അബുദാബി(www.mediavisionnews.in): യുഎഇയില്‍ നിന്ന് പ്രവാസികള്‍ നാട്ടിലേക്ക് അയക്കുന്ന പണത്തിന്റെ അളവ് കൂടിയതായി കണക്കുകള്‍. ദിര്‍ഹവുമായി താരതമ്യം ചെയ്യുമ്പോള്‍ ഇന്ത്യന്‍ രൂപ അടക്കം വിവിധ രാജ്യങ്ങളിലെ കറന്‍സികളുടെ മൂല്യം ഇടിഞ്ഞതാണ് പണം അയക്കുന്നത് കൂടാനുള്ള പ്രധാന കാരണമായി വിലയിരുത്തപ്പെടുന്നത്. യുഎഇ കേന്ദ്ര ബാങ്കാണ് വിദേശികള്‍ നാട്ടിലേക്ക് അയച്ച പണത്തിന്റെ കണക്കുകള്‍ പുറത്തുവിട്ടത്.
2017ലെ കണക്കുമായി താരതമ്യം ചെയ്യുമ്പോള്‍ 13.1 ശതമാനം വര്‍ദ്ധനവാണ് യുഎഇയില്‍ നിന്ന് മറ്റ് രാജ്യങ്ങളിലേക്ക് അയക്കുന്ന പണത്തിന്റെ കാര്യത്തില്‍ ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ വര്‍ഷത്തെ ആദ്യ രണ്ട് പാദങ്ങളില്‍ 77.8 ബില്യന്‍ ദിര്‍ഹമായിരുന്നു ഇങ്ങനെ അയക്കപ്പെട്ടിരുന്നതെങ്കില്‍ ഈ വര്‍ഷം അത് 88 ബില്യനായാണ് ഉയര്‍ന്നിരിക്കുന്നത്. നാട്ടിലേക്ക് കൂടുതല്‍ പണമയക്കുന്ന കണക്കിലും ഇന്ത്യക്കാരാണ് മുന്നില്‍. 39 ശതമാനവും ഇന്ത്യക്കാരുടെ പണമാണ് യുഎഇയില്‍ നിന്ന് പുറത്തേക്ക് അയക്കുന്നത്. 17.32 ബില്യന്‍ ദിര്‍ഹമാണ് കഴിഞ്ഞ ആറ് മാസം കൊണ്ട് യുഎഇയിലെ ഇന്ത്യന്‍ പ്രവാസികള്‍ നാട്ടിലേക്ക് അയച്ചത്. ഏകദേശം 33,000 കോടിയിലധികം ഇന്ത്യന്‍ രൂപ വരുമിത്.
8.5 ശതമാനം മാത്രമുള്ള പാകിസ്ഥാനാണ് രണ്ടാം സ്ഥാനം. 3.55 ബില്യന്‍ ദിര്‍ഹമാണ് പാകിസ്ഥാനിലേക്ക് അയച്ചത്. ഫിലിപ്പൈന്‍സ് (7.1 ശതമാനം), ഈജിപ്ത് (5.4 ശതമാനം), യു.എസ് (4.9 ശതമാനം), ബ്രിട്ടന്‍ (3.8 ശതമാനം), ബംഗ്ലാദേശ് (2.6 ശതമാനം) എന്നിങ്ങനെയാണ് മറ്റ് രാജ്യങ്ങളിലെ പൗരന്മാര്‍ വിദേശത്തേക്ക് അയച്ച പണത്തിന്റെ കണക്ക്.