മലപ്പുറം(www.mediavisionnews.in): കുറ്റിപ്പാലയില്‍ ആള്‍ക്കൂട്ടത്തിന്റെ മര്‍ദനമേറ്റ യുവാവ് ആത്മഹത്യ ചെയ്‌ത കേസില്‍ അക്രമ ഫോട്ടോകള്‍ ഷെയര്‍ചെയ്‌ത വാട്‌സ്‌ആപ്പ്‌ഗ്രൂപ്പിന്റെ അഡ്‌മിന്‍ അറസ്‌റ്റില്‍. യുവാവിനെ കെട്ടിയിട്ട് അക്രമിക്കുന്ന ഫോട്ടോകള്‍ ഷെയര്‍ചെയ്‌ത ഗ്രൂപ്പിന്റെ അഡ്‌മിനായ കുറ്റിപ്പാല മൂച്ചിക്കല്‍ അബ്‌ദുല്‍ നാസറിനെ(23)യാണ് തിരൂര്‍ സി.ഐ: ടി. അബ്‌ദുല്‍ ബഷീറും സംഘവും അറസ്‌റ്റ് ചെയ്‌തത്. അബ്‌ദുല്‍ നാസറിന്റെ സഹോദരന്‍ സഹീറിനു വേണ്ടി അന്വേഷണം ഊര്‍ജിതമാക്കി.
കുറ്റിപ്പാല സ്വദേശി പൂഴിത്തറ മുസ്‌തഫയുടെ മകന്‍ മുഹമ്മദ് സാജിദിനെ(23)യാണ് ആള്‍ക്കൂട്ടം മോഷണക്കുറ്റം ചുമത്തി കെട്ടിയിട്ടു മര്‍ദിച്ച് ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയ വഴി പ്രചരിപ്പിച്ചത്. ഇതില്‍ മനംനൊന്താണ് കഴിഞ്ഞ 31ന് യുവാവ് ആത്മഹത്യചെയ്‌തതെന്നു കരുതുന്നു. ആത്മഹത്യാക്കുറിപ്പും പോലീസിന് ലഭിച്ചിരുന്നു.
അബ്‌ദുല്‍ നാസര്‍ അഡ്‌മിനായ നിലപ്പറമ്പ സൗഹൃദ കൂട്ടായ്‌മ എന്ന വാട്‌സ് ആപ്പ് ഗ്രൂപ്പിലേക്കാണ് ആദ്യം ഫോട്ടോള്‍ വന്നത്. സഹീറിന്റെ ശബ്‌ദരേഖയും ഈ ഗ്രൂപ്പില്‍നിന്നും പോലീസ് കണ്ടെത്തി. അബ്‌ദുല്‍ നാസറിന്റെ ഫോണ്‍പോലീസ് കസ്‌റ്റഡിയിലാണ്.
ഫോട്ടോ പ്രചരിപ്പിച്ച സംഭവത്തില്‍ പത്തോളംപേരെ ഉടന്‍ കസ്‌റ്റഡിയിലെടുക്കുമെന്നാണു പോലീസ് നല്‍കുന്ന സൂചന. മുഹമ്മദ് സാജിദിന്റെ മരണത്തില്‍ ആദ്യം അസ്വാഭാവിക മരണത്തിനു കേസെടുത്ത പോലീസ് പിന്നീടത് ആത്മഹത്യാപ്രേരണക്കേസാക്കി മാറ്റി. തിരൂര്‍ ഡിവൈ.എസ്.പി: ടി. ബിജുഭാസ്‌ക്കറിന്റെ മേല്‍നോട്ടത്തില്‍ തിരൂര്‍ സി.ഐയാണു കേസേന്വേഷിക്കുന്നത്.
അതേസമയം കല്‍പ്പകഞ്ചേരി പോലിസിനെതിരെ സാജിദിന്റെ സഹോദരനും ബന്ധുക്കളും രൂക്ഷ വിമര്‍ശനമാണ് ഉന്നയിക്കുന്നത്. ആള്‍ക്കൂട്ടം അക്രമം നടത്തിയെന്ന പരാതി നേരത്തെ സ്വീകരിച്ചില്ലെന്നും പോലിസ് സ്‌റ്റേഷനിലെത്തിയപ്പോള്‍ അപമാനിച്ചെന്നുമാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്. പോലിസില്‍ നിന്ന് നടപടിയുണ്ടാകാത്തതിന്റെ മനോവിഷമം കൂടിയാണ് സാജിദിന്റെ മരണത്തിനു കാരണമെന്നും ബന്ധുക്കള്‍ കുറ്റപ്പെടുത്തി.