റിയാദ്(www.mediavisionnews.in): മലയാളികളുള്‍പ്പടെ അഞ്ച് ഇന്ത്യക്കാരെ ജീവനോടെ കുഴിച്ചുമൂടിയ കേസിലെ പ്രതികളായ മൂന്നു സൗദി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി. ഖാതിഫിലാണ് ശിക്ഷ നടപ്പിലാക്കിയത്. മുഖ്യ പ്രതികളായ യൂസുഫ്, ജാസിം ഹസന്‍ മുതവ്വ, അമ്മാര്‍ യുസ്‌റാ അലി അല്‍ ദഹീം, മുന്‍തദാ ബിന്‍ ഹാഷിം ബിന്‍ മുഹമ്മദ് എന്നിവരുടെ ശിക്ഷയാണ് നടപ്പിലാക്കിയത്.
ഖാതിഫിനടുത്ത് സഫ്‌വയിലുള്ള ഫാമിലാണ് പ്രതികള്‍ ഇന്ത്യക്കാരെ ജീവനോടെ കുഴിച്ചുമൂടിയത്. 2014ല്‍ അലി ഹബി എന്ന സൗദി പൗരന്‍ ഫാം പാട്ടത്തിനെടുത്തപ്പോഴാണ് അസ്ഥികള്‍ കണ്ടെടുത്തത്. തുടക്കത്തില്‍ ഇവ മൃഗങ്ങളുടേതാണെന്ന് സംശയിച്ചിരുന്നെങ്കിലും സമീപത്ത് നിന്ന് വസ്ത്രങ്ങളുടെ അവശിഷ്ടം കൂടി കണ്ടെത്തുകയായിരുന്നു.
കൈയുംകാലുകളും കയറുപയോഗിച്ച് കെട്ടുകയും വായില്‍ തുണിയും തിരുകിയ നിലയിലാണ് അസ്ഥികള്‍ കണ്ടെടുത്തിരുന്നത്.
സലീമിന്റെ കൈയിലുണ്ടായിരുന്ന മോതിരവും ഇഖാമയുമാണ് ഇരകളെ തിരിച്ചറിയാന്‍ സഹായിച്ചിരുന്നത്. രണ്ട് ദിവസത്തോളം പീഢിപ്പിച്ചതിനുശേഷമാണ് ജീവനോടെ കുഴിച്ചുമൂടുന്നത്. മയക്കുമരുന്ന് ലഹരിയിലാണ് പ്രതികള്‍ നടത്തിയതെന്നും കണ്ടെത്തിയിരുന്നു.