ജക്കാര്‍ത്ത (www.mediavisionnews.in): യാത്ര ചെയ്യേണ്ടിയിരുന്ന വിമാനം റോഡിലെ ഗതാഗതക്കുരുക്കു കാരണം നഷ്ടപ്പെട്ടപ്പോള്‍ ജീവിതം തിരികെ കിട്ടിയല്ലോ എന്നോര്‍ത്ത് സന്തോഷിക്കാന്‍ പോലുമാകാതെ സോണി സെഷ്യാവന്‍. 189 യാത്രക്കാരുമായി പറന്നുയര്‍ന്ന് നിമിഷങ്ങള്‍ക്കുള്ളില്‍ കടലില്‍ പതിച്ച ലയണ്‍ എയറിന്റെ വിമാനത്തില്‍ യാത്ര ചെയ്യേണ്ടിയിരുന്നയാളാണ് സോണി. സോണി വിമാനത്താവളത്തിലെത്തുന്നതിനു മുമ്പേ വിമാനം പുറപ്പെട്ടിരുന്നു.
ഇന്‍ഡൊനീഷ്യ ധനമന്ത്രാലയത്തിലെ ഉദ്യോഗസ്ഥനായ സോണി സ്ഥിരമായി യാത്ര ചെയ്യുന്നത് ലയണ്‍ എയറിന്റെ ജെ ടി 610 എന്ന വിമാനത്തിലാണ്. ആഴ്ചയിലൊരിക്കല്‍ ഔദ്യോഗികാവശ്യത്തിനായി വിമാനയാത്ര നടത്തേണ്ടി വരുന്ന താനും സുഹൃത്തുക്കളും ഇതേ വിമാനമാണ് യാത്രയ്ക്കായി തിരഞ്ഞെടുത്തിരുന്നതെന്ന് സോണി വാര്‍ത്താ ഏജന്‍സിയായ എഎഫ്പിയോട് പറഞ്ഞു.
പുലര്‍ച്ചെ മൂന്നുമണിക്കു തന്നെ വിമാനത്താവളത്തിലേക്ക് പുറപ്പെട്ട സോണി മൂന്നുമണിക്കൂറിലധികം സമയം റോഡില്‍ കുടുങ്ങി 6.20നാണ് അവിടെയെത്തിയത്. അപ്പോഴേക്കും വിമാനം പുറപ്പെട്ടുകഴിഞ്ഞിരുന്നു. സോണിയുടെ ഭാഗ്യമാണ് ഇത്തരത്തിലൊരു രക്ഷപ്പെടലെന്നാണ് എല്ലാവരുടേയും അഭിപ്രായം.
എന്നാല്‍ ജീവന്‍ തിരിച്ചുകിട്ടിയതിന്റെ ആനന്ദത്തോടൊപ്പം തന്നോടൊപ്പം സ്ഥിരമായി യാത്ര ചെയ്യാറുള്ള ആറു സുഹൃത്തുക്കള്‍ അപകടത്തില്‍ പെട്ടതിന്റെ വിഷമത്തിലാണ് സോണി. അപകടവാര്‍ത്തയറിഞ്ഞ് താനാദ്യം കരയുകയാണ് ചെയ്തതെന്ന് സോണി ഓര്‍മിച്ചു. പ്രിയപ്പെട്ടവര്‍ ആ വിമാനത്തിലുണ്ടെന്നോര്‍ത്തായിരുന്നു സങ്കടം.
തൊട്ടടുത്ത വിമാനത്തില്‍ പങ്കല്‍ പിനാങ്കില്‍ എത്തിയ ശേഷമാണ് സോണി വിമാനം തകര്‍ന്നു വീണ വിവരം അറിഞ്ഞത്. അപകടവാര്‍ത്തയറിഞ്ഞ് വിഷമിച്ച വീട്ടുകാരെ സോണി തന്നെ നേരിട്ടു വിളിച്ച് ആശ്വസിപ്പിച്ചു.
മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ