നമ്പര്‍പ്ലേറ്റിലെ അലങ്കാരപണി ഇനി നടക്കില്ല; നിയമലംഘിക്കുന്നവര്‍ക്ക് പൂട്ടുവീഴും, 5000 രൂപ വരെ പിഴ

0
223

കൊച്ചി(www.mediavisionnews.in): വാഹനത്തിന്റെ നമ്പര്‍ പ്ലേറ്റ് മോടി കൂട്ടുന്നവര്‍ ഇനി സൂക്ഷിക്കുക. ഇത്തരത്തില്‍ നമ്പര്‍ പ്ലേറ്റ് അലങ്കരിച്ച് റോഡിലൂടെ വാഹനം ഓടിക്കുന്നവരെ പിടികൂടാന്‍ മോട്ടോര്‍വാഹന വകുപ്പ് പ്രത്യേക പരിശോധന നടത്താന്‍ തീരുമാനമായി. റോഡ് സുരക്ഷയോടനുബന്ധിച്ചാണ് ‘നമ്പര്‍പ്ലേറ്റ് ഓപ്പറോഷന്‍’ ശക്തമാക്കുന്നത്.

കൊച്ചിയിലെ നഗരത്തിലോടുന്ന ബൈക്കുകളിലെ നമ്പര്‍ പ്ലേറ്റുകളിലാണ് ചിത്രപ്പണി കൂടുതലായി കാണുന്നത്. ഇത്തരം വാഹനങ്ങള്‍ അപകടത്തില്‍പ്പെട്ട് നിര്‍ത്താതെ പോകുമ്പോള്‍ നമ്പര്‍ മനസ്സിലാക്കാന്‍ പോലും ദൃക്‌സാക്ഷികള്‍ക്ക് സാധിക്കാറില്ല. ചില വിഹനങ്ങളില്‍ 3, 4, 6, 8, 9 തുടങ്ങിയ നമ്പറുകള്‍ വായിച്ചെടുക്കാന്‍ പലപ്പോഴും സാധിക്കാറില്ലെന്ന് പോലീസും പറയുന്നു. മോട്ടോര്‍ വാഹന നിയമം 177ാം വകുപ്പ് പ്രകാരം പിഴയുടെ തുക കുറവായതിനാല്‍ 39, 192 വകുപ്പുകള്‍ കൂടി ചേര്‍ത്ത് രണ്ടായിരം മുതല്‍ 5000 രൂപ വരെ പിഴ ഈടാക്കാനും തീരുമാനിച്ചിട്ടുണ്ട്.

കാര്‍, ടാക്‌സി കാര്‍ എന്നിവയ്ക്ക് മാത്രം മുന്നിലും പിന്നിലും ഒറ്റവരി നമ്പര്‍ മതി. മറ്റ് വാഹനങ്ങള്‍ക്ക് മുന്‍വശത്തെ നമ്പര്‍ ഒറ്റവരിയായി എഴുതാം. നമ്പര്‍ ചരിച്ചെഴുതുക, വ്യക്തത ഇല്ലാതിരിക്കുക, നമ്പര്‍ പ്ലേറ്റില്‍ മറ്റെന്തെങ്കിലും എഴുതുകയോ പതിക്കുകയോ ചെയ്യുക തുടങ്ങിയവയും കുറ്റകരമാണ്. നമ്പര്‍പ്ലേറ്റ് എഴുതി നല്‍കുന്ന സ്ഥാപനങ്ങളും ഇക്കാര്യത്തില്‍ ജാഗ്രത പാലിക്കണമെന്ന് എറണാകുളം ആര്‍ടിഒ കെ.എം ഷാജി അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here