സ്കൂട്ടറിലെത്തി മാലിന്യം തള്ളി; കയ്യോടെ പൊക്കി

0
240

കാസർകോട്(www.mediavisionnews.in): ഉറക്കമൊഴിച്ച് കാത്തിരുന്നതിനു ഫലമുണ്ടായി, ചാക്കുകളിൽ നിറച്ച് മാലിന്യം തള്ളാൻ  സ്കൂട്ടറിലെത്തിയയാളെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപിച്ചു. കാസർകോട് ഫോർട്ട് റോഡിൽ നിന്നാണ് കഴിഞ്ഞ ദിവസം നഗരത്തിലെ ഹോട്ടലിലെ അന്യ സംസ്ഥാന തൊഴിലാളിയെ സ്കൂട്ടറുമായി പിടികൂടിയത്. ഒടുവിൽ ഹോട്ടലുടമയെ വിളിച്ചുവരുത്തി, ഇരുവർക്കെതിരെ കേസെടുക്കുകയും സ്കൂട്ടർ കോടതിയിൽ ഹാജരാക്കുകയും ചെയ്തു. തള്ളിയ മുഴുവൻ മാലിന്യവും മാറ്റിയതിനുശേഷമാണ് ഇവരെ തിരിച്ച് അയച്ചത്.

രാത്രികാലങ്ങളിലും മറ്റുമായി നഗരത്തിലെ ഹോട്ടലുകൾ ഉൾപ്പെടെയുള്ള വ്യാപാര സ്ഥാപനങ്ങളിൽ നിന്നു വൻതോതിൽ മാലിന്യച്ചാക്കുകൾ ജനവാസ പ്രദേശങ്ങളിൽ തള്ളുകയാണ്. ഇതേ തുടർന്ന് ഇവരെ പിടികൂടാനാണ് രാത്രി നഗരസഭയിലെ ഫോർട്ട് റോഡിൽ വാർഡ് കൗൺസിലർ റാഷിദ് പൂരണത്തിന്റെ നേതൃത്വത്തിൽ സംഘം കാവലിരുന്നത്. കഴിഞ്ഞ രണ്ടു ദിവസം പുലർച്ചെ തള്ളുന്നവരെ കാത്തിരുന്നുവെങ്കിലും എത്തിയിരുന്നില്ല. ശനിയാഴ്ച രാത്രി സ്കൂട്ടറിൽ മാലിന്യവുമായി എത്തിയപ്പോഴാണ് കയ്യോടെ പിടികൂടി പൊലീസിൽ ഏൽപിച്ചത്.

പരിസരമാകെ മാലിന്യമയം 

ഒരു മാസത്തിലധികമായി ഫോർട്ട് റോഡിലെ ഒഴിഞ്ഞ പറമ്പിലേക്കു മാലിന്യം വലിച്ചെറിയാൻ തുടങ്ങിയിട്ട്. ഇതു പരിസരവാസികൾക്ക് ഏറെ ദുരിതമായിരുന്നു. മാലിന്യ ചാക്കുകളുടെ അമിത ഭാരം മൂലം തള്ളാനെത്തുന്നവർ റോഡിൽ ഉപേക്ഷിക്കുന്നത് വാഹനങ്ങൾക്കും കാൽനടയാത്രക്കാർക്കും പ്രയാസമാണ്. ഇതിനു പുറമെ അനുദിനം മാലിന്യ ചാക്കുകൾ റോഡിൽ പെരുകുന്നത് നാട്ടുകാർക്കു ദുരിതമാവുകയായിരുന്നു.

പാതിരാത്രിയിലും മറ്റുമായി ഉപേക്ഷിച്ച് കടന്നു കളയുന്നതിനാൽ പലപ്പോഴും ഇവരെ പിടികൂടാനായിരുന്നില്ല. പാതയോരങ്ങളിൽ തള്ളിയ മാലിന്യങ്ങൾ പലതവണ തൊഴിലാളികളെ ഉപയോഗിച്ച് നീക്കുകയായിരുന്നു. മാലിന്യം തള്ളുന്നത് നഗരസഭാംഗം നഗരസഭയെയും പൊലീസിനെയും ജില്ലാ ഭരണകൂടത്തെയും വിവരം അറിയിച്ചതിനു ശേഷമാണ് ഇത്തരക്കാരെ പിടികൂടാൻ രാത്രി മുഴുവനും തന്റെ സഹപ്രവർത്തകരോടൊപ്പം സ്ക്വാഡ് പ്രവർത്തനത്തിനിറങ്ങിയത്. </p>

പിടികൂടിയത് ഹോട്ടൽ മാലിന്യം

ഫോർട്ട് റോഡിൽ നിന്നു പിടികൂടിയത് നഗരത്തിലെ പ്രമുഖ ഹോട്ടലിലെ മാലിന്യം. ഹോട്ടൽ ജീവനക്കാരനെയും നടത്തിപ്പുകാരനെയും വാഹനത്തെയുമാണ് നാട്ടുകാർ പിടികൂടി പൊലീസിനു കൈമാറിയത്. മാലിന്യം തള്ളുന്നവരെ കണ്ടാൽ അവരെ കൊണ്ട് മാലിന്യം തിരിച്ചെടുപ്പിക്കുകയാണ് നാട്ടുകാർ ചെയ്യുന്നത്. തുടർന്നുള്ള ദിവസങ്ങളിലും ഇത്തരക്കാർക്കെതിരെ ഇവിടെ ശക്തമായ നടപടികൾ കൈക്കൊള്ളുമെന്നും നഗരസഭാംഗം റാഷിദ് പൂരണം അറിയിച്ചു.

നിരീക്ഷണ ക്യാമറകൾ സ്ഥാപിച്ച് നാട്ടുകാർ

നഗരത്തിലെ ഫോർട്ട് റോഡ് വാർഡിലെ വിവിധയിടങ്ങളിൽ മാലിന്യം തള്ളുന്നവരെ പിടികൂടുന്നതിനായി നിരീക്ഷണ ക്യാമറകൾ സ്ഥാപിച്ചത് നാട്ടുകാർ തന്നെയാണ്. ചില കേന്ദ്രങ്ങളിൽ ടൺകണക്കിനു മാലിന്യങ്ങളാണ് ചാക്കുകളിൽ നിറച്ച് തള്ളിയിരുന്നത്. പല തവണ താക്കീതുകൾ നൽകിയെങ്കിലും രക്ഷയില്ല, ഒടുവിലാണ് പലയിടങ്ങളിലായി ക്യാമറകൾ സ്ഥാപിച്ചത്. ഇതോടെ സ്ഥലം മാറ്റിയായിരുന്നു പിന്നീടുള്ള മാലിന്യം തള്ളൽ. ഇതേക്കുറിച്ച് നഗരസഭയോടു പരാതി പറഞ്ഞാൽ അവർ കൈമലർത്തുകയാണ്. തുടർന്നാണ് നാട്ടുകാർ ഉറക്കമൊഴിച്ച് മാലിന്യം തള്ളുന്നവരെ പിടികൂടാനെത്തിയത്.

അറിയിക്കുക, പാരിതോഷികം ഉണ്ട്

കാസർകോട് ജില്ലയിലെ ജലസ്രോതസ്സുകൾ, പൊതുഇടങ്ങളിലും മാലിന്യങ്ങൾ വലിച്ചെറിയുകയോ നിക്ഷേപിക്കുകയോ പ്ലാസ്റ്റിക് മാലിന്യങ്ങൾ കത്തിക്കുകയോ ചെയ്യുന്നത് കണ്ടാൽ അറിയിക്കുക, ഇവർക്കെതിരെ കർശനം നടപടി സ്വീകരിക്കുമെന്ന് കലക്ടർ ഡോ.ഡി.സജിത്ത്ബാബു അറിയിച്ചു. വിവരം അറിയിക്കുന്നവർക്കു പാരിതോഷികവും ഉണ്ട്. 8547931565.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here