കോഴിക്കോട്(www.mediavisionnews.in):: മഹല്ലുകളിലും സ്ഥാപനങ്ങളിലും പുതുതായി തര്‍ക്കങ്ങളുണ്ടാകില്ലെന്ന് സുന്നി ഐക്യചര്‍ച്ചയില്‍ ധാരണ. എ.പി – ഇ.കെ വിഭാഗം സമസ്തയുടെ കേന്ദ്ര മുശാവറകളുടെ തീരുമാനപ്രകാരം കഴിഞ്ഞ ദിവസം കോഴിക്കോട് നേതാക്കള്‍ തമ്മില്‍ നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം.
ഐക്യത്തിന് മുന്നോടിയായി മഹല്ലുകളിലും സ്ഥാപനങ്ങളിലും ഭാവിയില്‍ പ്രശ്‌നങ്ങളുണ്ടാവാതിരിക്കാന്‍ ഇരുവിഭാഗം ശ്രദ്ധിക്കും. മഹല്ലുകളില്‍ നിലവിലെ സ്ഥിതിയില്‍ മാറ്റം വരുത്തുകയോ പ്രശ്‌നം സൃഷ്ടിക്കുകയോ ചെയ്യരുത്. ഇതിന് വിരുദ്ധമായി ഏതെങ്കിലും മഹല്ലില്‍ പ്രശനങ്ങള്‍ ഉടലെടുത്താല്‍ നേതാക്കള്‍ ഇടപെട്ട പൂര്‍വ്വ സ്ഥിതി പുനസ്ഥാപിക്കാനും യോഗത്തില്‍ തീരുമാനമെടുത്തു.
അതേസമയം ചര്‍ച്ച നടന്നു കൊണ്ടിരിക്കെ ചില മഹല്ലുകളില്‍ കുഴപ്പങ്ങളുണ്ടായതില്‍ നേതാക്കള്‍ പ്രതിഷേധമറിയിച്ചു.
ഇ.കെ വിഭാഗത്തെ പ്രതിനിധീകരിച്ച് ഡോ.ബഹാവുദ്ധീന്‍ നദ്‌വി, മുക്കം ഉമര്‍ ഫൈസി, എ.വി അബ്ദുറഹ്മാന്‍ മുസ്‌ലിയാര്‍, ഹമീദ് ഫൈസി അമ്പലക്കടവ് എന്നിവരും എ.പി വിഭാഗത്തെ പ്രതിനിധീകരിച്ച് പേരോട് അബ്ദുറഹ്മാന്‍ സഖാഫി, കെ.കെ അഹ്മദി കുട്ടി മുസ്‌ലിയാര്‍ കാട്ടിപ്പാറ, ഹുസൈന്‍ സഖാഫി ചുള്ളിക്കോട് എന്നിവരും സംബന്ധിച്ചു.