മഞ്ചേശ്വരം ഉപതെരഞ്ഞെടുപ്പ്: പ്രവര്‍ത്തകര്‍ക്കിടയില്‍ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയ ചര്‍ച്ചകള്‍ തുടങ്ങി

0
215

മഞ്ചേശ്വരം(www.mediavisionnews.in): മഞ്ചേശ്വരം മണ്ഡലത്തില്‍ ഉപതെരഞ്ഞെടുപ്പിനു കളമൊരുങ്ങിയതോടെ രാഷ്‌ട്രീയ പാര്‍ട്ടികളുടെ വരും ദിവസങ്ങള്‍ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയ ചര്‍ച്ചകളുടേതാകും. അകാലത്തില്‍ വിട വാങ്ങിയ പി.ബി.അബ്‌ദുല്‍ റസാഖിന്റെ പിന്‍ഗാമിയായി ആരു രംഗത്തെത്തുമെന്നതാണ്‌ ലീഗു പ്രവര്‍ത്തകര്‍ക്കിടയിലെ പ്രധാന ചര്‍ച്ച. കഴിഞ്ഞ തവണ പരിഗണിക്കപ്പെട്ടിരുന്ന മുസ്ലീംലീഗ്‌ ജില്ലാ പ്രസിഡണ്ട്‌ എം.സി.ഖമറുദ്ദീന്റെ പേരിനാണ്‌ മുന്‍തൂക്കം. എന്നാല്‍ ജില്ലാ പഞ്ചായത്ത്‌ പ്രസിഡണ്ട്‌ എ.ജി.സി ബഷീറിന്റെ പേരിനു സാധ്യത നല്‍കുന്നവരും ലീഗു പ്രവര്‍ത്തര്‍ക്കിടയിലുണ്ട്‌. ഇവരില്‍ ആര്‍ക്കെങ്കിലും ഒരാള്‍ക്ക്‌ നറുക്കു വീണില്ലെങ്കില്‍ മണ്ഡലത്തില്‍ നിന്നുള്ള ബ്ലോക് പഞ്ചായത്ത് പ്രസിഡന്റ് എ.കെ.എം അഷ്‌റഫിനെ സ്ഥാനാര്‍ത്ഥിയാക്കണമെന്ന ചര്‍ച്ചയും പ്രവര്‍ത്തകര്‍ക്കിടയില്‍ ആരംഭിച്ചിട്ടുണ്ട്‌. എന്നാല്‍ നിര്‍ണ്ണായക ഉപതെരഞ്ഞെടുപ്പില്‍ അത്തരമൊരാളെ കണ്ടെത്തുക ദുഷ്‌ക്കരമാണെന്ന്‌ പ്രവര്‍ത്തകര്‍ പറയുന്നു. കരുത്തനായ സ്ഥാനാര്‍ത്ഥിയെ രംഗത്തിറക്കി, 89 എന്ന പി.ബിയുടെ ഭൂരിപക്ഷം പതിനായിരമെങ്കിലുമാക്കി ഉയര്‍ത്തി കരുത്തു തെളിയിക്കണമെന്നും പ്രവര്‍ത്തകര്‍ക്കിടയില്‍ ചര്‍ച്ചയുണ്ട്‌.

ബി.ജെ.പി ക്യാമ്പിലാണെങ്കില്‍ കെ.സുരേന്ദ്രന്‍ ഒരിക്കല്‍ കൂടി സ്ഥാനാര്‍ത്ഥിയാകുമോയെന്നതാണ്‌ പ്രവര്‍ത്തകര്‍ക്കിടയിലെ പ്രധാന ചര്‍ച്ച.
നിലവില്‍ മഞ്ചേശ്വരം നിയമസഭാ മണ്ഡലത്തില്‍ പാര്‍ട്ടി ചുമതല കുണ്ടാര്‍ രവീശ തന്ത്രിക്കാണ്‌. അദ്ദേഹത്തെ സ്ഥാനാര്‍ത്ഥിയാക്കിയാല്‍ ഗുണം ചെയ്യുമെന്ന ചര്‍ച്ച പ്രവര്‍ത്തകര്‍ക്കിടയില്‍ തുടങ്ങിയിട്ടുണ്ട്‌. അതേ സമയം പൊതു സ്വീകാര്യനായ ആരെയെങ്കിലും സ്ഥാനാര്‍ത്ഥിയാക്കുകയെന്ന കാര്യവും ചര്‍ച്ചയായിട്ടുണ്ട്‌. മണ്ഡലത്തില്‍ നിന്നുള്ള ആരെയെങ്കിലും സ്ഥാനാര്‍ത്ഥിയാക്കിയാല്‍ കഴിഞ്ഞ തവണ നിര്‍ഭാഗ്യം കൊണ്ട്‌ നഷ്‌ടപ്പെട്ടുപോയ വിജയം കൈപ്പിടിയിലൊതുക്കാമെന്നും പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടുന്നു. കേരളത്തിലെ പുതിയ രാഷ്‌ട്രീയ സാഹചര്യത്തില്‍ ഉപതെരഞ്ഞെടുപ്പ്‌ ഭരണകക്ഷിയായ സി.പി.എമ്മിനും നിര്‍ണ്ണായകമാണ്‌. കഴിഞ്ഞ തവണ നേടിയ വോട്ടു ഉപതെരഞ്ഞെടുപ്പിലും കൈവരിച്ചില്ലെങ്കില്‍ മണ്ഡലത്തില്‍ സി.പി.എമ്മിന്റെ നിലനില്‍പ്പുതന്നെ ചോദ്യം ചെയ്യപ്പെടുമെന്നതിനാല്‍ സി.പി.എമ്മും കരുതലോടെയായിരിക്കും ഉപതെരഞ്ഞെടുപ്പിനെ സമീപിക്കുകയെന്നാണ്‌ സൂചന.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ

LEAVE A REPLY

Please enter your comment!
Please enter your name here