ഓണ്‍ലൈനില്‍ സിനിമ കാണുന്നവരുടെ മൊബൈലിലെയും കമ്പ്യൂട്ടറിലെയും വിവരങ്ങള്‍ ചോര്‍ത്തുന്നു

0
229

സ്പെയിൻ (www.mediavisionnews.in):സിനിമകള്‍ കാണാനും ഡൗണ്‍ലോഡ് ചെയ്യാനുമുള്ള ഓണ്‍ലൈന്‍ സൈറ്റുകളുടെ മറവില്‍ ഹാക്കര്‍മാര്‍ വിലപ്പെട്ട വിവരങ്ങള്‍ ചോര്‍ത്തിയെടുക്കുന്നുണ്ടെന്ന് റിപ്പോര്‍ട്ട്. സ്‌പെയിനിലെ അലിക്കാന്റയില്‍ നിന്നുള്ള ഇയുഐപിഒ (യൂറോപ്യന്‍ യൂണിയന്‍ ഇന്റലെക്ച്വല്‍ പ്രോപര്‍ട്ടി ഓഫീസ്) ആണ് പഠനം നടത്തിയത്.

ഗവേഷകര്‍ നടത്തിയ പഠനത്തില്‍ നാലായിരത്തോളം സംശയിക്കുന്ന ഫയലുകളെയാണ് ആദ്യഘട്ടത്തില്‍ തന്നെ കണ്ടെത്തിയത്. ഇതില്‍ നൂറെണ്ണവും ഉപയോക്താക്കളെ അപകടത്തിലാക്കുന്ന മാല്‍വെയറുകള്‍ ആയിരുന്നു. ഗെയിം ഇന്‍സ്റ്റാള്‍ ചെയ്യാന്‍ സഹായിക്കുന്നവയെന്നും സൗജന്യമായി സിനിമകള്‍ കാണാമെന്നുമൊക്കെയുള്ള വാഗ്ദാനങ്ങളായാണ് ഇത്തരം പല മാല്‍വെയറുകളും പ്രത്യക്ഷപ്പെടുന്നത്.

സത്യത്തില്‍ ഇത് ഓണ്‍ലൈന്‍ ഉപഭോക്താക്കളെ ആകര്‍ഷിക്കാനുള്ള തന്ത്രം മാത്രമാണ്. ഇത്തരം പരസ്യങ്ങളിലും സന്ദേശങ്ങളിലും വിശ്വസിച്ച് ക്ലിക്ക് ചെയ്യുകയോ ഡൗണ്‍ലോഡ് ചെയ്യുകയോ ചെയ്താല്‍ ഗുരുതരമായ ഫലങ്ങളായിരിക്കും അനുഭവിക്കേണ്ടി വരിക.

ഒരിക്കല്‍ ഇത്തരത്തിലുള്ള മാല്‍വെയറുകള്‍ വഴി ഹാക്കര്‍മാര്‍ക്ക് ഇടം കൊടുത്തുകഴിഞ്ഞാല്‍ നിങ്ങളുടെ വ്യക്തിപരമായ വിവരങ്ങളും രഹസ്യ പാസ്‌വേഡുകളും തുടങ്ങി കംപ്യൂട്ടറില്‍ ശേഖരിച്ചിരിക്കുന്ന വിവരങ്ങള്‍ വരെ മോഷ്ടിക്കപ്പെട്ടേക്കാം. സൗജന്യമായി സിനിമയും പാട്ടുകളും വിഡിയോ ഗെയിമുകളും ടിവി ഷോകളുമൊക്കെ ഡൗണ്‍ ലോഡ് ചെയ്യാന്‍ സഹായിക്കുന്നുവെന്ന പേരില്‍ പ്രവര്‍ത്തിക്കുന്ന വെബ്‌സൈറ്റുകള്‍ മാത്രമാണ് പഠനവിധേയമാക്കിയത്. സൗജന്യമെന്ന് പുറമേക്ക് പറയുമ്പോഴും നമ്മുടെ അതീവരഹസ്യമായ വിവരങ്ങള്‍ വരെ ചോര്‍ത്തിയെടുത്താണ് ഇവര്‍ പറ്റിക്കുന്നതെന്നാണ് പഠനം തെളിയിക്കുന്നത്.

ഇത്തരത്തില്‍ പ്രവര്‍ത്തിക്കുന്ന വെബ്‌സൈറ്റുകളില്‍ ഭൂരിഭാഗത്തിനും അമേരിക്കന്‍ സെര്‍വറുകളാണുള്ളത്. സര്‍വ്വസാധാരണമായ .com ല്‍ അവസാനിക്കുന്ന വെബ്‌സൈറ്റുകളാണ് പലപ്പോഴും ഇത്തരം മാല്‍വെയറുകളുടെ വാഹകര്‍. സിനിമാപ്രേമികള്‍ ഉപയോഗിക്കുന്ന പൈറേറ്റ് ബേ പോലുള്ള ടൊറന്റ് സൈറ്റുകളാണ് ഇത്തരം മാല്‍വെയറുകളുടെ കേന്ദ്രമെന്നും മുന്നറിയിപ്പുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here