമതീരുമാനം കെ.സുരേന്ദ്രന്റെ ഹര്‍ജിയിലെ ഹൈക്കോടതിവിധി അനുസരിച്ച്

0
231

കാസര്‍ഗോഡ്(www.mediavisionnews.in): തെരഞ്ഞെടുപ്പ് ചരിത്രത്തില്‍ ഒട്ടേറെ പ്രത്യേകതകളുള്ള മണ്ഡലമാണ് മഞ്ചേശ്വരം. പി.ബി.അബ്ദുല്‍ റസാഖിന്റെ നിര്യാണത്തോടെ ഒഴിവുവന്ന മഞ്ചേശ്വരം നിയമസഭാ മണ്ഡലത്തില്‍ ഏപ്രില്‍ 19നകം ഉപതെരഞ്ഞെടുപ്പ് നടത്തേണ്ടതാണ്. എങ്കിലും റസാഖിന്റെ വിജയം ചോദ്യം ചെയ്ത് എതിര്‍സ്ഥാനാര്‍ഥി കെ.സുരേന്ദ്രന്‍ (ബിജെപി) ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയിലെ വിധി അനുസരിച്ചാകും അന്തിമതീരുമാനം. ശബരിമല യുവതീപ്രവേശം അടക്കമുള്ള പ്രശ്‌നങ്ങള്‍ മഞ്ചേശ്വരത്ത് നിര്‍ണായകമാകും. ബിജെപി ഇതു വിദഗ്ധമായി ഉപയോഗിക്കുമെന്നത് യുഡിഎഫിനു വലിയ വെല്ലുവിളിയാണ്.

ഒരു മണ്ഡലത്തില്‍ ഒഴിവുവന്നാല്‍ ആറ് മാസത്തിനകം ഉപതെരഞ്ഞെടുപ്പ് എന്നാണ് വ്യവസ്ഥ. മേയില്‍ നടക്കേണ്ട ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്‍പ് തന്നെ മഞ്ചേശ്വരത്ത് ഉപതെരഞ്ഞെടുപ്പ് വേണ്ടി വന്നേക്കും. യുഡിഎഫും ബിജെപിയും കൊമ്പു കോര്‍ക്കുമ്പോള്‍ കഴിഞ്ഞ തവണത്തേക്കാള്‍ വോട്ട് നേടാന്‍ കഴിഞ്ഞാല്‍ അതുതന്നെ എല്‍ഡിഎഫ് നേട്ടമായി വ്യാഖ്യാനിക്കപ്പെടും.
മഞ്ചേശ്വരത്തു നഷ്ടപ്പെടാന്‍ കാര്യമായി ഒന്നുമില്ലാത്ത എല്‍ഡിഎഫിന്റെ ശ്രമം ന്യൂനപക്ഷ വോട്ടുകള്‍ സമാഹരിക്കുകയാകും.

89 വോട്ടിന്റെ ഭൂരിപക്ഷത്തിനായിരുന്നു റസാഖിന്റെ വിജയം. മരിച്ചവരും വിദേശത്തുള്ളവരുമായ 291 പേരുടെ കള്ളവോട്ട് ചെയ്തതിനാലാണു അബ്ദുല്‍ റസാഖ് ജയിച്ചതെന്നും തന്നെ വിജയിയായി പ്രഖ്യാപിക്കണമെന്നുമാണ് സുരേന്ദ്രന്റെ ഹര്‍ജിയിലുള്ളത്. റസാഖ് മരിച്ചെങ്കിലും, മറ്റു സ്ഥാനാര്‍ഥികളും തെരഞ്ഞെടുപ്പു കമ്മീഷനും കക്ഷികളായതിനാല്‍ കേസ് നിലനില്‍ക്കും. കേസ് സാങ്കേതികമായി അവസാനിക്കണമെങ്കില്‍ സുരേന്ദ്രന്‍ ഹര്‍ജി പിന്‍വലിക്കണം.

മണ്ഡലത്തിലെ എട്ടു പഞ്ചായത്തുകളില്‍ ആറിടത്തു യുഡിഎഫും രണ്ടെണ്ണം എല്‍ഡിഎഫുമാണു ഭരിക്കുന്നത്. യുഡിഎഫും ബിജെപിയും തുല്യശക്തികളായ എന്‍മകജെ പഞ്ചായത്തില്‍ നറുക്കെടുപ്പിലൂടെ പ്രസിഡന്റായ ബിജെപിയിലെ രൂപവാണി ആര്‍.ഭട്ടിനെ അവിശ്വാസപ്രമേയത്തിലൂടെ പുറത്താക്കി എല്‍ഡിഎഫ് പിന്തുണയോടെ യുഡിഎഫ് ഭരണം നേടിയതു രണ്ടാഴ്ച മുന്‍പാണ്.

സപ്തഭാഷാ സംഗമ ഭൂമിയെന്നെല്ലാം മഞ്ചേശ്വരത്തെ വിശേഷിപ്പിക്കാറുണ്ട്. കന്നഡ മുതല്‍ കൊങ്കണി വരെയും മലയാളം മുതല്‍ മറാഠി വരെയുമുള്ള ഭാഷകളും ലിപിയില്ലാ ഭാഷയായ ബ്യാരിയും ഇവിടെയുണ്ട്. നാട്ടുകാരന്‍ കൂടിയായ അബ്ദുല്‍ റസാഖിനു നേരിയ ഭൂരിപക്ഷത്തില്‍ ജയിച്ചു കയറാനായത് ബഹുഭാഷാ സ്വാധീനം കൊണ്ടുകൂടിയാണ്.

കേരള നിയമസഭയിലേക്ക് എതിരില്ലാതെ ഒരു സ്ഥാനാര്‍ഥി ജയിച്ചത് ഇവിടെ മാത്രമാണ് – സ്വതന്ത്രനായ എം.ഉമേഷ് റാവു (1957). 1965ല്‍ തിരഞ്ഞെടുക്കപ്പെട്ട മഹാബല ഭണ്ഡാരിയാണു മണ്ഡലത്തില്‍ നിന്നു ജയിച്ച ഏക കോണ്‍ഗ്രസ് സ്ഥാനാര്‍ഥി. സിപിഐഎമ്മിന്റെ ഏകജയം 2006 – സി.എച്ച്. കുഞ്ഞമ്പു. എല്‍ഡിഎഫ് പലപ്പോഴും മൂന്നാം സ്ഥാനത്തേക്കു പിന്തള്ളപ്പെടുന്ന അപൂര്‍വം മണ്ഡലങ്ങളില്‍ ഒന്നു കൂടിയാണിത്.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ

LEAVE A REPLY

Please enter your comment!
Please enter your name here