വിസ്മയം തീര്‍ത്ത മാന്ത്രിക വിരലുകളുടെ സ്പന്ദനം നിലച്ചു; വയലിനിസ്റ്റ് ബാലഭാസ്‌കര്‍ അന്തരിച്ചു

0
242

തിരുവനന്തപുരം(www.mediavisionnews.in): വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന പ്രശസ്ത വയലിനിസ്റ്റും സംഗീത സംവിധാനകനുമായ ബാലഭാസ്‌കര്‍ (40) അന്തരിച്ചു. ഹൃദയസ്തംഭനത്തേത്തുടര്‍ന്ന് ചൊവ്വാഴ്ച പുലര്‍ച്ചെ 12.55 നായിരുന്നു അന്ത്യം. അപകടത്തില്‍ ഗുരുതര പരിക്കേറ്റ അദ്ദേഹം തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. കഴുത്തിനും സുഷുമ്നാനാഡിക്കും ശ്വാസകോശത്തിനുമായിരുന്നു ബാലഭാസ്‌കറിന് പരിക്ക്.

കഴിഞ്ഞ മാസം 25 ന് പുലർച്ചെയാണ് തിരുവനന്തപുരത്തിനടുത്ത്​ പള്ളിപ്പുറത്ത്​ വെച്ച് ബാലഭാസ്​കറും കുടുംബവും സഞ്ചരിച്ച കാർ അപകടത്തില്‍പ്പെട്ടത്. നിയന്ത്രണം നഷ്ടപ്പെട്ട കാർ വലതുവശത്തേക്കു തെന്നിമാറി റോഡരികിലെ മരത്തിൽ ഇടിക്കുകയായിരുന്നു. രണ്ടു വയസ്സുകാരി മകൾ തേജസ്വിനിയെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെട്ടിരുന്നു. ഭാര്യ ലക്ഷ്​മിയെയും ബാലഭാസ്​കറിനെയും ഡ്രൈവർ അർജുനെയും ഗുരുതരമായ പരിക്കുകളോടെ ആശുപത്രിയിലാക്കിയിരുന്നു. ലക്ഷ്​മി ഇപ്പോഴും ആശുപത്രിയില്‍ ചികിത്സയിലാണ്.

മകളുടെ പേരിലുള്ള വഴിപാടുകൾക്കായി 23നു തൃശൂർക്കു പോയ കുടുംബം ക്ഷേത്രദർശനം കഴിഞ്ഞ് 24നു രാത്രിയോടെ തിരുമലയിലെ വീട്ടിലേക്കു മടങ്ങവേയാണ് അപകടമുണ്ടായത്. മുന്‍സീറ്റിലായിരുന്നു മകളും ബാലഭാസ്‌കറും ഇരുന്നിരുന്നത്. വാഹനത്തിന്റെ മുന്‍ഭാഗം അപകടത്തില്‍ പൂര്‍ണമായി തകര്‍ന്നിരുന്നു. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്ക് ശേഷം മൃതദേഹം പൊതുദര്‍ശനത്തിന് വെക്കും. ഉച്ചതിരിഞ്ഞ് സംസ്‌കാരചടങ്ങുകള്‍ നടക്കും.

LEAVE A REPLY

Please enter your comment!
Please enter your name here