മഞ്ചേശ്വരം താലൂക്ക് ഓഫീസ് അഞ്ചുവർഷമായിട്ടും വാടകക്കെട്ടിടത്തിൽത്തന്നെ

0
283

ഉപ്പള(www.mediavisionnews.in): ഏറെക്കാലത്തെ മുറവിളിക്കും കാത്തിരിപ്പിനുമൊടുവിൽ യാഥാർഥ്യമായ മഞ്ചേശ്വരം താലൂക്ക് അഞ്ചാംവർഷം പിന്നിടുമ്പോഴും സ്വന്തമായി കെട്ടിടമായില്ല. അടിസ്ഥാനസൗകര്യങ്ങളുടെ അഭാവവും സ്വന്തമായി കെട്ടിടമില്ലാത്തതും ജീവനക്കാരുടെ കുറവുമെല്ലാമായി ദുരിതക്കയത്തിലാണ് താലൂക്ക്.

വടക്കേയറ്റത്തെ ജനങ്ങളുടെ പതിറ്റാണ്ടുകളായുള്ള ആവശ്യമായിരുന്നു മഞ്ചേശ്വരം താലൂക്ക്. 2014 മാർച്ച് 20-നാണ് അത് യാഥാർഥ്യമായത്. ഒപ്പമനുവദിച്ച വെള്ളരിക്കുണ്ട് താലൂക്കിന് മിനി സിവിൽസ്റ്റേഷൻ സ്ഥാപിക്കാൻ സ്വന്തമായി സ്ഥലവും നിർമാണത്തിനുള്ള ഭരണാനുമതിയും ലഭിച്ചു.

ഉപ്പളയാണ് മഞ്ചേശ്വരം താലൂക്ക് ആസ്ഥാനം. സ്വന്തമായി കെട്ടിടമില്ലാത്തതിനാൽ ഉപ്പള ബസ്സ്റ്റാൻഡിനു മുൻവശത്ത് വാടകക്കെട്ടിടത്തിന്റെ രണ്ടാംനിലയിലാണ് താലൂക്ക് ഓഫീസ് പ്രവർത്തിക്കുന്നത്. പത്ത് സെക്ഷനുകളാണ് ഇവിടെ പ്രവർത്തിക്കുന്നത്.

ഫയലുകളും ഫർണിച്ചറും സൂക്ഷിക്കുന്നതിന് സൗകര്യമില്ല. തിരക്കുള്ള ദിവസങ്ങളിൽ ഫയൽകൂമ്പാരത്തിനിടയിൽ ജീവനക്കാരും ആവശ്യവുമായെത്തുന്നവരും നട്ടം തിരിയും. പോക്കുവരവ് സംവിധാനമുൾപ്പെടെ ഓൺലൈനാണ്. 65 കംപ്യൂട്ടറുകൾ വേണ്ടിടത്ത് ആകെ അനുവദിച്ചത് പതിനഞ്ചോളം മാത്രം.

ഫ്രണ്ട് ഓഫീസ്, മൈക്ക്, നെറ്റ്, ഫാൻ, കുടിവെള്ള സംവിധാനം എന്നിവ ഒരുക്കിയത് ജീവനക്കാർ സ്വന്തംനിലയ്ക്ക്. നിലവിൽ രണ്ട് വാഹനങ്ങളുണ്ട്. എന്നാൽ, സുരക്ഷിതമായി ഇവ കയറ്റിയിടാൻ സൗകര്യമില്ല. കൂടാതെ, മണൽകടത്ത് വണ്ടികളോ മറ്റോ കസ്റ്റഡിയിലെടുത്താൽ അതിനും സൗകര്യമില്ല.

മഞ്ചേശ്വരം പോലീസ് സ്റ്റേഷനെയാണ് ഇപ്പോൾ ആശ്രയിക്കുന്നത്. വേനലിൽ കുടിവെള്ളക്ഷാമം രൂക്ഷമാകും. അപ്പോൾ പ്രാഥമിക ആവശ്യങ്ങൾക്കുപോലും ടൗണിലെ ഹോട്ടലുകളെയും മറ്റും ആശ്രയിക്കേണ്ടിവരുന്നു.

ആളില്ലാ കസേരകൾ

ആകെ 67 ജീവനക്കാരാണ് താലൂക്കോഫീസിൽ ഉള്ളത്. ഇതിൽ പത്ത് ക്ലാർക്കുമാരുടെ തസ്തിക ഒഴിഞ്ഞുകിടക്കുന്നു. വിവിധ വില്ലേജുകളിലായി 11 ഫീൽഡ് അസിസ്റ്റന്റുമാരുടെ ഒഴിവുകളും നികത്തിയിട്ടില്ല. കൂടാതെ, താലൂക്കിൽ നൈറ്റ് വാച്ച്മാൻ തസ്തിക അനുവദിച്ചിട്ടുമില്ല.

വിദൂര ജില്ലകളിൽനിന്ന് വരുന്ന ജീവനക്കാർ ഉടനടി സ്ഥലംമാറ്റം തരപ്പെടുത്തി സ്വന്തം ജില്ലയിലേക്കും മറ്റും പോകുന്നത് പ്രവർത്തനങ്ങളെ പലതരത്തിലും ബാധിക്കുന്നുണ്ട്. താലൂക്ക് വികസനസമിതി യോഗങ്ങളിലടക്കം പലതവണ ചർച്ചചെയ്തിട്ടും ഇതിന് പരിഹാരമായിട്ടില്ല. മതിയായ ജീവനക്കാരില്ലാത്തത് നിലവിലുള്ള ജീവനക്കാർക്കും ആവശ്യവുമായെത്തുന്നവർക്കും ഒരുപോലെ ബുദ്ധിമുട്ടുണ്ടാക്കുന്നു.

മിനി സിവിൽസ്റ്റേഷൻ അനിവാര്യം 

അടിസ്ഥാനസൗകര്യമില്ലാത്തതാണ് താലൂക്ക് ഓഫീസ് നേരിടുന്ന ഏറ്റവും പ്രധാന പ്രശ്നം. സ്വന്തമായി കെട്ടിടം നിർമിക്കണമെന്നാവശ്യപ്പെട്ട് വിവിധ സംഘടനകളും ജീവനക്കാരും കളക്ടർക്കും സർക്കാരിനും പരാതികൾ നൽകിയിട്ടും ഫലമില്ലാത്ത സ്ഥിതിയാണ്. ഓഫീസിനൊപ്പം പ്രവർത്തനമാരംഭിക്കേണ്ട അനുബന്ധസ്ഥാപനങ്ങളിൽ സപ്ലൈ ഓഫീസ് മാത്രമാണ് അനുവദിച്ചിട്ടുള്ളത്. ഇതും താലൂക്ക് ഓഫീസിൽനിന്നേറെ അകലെയായി മറ്റൊരു വാടകക്കെട്ടിടത്തിലാണ്.

താലൂക്ക് ആസ്ഥാനത്തിനുവേണ്ടി കെട്ടിടം നിർമിക്കാൻ സ്ഥലം കണ്ടെത്താൻ കഴിയായത്തതാണ് പ്രശ്നം. മംഗൽപാടി പഞ്ചായത്തിന് സമീപം സ്ഥലം കണ്ടെത്തിയെങ്കിലും ഇത് തർക്കവിഷയമായി നിലനിൽക്കുന്നു. ഈ സാഹചര്യത്തിൽ സ്വന്തം കെട്ടിടമെന്ന സ്വപ്നം നീളുകയാണ്. ഒപ്പം നാട്ടുകാരുടെ ദുരിതവും.

അതേസമയം മഞ്ചേശ്വരത്തിനും ഉപ്പളയ്ക്കുമിടയിൽ വാമഞ്ചൂരിൽ വാണിജ്യനികുതി ചെക്പോസ്റ്റിന്റെ വികസനത്തിനുവേണ്ടി ഏറ്റെടുത്ത ഒൻപതേക്കർ സ്ഥലം കാടുകയറക്കിടക്കുകയാണ്. ജി.എസ്.ടി. നടപ്പാക്കിയതോടെ വാണിജ്യനികുതി ചെക്പോസ്റ്റ് അടച്ചുപൂട്ടി.

ദേശീയപാതയോട് ചേർന്ന് കിടക്കുന്ന ഈ സ്ഥലത്ത് മിനി സിവിൽസ്റ്റേഷൻ സ്ഥാപിക്കണമെന്ന് ആവശ്യമുയർന്നിട്ടുണ്ട്. കാലങ്ങളായി പിന്നാക്കാവസ്ഥയിലുള്ള മഞ്ചേശ്വരത്തിന്റെ വികസനത്തിന് മിനി സിവിൽസ്റ്റേഷൻ അത്യാവശ്യമാണ്. പലയിടങ്ങളിലായി ചിതറിക്കിടക്കുന്ന ഓഫീസുകൾ ഒരുകുടക്കീഴിലായാൽ ഓഫീസുകൾ കയറി അലയേണ്ട ഗതികേടിൽനിന്ന് നാട്ടുകാർക്ക് മോചനവുമാകും. ദേശീയപാതയോട് ചേർന്നായതിനാൽ ഗതാഗതസൗകര്യവും എളുപ്പമാകും.

LEAVE A REPLY

Please enter your comment!
Please enter your name here