ഉപ്പള(www.mediavisionnews.in): ആർഎസ‌്എസ‌് ക്രിമിനലുകൾ കൊലപ്പെടുത്തിയ സോങ്കാൽ പ്രതാപ‌്നഗറിലെ അബൂബക്കർ സിദ്ദിഖിന്റെ വീട്ടിലെത്തിയ സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ‌്ണനെ രക്തസാക്ഷിയുടെ ജ്യേഷ‌്ഠൻ മുഹമ്മദ‌് ആഷിഖ‌് സ്വീകരിച്ചു. ആഷിഖിന്റെ കരംഗ്രഹിച്ചു കോടിയേരി; ജനകീയ പ്രസ്ഥാനത്തിന്റെ കരുത്തുറ്റ പിന്തുണ പ്രകടിപ്പിച്ചു. അനുജന്റെ സ‌്മരണകൾ ആഷിഖിന്റെ മുഖത്ത‌് പ്രതിഫലിച്ചു; കണ്ണുകൾ നിറഞ്ഞു. കോടിയേരിയുടെ സാന്നിധ്യവും സാന്ത്വനവും ആത്മധൈര്യം പകർന്നപ്പോൾ ആഷിഖിന്റെ കണ്ണുകളിൽ തിളക്കം.
ഉമ്മയെയും സഹോദരങ്ങളെയും കാണാൻ കോടിയേരിയെ അകത്തെ മുറിയിലേക്ക‌് നയിച്ചു. ഉമ്മ ആമിനയും സഹോദരി ആയിഷത്ത‌് ഷാഹിനയും കൊച്ചനുജൻ ഷിഹാദും ബന്ധുക്കളും മുറിയിലുണ്ട‌്. കോടിയേരി ഇവരോട‌് സംസാരിച്ചു. സാന്ത്വനത്തിന്റെയും ആത്മധൈര്യത്തിന്റെയും വാക്കുകൾ. കൊലയാളികളെ വെറുതെ വിടരുത‌്. കോടതിയിൽനിന്ന‌് കടുത്ത ശിക്ഷ വാങ്ങിക്കൊടുക്കണം– സിദ്ദിഖിന്റെ കുടുംബാംഗങ്ങൾ ആവശ്യപ്പെട്ടു.
സർക്കാരും പൊലീസും സ്വീകരിച്ച നടപടികൾ കോടിയേരിയും മറ്റ‌് നേതാക്കളും ഉമ്മ ആമിനയെയും സഹോദരങ്ങളെയും ബോധ്യപ്പെടുത്തി. ആർഎസ‌്എസ്സുകാരായ രണ്ട‌് പ്രതികൾക്ക‌് ഇതുവരെ ജാമ്യം ലഭിച്ചിട്ടില്ല. തിങ്കളാഴ‌്ചയോടെ കോടതിയിൽ പ്രത്യേക അനേഷണ സംഘം കുറ്റപത്രം നൽകും. വിചാരണ വേഗത്തിലാക്കാൻ സ‌്പെഷ്യൽ പ്രോസിക്യൂട്ടറെ നിയമിക്കും. വർഗീയതയ‌്ക്കൂം സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങൾക്കുമെതിരെ പോരാടിയതിന‌് അരുംകൊല ചെയ‌്ത ആർഎസ‌്എസ‌് കൊലയാളികൾക്ക‌് തക്കതായ ശിക്ഷ ലഭിക്കാൻ നിയമപരമായ എല്ലാ സംവിധാനങ്ങളും ഒരുക്കുമെന്ന‌് കോടിയേരി കുടുംബാംഗങ്ങൾക്ക‌് ഉറപ്പുനൽകി.
കുടുംബത്തിന്റെ വിശേഷങ്ങൾ കോടിയേരി ചോദിച്ചറിഞ്ഞു. ഖത്തറിൽ ബൂഫിയ നടത്തിയിരുന്ന ഉപ്പ അബ്ദുൾ അസീസ‌് നാട്ടിലെത്തിയപ്പോഴാണ‌് 43 –ാം വയസ്സിൽ വാഹനാപകടത്തിൽ മരിച്ചത‌്. അകാലത്തിൽ വിധവയായ ഉമ്മ ആമിന പിന്നെ മക്കകൾക്കായാണ‌് ജീവിച്ചത‌്. മക്കളായ ആഷിഖും അബൂബക്കർ സിദ്ദിഖുമായിരുന്നു കുടുംബത്തിന്റെ ആശ്രയം. ഇരുവരും ചെറുപ്പം മുതലേ ജോലി നോക്കി. ആഷിഖ‌് ഖത്തറിൽ ബൂഫിയയിൽ ജോലിക്ക‌് പോയപ്പോൾ അബൂബബക്കർ സിദ്ദിഖാണ‌് വീട്ടുകാർക്ക‌് തുണയായി നാട്ടിലുണ്ടായിരുന്നത‌്. പഠനത്തിനൊപ്പം കൂലിപ്പണിയെടുത്തും സിദ്ദിഖ‌് വരുമാനം കണ്ടത്തി. ബിജെപി ശക്തികേന്ദ്രത്തിൽ സിപിഐ എം പ്രവർത്തകരായതിനാൽ ജ്യേഷ‌്ഠൻ ആഷിഖിനും സിദ്ദിഖിനും ആർഎസ‌്എസ‌് ഭീഷണിയുണ്ടായിരുന്നു.
തെരഞ്ഞെടുപ്പ‌് പ്രചാരണം നടത്തിയതിന‌് സിദ്ദിഖിന്റെ വീട‌് ആക്രമിച്ചു. ആഷിഖിനൊപ്പം ഖത്തറിൽ ബൂഫിയയിൽ ജോലിക്ക‌് പോയ സിദ്ദിഖ‌് നാട്ടിലെത്തിയപ്പോഴാണ‌് കഴിഞ്ഞ ആഗസ‌്ത‌് അഞ്ചിന‌് രാത്രി കൊല്ലപ്പെട്ടത‌്. വർഗീയ ചേരിതിരിവുണ്ടാക്കി പ്രതാപ‌്നഗറിനെ ഭീതിയിലാഴ‌്ത്തി ആർഎസ‌്എസ‌്, ബിജെപി സംഘങ്ങൾ നടത്തുന്ന വ്യാജ മദ്യക്കച്ചവടത്തിനും സാമൂഹ്യവിരുദ്ധ പ്രവർത്തനത്തിനുമെതിരെ പ്രതികരിച്ചതിനാണ‌് അബൂബക്കർ സിദ്ദിഖ‌് കൊല്ലപ്പെടുന്നത‌്.
ഡിവൈഎഫ‌്ഐ പ്രവർത്തകനായ അബൂബക്കർ സിദ്ദിഖിന്റെ കുടുംബത്തെ സഹായിക്കാൻ ജില്ലാകമ്മിറ്റി നടത്തിയ ഫണ്ട‌് പിരിവിന‌് വലിയ പിന്തുണയാണുണ്ടായത‌്. 39,12,676 രൂപ ഹുണ്ടിക പിരിവിലൂടെ ശേഖരിച്ചു. ബിജെപി, ആർഎസ‌്എസ‌് ഫാസിസത്തിനെതിരെ ജില്ലയിലെ ജനങ്ങൾ ഒറ്റമനസോടെയാണ‌് പ്രതികരിച്ചത‌്‌് സിപിഐ എം ജില്ലാസെക്രട്ടറി എം വി ബാലകൃഷ‌്ണൻ, സംസ്ഥാന കമ്മിറ്റിയംഗങ്ങളായ കെ പി സതീഷ‌് ചന്ദ്രൻ, സി എച്ച‌് കുഞ്ഞമ്പു, ഡിവൈഎഫ‌്ഐ സംസ്ഥാന വൈസ‌് പ്രസിഡന്റ‌് കെ മണികണ‌്ഠൻ, ജില്ലാ പ്രസിഡന്റ‌് പി കെ നിഷാന്ത‌്, സെക്രട്ടറി സി ജെ സജിത്ത‌് എന്നിവരും കോടിയേരിക്കൊപ്പമുണ്ടായിരുന്നു.