ഇതുവരെ സംയമനം പാലിച്ചു, ഇനി നിയമം കയ്യിലെടുക്കും; ഭീഷണിയുമായി കെ. സുരേന്ദ്രന്‍

0
239

പത്തനംതിട്ട(www.mediavisionnews.in): ശബരിമലയ വിഷയത്തില്‍ സര്‍ക്കാര്‍ പ്രകോപനം ഉണ്ടാക്കിക്കൊണ്ടിരിക്കുയാണെന്നും ഈ നിലയിലാണ് മുന്നോട്ടുപോകുന്നതെങ്കില്‍ തങ്ങള്‍ക്ക് നിയമം കയ്യിലെടുക്കേണ്ടി വരുമെന്നും ബി.ജെ.പി നേതാവ് കെ. സുരേന്ദ്രന്‍.

പൊലീസിന്റെ സന്നാഹങ്ങളുമായാണ് യുവതികള്‍ മല കയറിയിരിക്കുന്നത്. ഗുരുതരമായ തെറ്റാണ് ഐ.ജി ശ്രീജിത്തിന്റെ ഭാഗത്ത് നിന്നും ഉണ്ടായത്. പൊലീസ് ആക്ഷന്‍ സെക്ഷന്‍ 43 ഐ.ജി ശ്രീജിത്തിന് അറിയില്ലെന്നാണോ?

പൊലീസിന്റെ വേഷങ്ങളോ ചിഹ്നങ്ങളോ ആയുധങ്ങളോ മറ്റാര്‍ക്കും കൈമാറാന്‍ പാടില്ലെന്നാണ് സെക്ഷന്‍ 43 ല്‍ പറഞ്ഞിരിക്കുന്നത്. പൊലീസിന്റെ വേഷവും ഷീല്‍ഡും ശബരിമലയുടെ ആചാരലംഘനത്തിന് ഇറങ്ങിപ്പുറപ്പെട്ട യുവതികള്‍ക്ക് നല്‍കിയത് ഗുരുതരമായ ചട്ടലംഘനമാണ്.

കഴിഞ്ഞ ദിവസം കേരള പൊലീസ് അവരുടെ ഒഫീഷ്യല്‍ ഫേസ്ബുക്ക് പേജില്‍ ഇട്ടിരിക്കുന്നത് ഇരുമുടിക്കെട്ടുമായി വരുന്നവര്‍ക്ക് സഹായം ചെയ്യുമെന്നാണ്.

ഈ യുവതികള്‍ക്ക് എന്ത് അടിസ്ഥാനത്തിലാണ് പൊലീസ് വേഷം നല്‍കിയത്. ഇവര്‍ക്ക് ഇത് ആരാണ് കൈമാറിയത്. ഏത് വകുപ്പിന്റെ അടിസ്ഥാനത്തിലാണ് ഐ.ജി ശ്രീജിത് ഇത് നല്‍കിയത്. വേഷം മാത്രമല്ല ഷീല്‍ഡും ഹെല്‍മറ്റും ആരാണ് കൊടുത്തത് ? ഇവര്‍ക്ക് എന്താണ് ഇതിന് അധികാരം? ഇതിനെല്ലാം മുഖ്യമന്ത്രി മറുപടി പറയണം.

കണ്ടവര്‍ക്ക് നിരങ്ങാനുള്ളതാണോ പൊലീസിന്റെ വേഷം ? ഇപ്പോള്‍ കടകംപള്ളി സുരേന്ദ്രന്‍ ഉരുളുകയാണ്. പച്ചയായ ഇരട്ടത്താപ്പാണ് അദ്ദേഹം കാണിക്കുന്നത്. എങ്ങനെയെങ്കിലും റിവ്യൂ പെറ്റീഷന്‍ പരിഗണിക്കുന്നതിന് മുന്‍പ് സന്നിധാനത്ത് സ്ത്രീകളെ എത്തിക്കാനാണ് സര്‍ക്കാര്‍ ശ്രമിച്ചത്.

സര്‍ക്കാര്‍ എഴുതിയ തിരക്കഥയാണ് ഇത്. മനപൂര്‍വം സര്‍ക്കാര്‍ പ്രകോപനം ഉണ്ടാക്കുന്നു. ശക്തമായ തിരിച്ചടിയുണ്ടാകും. നിയമം കയ്യിലെടുക്കുന്ന സാഹചര്യം ഉണ്ടാകും.

യുവതികളുടെ പശ്ചാത്തലം അന്വേഷിക്കേണ്ടിയിരുന്നു എന്ന് മന്ത്രി പറയുന്നു. എന്തുകൊണ്ട് ഇവര്‍ രഹ്ന ഫാത്തിമയുടെ പശ്ചാത്തലം അന്വേഷിച്ചില്ല. ഇവര്‍ക്ക് അറിയാഞ്ഞിട്ടാണോ?

ഇക്കാലം വരെ മറ്റേതെങ്കിലും മതവിഭാഗങ്ങളുടെ തര്‍ക്കങ്ങളില്‍ മതവിശ്വാസികളല്ലാത്തവര്‍ കക്ഷി ചേര്‍ന്നിട്ടുണ്ടോ? ഹിന്ദുക്കളും ശബരിമലയും അന്യമതസ്ഥര്‍ക്ക് കയറിയിരുന്ന് കൊട്ടാനുള്ള ചെണ്ടയല്ല.

ആ മതത്തിലുള്ളവര്‍ ഇവരെ തിരുത്താന്‍ തയ്യാറാകണം. മതവികാരം വ്രണപ്പെടുത്താന്‍ ശ്രമിച്ചാല്‍ തിരിച്ചടിയുണ്ടാകും. ഏത് വിശ്വാസത്തിന്റെ അടിസ്ഥാനത്തിലാണ് ഇവര്‍ മലകയറിയത്. സര്‍ക്കാരിന്റേത് മ്ലേച്ഛമായ നിലപാടാണ്. വിശ്വാസത്തെ തകര്‍ക്കാനുള്ള ഗൂഢാലോചനയാണ് ഇത്.

ശബരിമലയിലെ വിശ്വാസം തകര്‍ക്കാന്‍ സര്‍ക്കാര്‍ ഇറങ്ങിയ സാഹചര്യത്തില്‍ അതിനെ ചെറുത്തുതോല്‍പ്പിക്കാന്‍ ഞങ്ങള്‍ക്കും ഇറങ്ങേണ്ടി വരും. ഇത് വരെ തികഞ്ഞ സംയമനം കാണിച്ചു. ശബരിമല കുരുതിക്കളമാകാന്‍ പാടില്ല എന്നതുകൊണ്ടാണ് അത്. അല്ലാതെ അറിയാത്തതുകൊണ്ടല്ലെന്നും കെ. സുരേന്ദ്രന്‍ പറഞ്ഞു.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ

LEAVE A REPLY

Please enter your comment!
Please enter your name here