പത്രസമ്മേളനങ്ങളില്‍ സ്വതന്ത്ര ഓണ്‍ലൈന്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് വീണ്ടും ‘അയിത്തം’

0
234

കോഴിക്കോട് (www.mediavisionnews.in): ഓണ്‍ലൈന്‍ മാധ്യമപ്രവര്‍ത്തകരെ പുറത്ത് നിര്‍ത്തിക്കൊണ്ടുള്ള പത്രസമ്മേളനങ്ങള്‍ വീണ്ടും ചര്‍ച്ചയാകുന്നു. ഇന്നലെ എറണാകുളത്ത് നടന്ന ഡബ്ല്യു.സി.സി യുടെ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുക്കുന്നതില്‍ നിന്നും ഓണ്‍ലൈന്‍മാധ്യമപ്രവര്‍ത്തകരെ തടഞ്ഞതോടെയാണ് ചര്‍ച്ചകള്‍ വീണ്ടും സജീവമായത്.

ഇന്നലെ പത്രസമ്മേളനങ്ങളനത്തിന് പങ്കെടുക്കാനെത്തിയ ഓണ്‍ലൈന്‍ മാധ്യമ പ്രവര്‍ത്തകയായ ഹസ്ന ശാഹിദ ഓണ്‍ലൈന്‍ മാധ്യമപ്രവര്‍ത്തകര്‍ നേരിടേണ്ടി വന്ന അവഹേളനം ഫേസ്ബുക്കില്‍ പങ്കുവച്ചതോടെയാണ് വിഷയം വീണ്ടും ചര്‍ച്ചയായത്. ഇതിനെ തുടര്‍ന്ന് മറ്റ് നിരവധി ഓണ്‍ലൈന്‍ മാധ്യമപ്രവര്‍ത്തകരും തങ്ങളുടെ ദുരനുഭവങ്ങള്‍ പങ്കുവെച്ച് രംഗത്തെത്തി.

പുരുഷാധിപത്യത്തിന്റെയും കുത്തക മാധ്യമങ്ങളുടെ ധാര്‍ഷ്ട്യവുമാണ് പ്രസ്‌ക്ലബ്ബുകളില്‍ നടക്കുന്നത് എന്ന് വിവിധ മാധ്യമങ്ങളില്‍ ജോലി ചെയ്ത് സ്വതന്ത്ര ഓണ്‍ലൈന്‍ രംഗത്തേക്ക് മാറിയ പല മാധ്യമ പ്രവര്‍ത്തകരും പറയുന്നുണ്ട്.

ഓണ്‍ലൈനുകാര്‍ എന്ന് പറഞ്ഞ് അവഹേളിക്കുകയും അപമാനിക്കുന്നയും തരത്തിലാണ് പ്രസ്‌ക്ലബുകളില്‍ അംഗങ്ങളായ പലരുമെന്നും ഓണ്‍ലൈന്‍ മാധ്യമപ്രവര്‍ത്തകര്‍ തങ്ങളുടെ അനുഭവം പങ്കുവെച്ച് കൊണ്ട് പറയുകയുണ്ടായി. ന്യൂസ് മിനിറ്റ് ഓണ്‍ലൈനിന്റെ എഡിറ്ററായ ധന്യ രാജേന്ദ്രനെയടക്കം ഇന്നലെ പ്രസ് ക്ലബ്ബില്‍ തടഞ്ഞിരുന്നു.

ഇത്തരം തുറന്നു പറച്ചിലുകള്‍ക്ക് പിന്തുണയുമായി നിരവധിപേര്‍ രംഗത്ത് എത്തിയിട്ടുമുണ്ട്. കേരളത്തില്‍ മുമ്പ് ദൃശ്യമാധ്യമങ്ങളുടെ കടന്നുവരവിലും ഇത്തരം നിലപാട് തന്നെയായിരുന്നു പ്രസ് ക്ലബ്ബുകളിലെ നേതൃസ്ഥാനത്ത് ഇരുന്നവര്‍ സ്വീകരിച്ചിരുന്നെന്ന് എഷ്യാനെറ്റ് ഒണ്‍ലൈനിലെ മാധ്യമപ്രവര്‍ത്തകനായ കെ.പി റഷീദ് പറഞ്ഞത്

”പണ്ട് ചാനലുകള്‍ വാര്‍ത്തയിലേക്ക് ഇറങ്ങി ചെന്ന് തുടങ്ങിയ കാലത്ത് വിഷ്വല്‍ മീഡിയ ജേണലിസ്റ്റുകള്‍ക്ക് പ്രസ് ക്ലബില്‍ പ്രകടമായ അയിത്തം ഉണ്ടായിരുന്നു. പ്രസ് ക്ലബ് എന്നാല്‍ പത്രക്കാര്‍ക്കുള്ളത് എന്നായിരുന്നു അന്നര്‍ത്ഥം. വാര്‍ത്തകള്‍ക്ക് പിന്നാലെ സദാസമയവും പായുന്ന ചാനലുകാരോട് മുടിഞ്ഞ പുച്ഛവുമായിരുന്നു. ചില പ്രസ് ക്ലബുകളിലൊക്കെ ന്യൂസ് റിലീസ് ഇടുന്ന ബോക്‌സ് ചാനലുകാര്‍ക്ക് അനുവദിച്ചിരുന്നു പോലുമില്ല. പിന്നെ ചില ചാനലുകള്‍ക്ക് ഇടം കിട്ടി. പുതുതായി വന്ന ചാനലുകള്‍ക്കോ ചാനല്‍ മാധ്യമപ്രവര്‍ത്തകര്‍ക്കോ ഇടം കിട്ടിയില്ല. എന്നാല്‍ അതും മാറി. പത്രം ഒരു മീഡിയ മാത്രം ആണെന്നും വാര്‍ത്താ ചാനലുകള്‍ കൂടി ഉള്‍പ്പെടുന്നതാണ് മാധ്യമപ്രവര്‍ത്തക സമൂഹം എന്നുമുള്ള ബോധ്യങ്ങള്‍ ഉണ്ടായി. അത് കഴിഞ്ഞ് പ്രസ് ക്ലബുകളില്‍ ചാനലുകള്‍ക്ക് മുന്‍ കൈ പോലുമുണ്ടായി.” റഷീദ് പറയുന്നു.

പ്രസ്സ് ക്ലബ്ബില്‍ പോയി വാര്‍ത്താ സമ്മേളം നടത്തേണ്ട കാലം കഴിഞ്ഞെന്ന് മാധ്യമ പ്രവര്‍ത്തകയായ കെ.കെ ഷാഹിന പറയുന്നത്. ഡബ്ല്യു.സി.സി അടക്കമുള്ള സംഘടനകള്‍ പ്രസ്സ് ക്ലബില്‍ പോയി വാര്‍ത്താ സമ്മേളനം നടത്തരുത്. പറയാനുള്ള കാര്യങ്ങള്‍ ലോകത്തെ അറിയിക്കാനായി പ്രസ്സ് ക്ലബ്ബിലേക്ക് പോകേണ്ട കാലമൊക്കെ കഴിഞ്ഞു. നിങ്ങള്‍ പറയുന്നതില്‍ വാര്‍ത്തയുണ്ടെങ്കില്‍ നിങ്ങള്‍ അതെവിടെ ഇരുന്ന് പറഞ്ഞാലും മാധ്യമങ്ങള്‍ അങ്ങോട്ടു വരും. വന്നേ പറ്റൂ. പത്രങ്ങളിലേയും ചാനലുകളിലേയും തമ്പ്രാക്കന്മാര്‍ വാണരുളുന്ന കാലമൊക്കെ കഴിഞ്ഞു. ഇത് സോഷ്യല്‍ മീഡിയയുടേയും ഓണ്‍ലൈന്‍ മീഡിയയുടേയും കൂടി കാലമാണ് . തീര്‍ച്ചയായും ഗുണനിലവാരത്തിന്റെ പ്രശ്‌നമുണ്ട്. അതെല്ലാ കാലത്തും ഉണ്ടായിരുന്നെന്നും ഷാഹിന പറഞ്ഞു.

ഇത്തരത്തിലുള്ള അവഗണനകള്‍ സമാന്തര സംഘടന രൂപീകരണത്തിനേ സഹായിക്കു എന്നാണ് ന്യൂസ്റപ്റ്റ് ചീഫ് എഡിറ്റര്‍ എം.പി ബഷീര്‍ പറയുന്നത്.  ‘മുഖ്യധാരാ മാധ്യമങ്ങള്‍ക്കും അങ്ങനെ അല്ലാത്ത മാധ്യമങ്ങള്‍ക്കും ഇടയിലുള്ള അതിര്‍ത്തി ഇന്റര്‍നെറ്റിന്റെ വരവോടെ തന്നെ ഇല്ലാതായിട്ടുണ്ട് ഇന്ന് മറ്റേത് മാധ്യമങ്ങളെക്കാളും വേഗത്തില്‍ വാര്‍ത്തകള്‍ വായനക്കാരിലെത്തിക്കുന്നത് ഓണ്‍ലൈന്‍ മാധ്യമങ്ങളാണ്. പണ്ട് ടെലിവിഷന്‍ വാര്‍ത്താ ചാനലുകള്‍ വന്നപ്പോഴും സമാനരീതിയിലുള്ള എതിര്‍പ്പുകളുണ്ടായിട്ടുണ്ട്. എന്നാല്‍ മാറ്റങ്ങളുള്‍ക്കൊള്ളാതെ മുന്നോട്ട പോകാന്‍ പറ്റില്ലെന്ന് അന്നേ തെളിഞ്ഞ വസ്തുതയാണ്. തങ്ങളുടെ ആധിപത്യവും പ്രസക്തിയും നഷ്ടപ്പെടും എന്നൊക്കെയുള്ള വ്യവസ്ഥാപിത കക്ഷികളുടെ അടിസ്ഥാനരഹിതമായ ഭയവും ഇത്തരത്തിലുള്ള അവഗണനയുമൊക്കെ സമാന്തര സംഘടനാ രൂപീകരണത്തിനേ സഹായിക്കൂ’ എം.പി ബഷീര്‍ ഡൂള്‍ന്യൂസിനോട് പ്രതികരിച്ചു.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here