യുഎഇയുടെ സ്നേഹവായ്പ് എഴുന്നൂറുകോടി രൂപയേക്കാള്‍ വലുത്: പിണറായി വിജയന്‍

0
204

അബുദാബി(www.mediavisionnews.in): യുഎഇയുടെ സ്നേഹവായ്പ് എഴുന്നൂറുകോടി രൂപയേക്കാള്‍ വലുതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ദുരന്ത ബാധിതരെ സ്വമേധയാ സഹായിക്കാന്‍ വിദേശരാജ്യങ്ങളെത്തിയാല്‍ സഹായം സ്വീകരിക്കാമെന്ന ചട്ടം നിലനില്‍ക്കെ കേരളത്തിനു പാടില്ലെന്ന തീരുമാനം കേന്ദ്രസര്‍ക്കാര്‍ കൈക്കൊണ്ടത് എന്തുകൊണ്ടാണെന്നറിയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. അബുദാബിയില്‍ ഇന്ത്യന്‍ സമൂഹത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.

അതേസമയം, പ്രളയം തകര്‍ത്ത കേരളത്തിന് എന്ത് സഹായവും ചെയ്യാന്‍ തയ്യാറെന്ന് യുഎഇ സഹിഷ്ണുതാകാര്യ മന്ത്രി ഷെയ്ഖ് നഹ്യാന്‍ ബിന്‍ മുബാറക് അല്‍ നഹ്യാന്‍ അറിയിച്ചു. മുഖ്യമന്ത്രി പിണറായി വിജയന് അബുദാബിയില്‍ നല്‍കിയ സ്വീകരണ ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മുഖ്യമന്ത്രിയുടെ സാലറി ചലഞ്ച് ഏറ്റെടുത്ത് നിരവധി പ്രവാസികള്‍ വേദിയില്‍ പ്രളയകേരളത്തിനുള്ള സഹായം ഔദ്യോഗികമായി പ്രഖ്യാപിച്ചു.

യുഎഇ ഭരണാധികാരികളുമായി കൂടിക്കാഴ്ച പാടില്ലെന്ന കേന്ദ്ര സര്‍ക്കാരിന്‍റെ കര്‍ശന നിര്‍ദ്ദേശമിരിക്കെ മുഖ്യമന്ത്രിയുടെ സ്വീകരണചടങ്ങിലേക്കെത്തിയ ഷെയ്ഖ് നഹ്യാന്‍ ബിന്‍ മുബാറക് അല്‍ നഹ്യാനെ കൈയ്യടികളോടെയാണ് പ്രവാസി മലയാളികള്‍ സ്വീകരിച്ചത്. യുഎഇയുടെ വളര്‍ച്ചയില്‍ മലയാളികളുടെ സംഭാവന വലുതാണ് അതുകൊണ്ട് തന്നെ കേരള ജനത ജീവിക്കുന്നത് തങ്ങളുടെ ഹൃദയത്തിലാണെന്ന് ഷെയ്ഖ് നഹ്യാന്‍ ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു. പ്രളയം തകര്‍ത്ത കേരളത്തിന് എന്തു സഹായവും ചെയ്യാന്‍ യുഎഇ ഒരുക്കമാണ്.

മുഖ്യമന്ത്രിയുടെ പ്രസംഗം അവസാനിച്ചതോടെ സാലറി ചലഞ്ച് ഏറ്റെടുത്ത പ്രവാസികളില്‍ ചിലര്‍ വേദിയില്‍ കയറി ദുരിതാശ്വാസ ഫണ്ടിലേക്കുള്ള തുക പ്രഖ്യാപിച്ചു. അതിനിടെ പേരുവെളിപ്പെടുത്താത്തൊരാള്‍ കാശ് തരാം പക്ഷെ ശബരിമലയില്‍ രക്തചൊരിച്ചലുണ്ടാവരുതെന്ന അഭ്യര്‍ത്ഥനയും നടത്തി.

നോര്‍ക്ക പ്രിന്‍സിപ്പല്‍ സെക്രട്ടറി ഇളങ്കോവന്‍ നവകേരളത്തിന്‍റെ പുനർനിർമാണ പദ്ധതികളും ഉൾപെടുത്തികൊണ്ടുള്ള മാസ്റ്റർപ്ലാൻ അവതരിപ്പിച്ചു. വ്യവസായ പ്രമുഖര്‍ ഉള്‍പ്പെടെ മൂവായിരത്തോളം പ്രവാസി മലയാളികള്‍ ചടങ്ങിന്‍റെ ഭാഗമായി.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here