റിയാദ് (www.mediavisionnews.in) : സൗദി അറേബ്യയിലെ റിയാദിൽ മലയാളിയെ നാലംഗ സംഘം വെട്ടിപ്പരിക്കേല്‍പിച്ച് പണം കവര്‍ന്നു. റിയാദിലെ കെ.എം.സി.സി നേതാവും സാമൂഹിക പ്രവര്‍ത്തകനുമായ ഓമാനൂര്‍ അഷ്‌റഫിനെയാണ് ചൊവ്വാഴ്ച വൈകിട്ട് നാലംഗ സംഘം മാരകമായി പരിക്കേല്‍പ്പിച്ചത് .
ഇദ്ദേഹത്തിന്റെ കൈവശമുണ്ടായിരുന്ന 2300 റിയാലും കവര്‍ന്നു .അഷ്‌റഫിന് ജോലി ചെയ്ത സ്ഥാപനത്തില്‍ നിന്ന് ലഭിച്ച ശമ്പളമായിരുന്നു ഇത് . റിയാദ് ബാങ്കിന് സമീപത്തെ ഗല്ലിയിലാണ് സംഭവം നടന്നത്
ജോലി കഴിഞ്ഞ് റൂമിലേക്ക് പോകുമ്പോള്‍ നാലംഗ സംഘം റൂമിന്റെ വാതില്‍ക്കല്‍ വെച്ചാണ് അഷ്‌റഫിനെ പിടികൂടിയത്. പാന്റും ടീഷര്‍ട്ടും ധരിച്ച് അറബി സംസാരിക്കുന്ന നാലംഗ സംഘം അഷ്‌റഫിന്റെ ശരീരമാസകലം അവരുടെ കയ്യിലുണ്ടായിരുന്ന ഇരുമ്പുവടി കൊണ്ട് അടിക്കുകയായിരുന്നു.
ശേഷം വസ്ത്രങ്ങള്‍ പരിശോധിച്ച സംഘം പേഴ്‌സിലുണ്ടായിരുന്ന 2300 റിയാല്‍ എടുത്ത് ഇഖാമ (സൗദി താമസാനുമതി രേഖ )വലിച്ചെറിഞ്ഞ് രക്ഷപ്പെടുകയായിരുന്നു . തലക്ക് മാരകമായി പരിക്കേറ്റ നിലയില്‍ രക്തമൊലിച്ച് നില്‍ക്കുകയായിരുന്ന അഷ്‌റഫിനെ അതുവഴി വന്ന മറ്റൊരു മലയാളിയാണ് ക്ലിനിക്കിലെത്തിച്ചത് . അവിടെ നിന്ന് പ്രാഥമിക ചികിത്സ നല്‍കിയ ശേഷം പോലീസില്‍ വിവരമറിയിച്ചു.
പോലീസ് ആവശ്യപ്പെട്ട പ്രകാരം റിയാദിലെ ശുമേസി ആശുപത്രിയിലെത്തിക്കുകയായിരുന്നു . തലയില്‍ 30- ലധികം തുന്നലുണ്ട്. പിന്നീട് റിയാദ് ബത്ഹ പോലീസില്‍ ഹാജരാക്കി മൊഴി രേഖപ്പെടുത്തി. ബത്ഹ പോലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചിട്ടുണ്ട് .