മഞ്ചേശ്വരം(www.mediavisionnews.in): ഉദ്ഘാടനംകഴിഞ്ഞ് മൂന്നുവർഷത്തിലേറെയായിട്ടും മഞ്ചേശ്വരം ഗോവിന്ദപൈ സ്മാരക ഗവ. കോളേജിലെ ആൺകുട്ടികൾക്കുള്ള ഹോസ്റ്റൽ കെട്ടിടം തുറന്നുകൊടുത്തില്ല. ഇതുമൂലം വിദൂര പ്രദേശങ്ങളിൽ നിന്ന് വരുന്ന വിദ്യാർഥികൾ ദുരിതമനുഭവിക്കുകയാണ്.
ഹോസ്റ്റൽ സൗകര്യമില്ലാത്തതിനാൽ വിദ്യാർഥികൾ വാടക കൊടുത്ത് താമസിക്കേണ്ട സ്ഥിതിയിലാണ്. ഹോസ്റ്റലിനുവേണ്ടി നിർമിച്ച മൂന്നുനില കെട്ടിടത്തിന്റെ പണി പൂർത്തിയാക്കിയിട്ട് വർഷങ്ങളായെങ്കിലും ഇവിടെ ആവശ്യമായ ഫർണിച്ചറും കുടിവെള്ളവിതരണത്തിനാവശ്യമായ സംവിധാനവും ഒരുക്കിയിരുന്നില്ല. ഹോസ്റ്റലിലേക്കാവശ്യമായ വൈദ്യുതിയും ലഭ്യമായിട്ടില്ല.
വൈദ്യുതി ലഭ്യമാകണമെങ്കിൽ മൂന്ന് വൈദ്യുതത്തൂണുകൾ ആവശ്യമായി വരും. ഇതൊന്നുമൊരുക്കാതെയാണ് കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്ന ഘട്ടത്തിൽ ഹോസ്റ്റൽ കെട്ടിടം ഉദ്ഘാടനംചെയ്തത്.
ഹോസ്റ്റൽ കെട്ടിടമില്ലാത്തതിനാൽ കുട്ടികളനുഭവിക്കുന്ന ബുദ്ധിമുട്ട് ചൂണ്ടിക്കാട്ടി വിദ്യാർഥി സംഘടനകൾ പലവട്ടം സമരരംഗത്ത് വന്നിരുന്നെങ്കിലും ഫലമുണ്ടായില്ല. പുതിയ കെട്ടിടത്തിൽ എഴുപതോളം കുട്ടികൾക്ക് താമസിക്കാനാവശ്യമായ സൗകര്യങ്ങളുണ്ട്. ഹോസ്റ്റൽ കെട്ടിടത്തോട് ചേർന്ന് നിർമാണം പൂർത്തീകരിച്ച ഭക്ഷണശാല ചുറ്റിലും കാടുവളർന്ന് മൂടിയ നിലയിലാണ്.
കുടിവെള്ളത്തിനും മറ്റാവശ്യങ്ങൾക്കും വേണ്ടി കുഴിച്ച കുഴൽക്കിണറും കാടുമൂടിയ നിലയിലാണ്. വൈദ്യുതി കണക്ഷൻ ലഭ്യമാകാത്തതിനാൽ ഇതിൽനിന്ന് വെള്ളമെടുക്കുന്നില്ല. അതിനാൽ കിണർ ഉപയോഗശൂന്യമായ നിലയിലാണ്. വിദ്യാർഥികൾ ദുരിതമനുഭവിക്കുമ്പോഴാണ് ലക്ഷങ്ങൾ ചെലവഴിച്ച് നിർമിച്ച കെട്ടിടം ഉദ്ഘാടനം കഴിഞ്ഞിട്ടും തുറന്നുകൊടുക്കാതെ അധികാരികളുടെ മുൻപിൽ കാടുകയറി നശിക്കുന്നത്.