അബ്ദുല്‍ റസാഖിന്റെ മരണം, 89 വോട്ടിന്റെ ജയം കള്ളവോട്ട് മൂലമെന്നാരോപിച്ചുള്ള കേസിന്റെ വിധി വരും മുന്‍പേ: ഉപതിരഞ്ഞെടുപ്പ് ബിജെപിക്കൊരു അഗ്നിപരീക്ഷണം

0
249

കാസര്‍ഗോഡ്(www.mediavisionnews.in): ശബരിമല സ്ത്രീ പ്രവേശനത്തിന്റെ വിവാദങ്ങള്‍ക്കിടയില്‍ അബ്ദുള്‍ റസാഖ് എംഎല്‍എയുടെ അപ്രതീക്ഷിത വിയോഗത്തിലൂടെ കേരളം വീണ്ടും ഒരു ഉപതെരഞ്ഞെടുപ്പിലേക്ക് പോകുകയാണ്.ലോക്‌സഭയില്‍ കേരളത്തില്‍ നേട്ടമുണ്ടാക്കാഗ്രഹിക്കുന്ന മൂന്ന് മുന്നണികള്‍ക്കും മഞ്ചേശ്വരം അതി നിര്‍ണ്ണായകമാണ്. ബിജെപിയുടെ സ്വാധീനമാണ് ഇതില്‍ പ്രധാനം. കഴിഞ്ഞ തവണ മഞ്ചേശ്വരത്ത് ബിജെപിയോട് അബ്ദുള്‍ റസാഖ് ജയിച്ചത് വെറും 89 വോട്ടിനാണ്. ഇപ്പോഴും കള്ളവോട്ടില്‍ ഹൈക്കോടതിയില്‍ കേസ് തുടരുന്നു.

ഇനി ഈ കേസ് തന്നെ അപ്രസക്തമാണ്. മഞ്ചേശ്വരത്ത് പുതിയ എംഎല്‍എ അനിവാര്യമായിരിക്കുകയാണ്.2011ലും 2016ലും കെ സുരേന്ദ്രനുമായിരുന്നു ബിജെപി സ്ഥാനാര്‍ത്ഥി. മഞ്ചേശ്വരത്ത് താമസിച്ച്‌ കന്നഡ പഠിച്ച്‌ അണികളെ ഇളക്കി മറിച്ച്‌ മഞ്ചേശ്വരത്ത് സുരേന്ദ്രന്‍ നിറഞ്ഞു. ബിജെപിയുടെ തീപ്പൊരി നേതാവ് ജനസ്വാധീനം കൂട്ടി. കര്‍ണ്ണാടകയിലെ ആര്‍ എസ് എസും സുരേന്ദ്രന് വേണ്ടി അക്ഷീണം പ്രയത്‌നിച്ചപ്പോള്‍ 2016ല്‍ വിജയം കപ്പിനും ചുണ്ടിനും ഇടയില്‍ നഷ്ടമായി.

കള്ളവോട്ടിന്റെ കണക്കുകള്‍ നിരത്തി സുരേന്ദ്രന്‍ ഹൈക്കോടതിയില്‍ എത്തി. കേസില്‍ നിര്‍ണ്ണായക പരാമര്‍ശം കോടതി നടത്തി. മരിച്ചവര്‍ പോലും വോട്ട് ചെയ്തുവെന്ന് തിരിച്ചറിഞ്ഞു. ഗള്‍ഫിലുള്ളവരും കള്ളവോട്ടില്‍ സംശയ നിഴലിലായി. സമന്‍സ് പോലും കൊടുക്കാനാവാതെ ചിലര്‍ കേസ് അട്ടിമറിക്കാനും ശ്രമിച്ചു.ചെര്‍ക്കളം അബ്ദുള്ള കോട്ടയാക്കിയ മഞ്ചേശ്വരം. ഇടയ്ക്ക് വിള്ളലുണ്ടാക്കി ഇടതു പക്ഷം എത്തിയപ്പോള്‍ മുസ്ലിം ലീഗ് ആകെ പ്രതിസന്ധിയിലായി. കാസര്‍ഗോഡിന്റെ രാഷ്ട്രീയം ലീഗിന് എതിരാകാനുള്ള സാധ്യത പോലും തിരിച്ചറിഞ്ഞു.

കേരളത്തിന്റെ വടക്കേ അറ്റത്തെ മഞ്ചേശ്വരത്തില്‍ ബിജെപിയും എന്നും കരുത്തരായിരുന്നു. ഈ ത്രികോണ പോരിന്റെ ചൂടില്‍ ചെര്‍ക്കുളം 2006ല്‍ മൂന്നാമതായി. ഇതോടെ ലീഗിന് തിരിച്ചടി നേരിട്ടെന്ന് ഏവരും കരുതി. ഈ മൂന്നാം സ്ഥാനത്ത് നിന്ന് മഞ്ചേശ്വരത്തെ പിടിച്ചെടുക്കാന്‍ ലീഗ് കണ്ടെത്തിയ തുറുപ്പ് ചീട്ടായിരുന്നു അബ്ദുള്‍ റസാഖ്. മഞ്ചേശ്വരത്തെ സിപിഎം കോട്ടയാക്കിയെന്ന് കരുതിയ ഇടതുപക്ഷത്തെ ഞെട്ടിച്ച്‌ ന്യൂനപക്ഷ വോട്ടുകള്‍ വീണ്ടും ലീഗ് ചിഹ്നത്തില്‍ എത്തി. 5828 വോട്ടിന് വീണ്ടും അതിര്‍ത്തി മണ്ഡലത്തെ വലതു പക്ഷത്ത് എത്തിച്ചു. 2016ല്‍ 89 വോട്ടിനും നിലനിര്‍ത്തി.

ഈ സാഹചര്യമാണ് അബ്ദുള്‍ റസാഖിന്റെ മരണത്തെ രാഷ്ട്രീയമായി ഏറ്റവും ശ്രദ്ധേയമാകുന്നത്. ഇതിനെയെല്ലാം നിയമപോരാട്ടത്തിലൂടെ അതിജീവിക്കാന്‍ സുരേന്ദ്രന്‍ കരുക്കള്‍ നീക്കുമ്ബോഴാണ് അബ്ദുള്‍ റസാഖിന്റെ മരണം. ന്യൂനപക്ഷ വോട്ടുകളുടെ കേന്ദ്രീകരണത്തെ മറികടക്കാനുള്ള പ്രാദേശിക വോട്ട് ബാങ്ക് ബിജെപിക്കും ഈ മണ്ഡലത്തിലുണ്ട്. സുരേന്ദ്രനെ തന്നെ വീണ്ടും സ്ഥാനാര്‍ത്ഥിയാക്കാന്‍ തന്നെയാണ് സാധ്യത. ബിജെപിയുടെ ദേശീയ അധ്യക്ഷന്‍ അമിത് ഷാ നേരിട്ട് തന്നെ മഞ്ചേശ്വരത്തെ നിയന്ത്രിക്കും.

നേമത്തിന് ശേഷം വീണ്ടുമൊരു മണ്ഡലം സ്വന്തമാക്കാനുള്ള സുവര്‍ണ്ണവസരാണ് ഇതെന്ന് ബിജെപി നേതൃത്വം ഇപ്പോള്‍ തന്നെ തിരിച്ചറിഞ്ഞിട്ടുണ്ട്. അതിനാല്‍ സുരേന്ദ്രനെ മാറ്റാന്‍ ദേശീയ നേതൃത്വവും തയ്യാറാകില്ല.കര്‍ണ്ണാടക തെരഞ്ഞെടുപ്പില്‍ മംഗലാപുരം മേഖലയിലെ കാര്യങ്ങള്‍ ബിജെപിക്കായി നോക്കിയത് സുരേന്ദ്രനായിരുന്നു. എല്ലായിടത്തും വിജയിക്കുകയും ചെയ്തു.

അതുകൊണ്ട് തന്നെ മഞ്ചേശ്വരത്ത് സുരേന്ദ്രന്‍ വീണ്ടും മത്സരിക്കാനെത്തുമ്ബോള്‍ കര്‍ണ്ണാടകത്തിലെ പരിവാറുകാര്‍ ഒന്നടങ്കം കന്നഡിഗരുടെ മനസ്സ് സുരേന്ദ്രന് അനുകൂലമാക്കാന്‍ രംഗത്ത് വരും. ഇതു തന്നെയാണ് മുസ്ലിം ലീഗിനും സിപിഎമ്മിനും തിരിച്ചടിയാവുക.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ

LEAVE A REPLY

Please enter your comment!
Please enter your name here