കാസര്‍ഗോഡ്(www.mediavisionnews.in): കേന്ദ്ര സര്‍വകലാശാലയില്‍ നിന്നും പുറത്താക്കപ്പെട്ട വിദ്യാര്‍ഥി ക്യാംപസിനകത്ത് മറ്റ് വിദ്യാര്‍ഥികളുടെ മുന്നില്‍ വെച്ച് കൈമുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചു. ഇന്റര്‍നാഷണല്‍ റിലേഷന്‍സിലെ അഖില്‍ താഴത്ത് എന്ന വിദ്യാര്‍ഥിയാണ് ആത്മഹത്യക്ക് ശ്രമിച്ചത്. അഖിലിനെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ദലിത് ഗവേഷക വിദ്യാര്‍ഥി നാഗരാജുവിനെ പൊലീസിലേല്‍പ്പിച്ച സര്‍വകലാശാലയുടെ നടപടിക്കെതിരെ അഖില്‍ ഫെയ്‌സ്ബുക്കില്‍ പോസ്റ്റിട്ടിരുന്നു. ഇതിന്റെ പേരിലാണ് അഖിലിനെ സര്‍വകലാശാല പുറത്താക്കിയത്. അഗ്‌നിരക്ഷാ സംവിധാനത്തിന്റെ ഗ്ലാസ് പൊട്ടിച്ചുവെന്ന പേരില്‍ സസ്‌പെന്റ് ചെയ്യപ്പെട്ട നാഗരാജുവിനെ പിന്നീട് കേസില്‍ കുടുക്കി ജയിലില്‍ അടക്കുകയായിരുന്നു. തന്നെ പുറത്താക്കിയതില്‍ വലിയ വിഷമമില്ലെന്നും എന്നാല്‍ വിദ്യാര്‍ഥികളും ജീവനക്കാരും ഉള്‍പ്പടെ മറ്റുള്ളവരോട് സര്‍വകലാശാല അധികൃതര്‍ കാണിച്ച അനീതിയാണ് പ്രശ്‌നമെന്നും അഖില്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.
ഇതേ വിഷയത്തിലെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പേരില്‍ ഇംഗ്ലീഷ് ആന്‍ഡ് കമ്പാരിറ്റീവ് ലിറ്ററേച്ചര്‍ വിഭാഗം വകുപ്പ് മേധാവി ഡോ.പ്രസാദ് പന്ന്യനെ സസ്‌പെന്‍ഡ് ചെയ്തിരിക്കുന്നു. സര്‍വകലാശാല നടപടിക്കെതിരെ പന്ന്യന്‍ ഹൈകോടതിയെ സമീപിച്ചിരിക്കുകയാണ്.