പ്രളയ ബാധിതരുടെ വീട് നിര്‍മാണം; അടിഞ്ഞുകൂടിയ അധിക മണല്‍ സര്‍ക്കാര്‍ പ്രയോജനപ്പെടുത്തും

0
261

കോഴിക്കോട്(www.mediavisionnews.in): കഴിഞ്ഞ മഴക്കാലത്ത് നദികളില്‍ അടിഞ്ഞുകൂടിയ അധിക മണല്‍ പ്രയോജനപ്പെടുത്താന്‍ സര്‍ക്കാര്‍ തീരുമാനം. പ്രളയത്തില്‍ വീട് നഷ്ടപ്പെട്ടവര്‍ക്ക് സര്‍ക്കാര്‍ തലത്തില്‍ നിര്‍മിച്ചുനല്‍കുന്ന വീടുകളുടെ പണിക്ക് ഈ മണല്‍ ഉപയോഗിക്കാനാണ് തീരുമാനം. നിശ്ചിത തുക ഈടാക്കിയായിരിക്കും മണല്‍ നല്‍കുക. തകര്‍ന്ന റോഡുകളുടെയും പാലങ്ങളുടെയും നിര്‍മാണത്തിനും നദികളിലെ മണല്‍ പ്രയോജനപ്പെടുത്തും.

കനത്ത മഴയെതുടര്‍ന്നുണ്ടായ ഉരുള്‍പൊട്ടലും മലവെള്ളപ്പാച്ചിലും മൂലം സംസ്ഥാനത്തെ നദികളില്‍ ക്രമാതീതമായാണ് മണല്‍ അടിഞ്ഞുകൂടിയത്. നദികളില്‍ അത്ഭുത പ്രതിഭാസമായി മണല്‍ തിട്ടകളും മണപ്പുറങ്ങളും വ്യാപകമായി രൂപപ്പെട്ടു. നദിയുടെ നീരൊഴുക്കിനെ ബാധിക്കുന്ന തരത്തില്‍ പോലും പലയിടത്തും മണല്‍ അടിഞ്ഞുകൂടിയിട്ടുണ്ട്.

നദികളിലും വയലുകളിലും അടിഞ്ഞുകൂടിയ മണല്‍ പ്രയോജനപ്പെടുത്താന്‍ വിവിധ നിര്‍ദേശങ്ങള്‍ ഉയര്‍ന്നെങ്കിലും ചട്ടങ്ങള്‍ പാലിക്കേണ്ടതിനാല്‍ നടപ്പായില്ല.
ഇതിനിടെയാണ് മണല്‍ നീക്കാന്‍ പാരിസ്ഥിതിക അനുമതി ആവശ്യമില്ലെന്ന് കേന്ദ്ര പരിസ്ഥിതി മന്ത്രാലയം വ്യക്തമാക്കിയത്. ഇതോടെ മണല്‍ എടുക്കാന്‍ തീരുമാനിച്ച സര്‍ക്കാര്‍ റിവര്‍ മാനേജ്‌മെന്റ് ഫണ്ടുപയോഗിച്ച് ഇതിന്റെ പ്രവര്‍ത്തനം നടത്താനും ധാരണയായി.

പ്രളയത്തില്‍ വീടു തകര്‍ന്നവര്‍ക്ക് വീടു നിര്‍മിച്ചു നല്‍കാനുള്ള സര്‍ക്കാര്‍ പദ്ധതി പുരോഗമിക്കുന്നതോടെ നദികളില്‍ മണലെടുപ്പിനുള്ള സംവിധാനങ്ങളൊരുക്കും. പഞ്ചായത്തിന്റെ നേതൃത്വത്തില്‍ കലക്ടറുടെ ചുമതലയിലാണ് മണല്‍ ശേഖരണം. ഓണ്‍ലൈന്‍ അപേക്ഷയിലൂടെ നിശ്ചിത വില ഈടാക്കിയാണ് മണല്‍ നല്‍കുക. ആ തുക ജില്ലകളിലെ റിവര്‍ മാനേജ്‌മെന്റ് ഫണ്ടിലേക്ക് നല്‍കും. മണലെടുപ്പ് ആരംഭിക്കുന്നതോടെ ഇതുമായി ബന്ധപ്പെട്ട് നേരത്തെ രജിസ്റ്റര്‍ ചെയ്ത തൊഴിലാളികള്‍ക്ക് ജോലി ലഭിക്കും.

ക്രമാതീതമായ മണലെടുപ്പ് കാരണം നശിച്ച പുഴ കഴിഞ്ഞ കാലവര്‍ഷത്തോടെ പൂര്‍വ സ്ഥിതിയിലായിരുന്നു. മലയിടിച്ചിലും വെള്ളപ്പാച്ചിലും കാരണം നദികളില്‍ വന്‍തോതില്‍ മണ്ണും ചളിയും എത്തിയിരുന്നു. ഇതിനു പുറമെ പുഴയോരങ്ങള്‍ വ്യാപകമായി ഇടിഞ്ഞതിനാല്‍ പുഴയുടെ ആഴം കുറയുകയും ചെയ്തു. ഈ അവസ്ഥ നിലനില്‍ക്കെ അടുത്ത കാലവര്‍ഷത്തില്‍ എത്തുന്ന അധിക ജലം കരകവിഞ്ഞ് വീണ്ടും വെള്ളപ്പൊക്ക ഭീതിയുള്ളതിനാല്‍ കൂടിയാണ് നദികളില്‍ അടിഞ്ഞുകൂടിയ അധിക മണല്‍ നീക്കുന്നത്.

നദികളില്‍ അടിഞ്ഞുകൂടിയത് വൃത്തിയുള്ള മണലായതിനാല്‍ ഇതില്‍ കണ്ണും നട്ടിരിക്കുകയായിരുന്നു മണല്‍ മാഫിയകള്‍. നിരോധനം ഉണ്ടെങ്കിലും ആവശ്യക്കാര്‍ക്ക് മണല്‍ എത്തിക്കാന്‍ മാഫിയകള്‍ ഇന്നും രംഗത്തുണ്ട്. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പുനരാംഭിച്ചതിനാല്‍ ലോഡ് കണക്കിന് മണല്‍ ഇരുട്ടിന്റെ മറവില്‍ കടത്തുന്നുണ്ട്.
പുഴകളില്‍ അധികമായി അടിഞ്ഞുകൂടിയ മണല്‍ വില്‍പന നടത്തി അതിന്റെ പ്രയോജനം സര്‍ക്കാര്‍തലത്തില്‍ ഉപയോഗപ്പെടുത്തണമെന്ന ആവശ്യം ഈ മേഖലയില്‍ ജോലി ചെയ്തവര്‍ ചൂണ്ടിക്കാട്ടിയിരുന്നു. അതോടൊപ്പമാണ് പ്രളയം തകര്‍ത്ത വീടുകളും പാലങ്ങളും റോഡുകളും നിര്‍മിക്കാന്‍ ഈ മണല്‍ ഉപയോഗിക്കാമെന്ന തീരുമാനമുണ്ടായത്. അതത് ജില്ലാ കലക്ടര്‍മാരാണ് തുടര്‍ നടപടിയെടുക്കുക.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ

LEAVE A REPLY

Please enter your comment!
Please enter your name here