ന്യൂഡല്‍ഹി (www.mediavisionnews.in): അടിക്കടി രാജ്യത്ത് ഇന്ധനവില വര്‍ധിക്കുമ്പോള്‍ ജനങ്ങള്‍ സര്‍ക്കാരിനെ കുറ്റംപറയുന്നത് അടിസ്ഥാന രഹിതമെന്ന് പറയാന്‍ സാധിക്കില്ലെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. ഇന്ന് കൊച്ചിയില്‍ പെട്രോളിന് ലിറ്ററിന് 82.80 രൂപയാണ് വില. ഇതില്‍ നിന്നും നികുതിയിനത്തിലും കമ്മീഷന്‍ ഇനത്തിലും കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ ഈടാക്കുന്നത് 46.09 രൂപയാണ്.
അതായത് ആകെ വിലയുടെ പകുതിയിലധികവും നികുതിയും കമ്മീഷനുമാണ്. ഇത് കുറയ്ക്കുന്നതിന് കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ മനസുകാണിച്ചാല്‍ ജനത്തിന് അത് വലിയ ആശ്വാസമായി മാറും. കേന്ദ്രനികുതി – 19.48, പ്രവേശനനികുതി/ശുദ്ധീകരണച്ചെലവ്/ ചരക്കുകൂലി – 3.45, കമ്മീഷന്‍ – 3.00, സംസ്ഥാന വാറ്റ് – 18.97, അധികനികുതി – 1.00, സോഷ്യല്‍ സെസ് – 0.19 എന്നിങ്ങനെയാണ് നികുതിയനത്തിലും കമ്മീഷന്‍ ഇനത്തിലും ഈടാക്കുന്നത്.
സമാനരീതിയിലാണ് ഡീസലിന്റെ കാര്യവും. ലിറ്ററിന് 76.80 രൂപയാണ് കൊച്ചിയില്‍ ഡീസലിന് വില. ഇതിനും വിലയുടെ പകുതിയിലധികം നികുതിയും കമ്മീഷനുമാണെന്നത് ശ്രദ്ധേയമാണ്. 40.09 രൂപയാണ് ഡീസലിന് നികുതി, കമ്മീഷന്‍ ഇനത്തില്‍ സര്‍ക്കാരുകള്‍ ജനങ്ങളില്‍ നിന്ന് ഈടാക്കുന്നത്. ഡീസലിന് നികുതിയനത്തിലും കമ്മീഷന്‍ ഇനത്തിലും തുക ഈടാക്കുന്നത് കേന്ദ്രനികുതി – 15.33, പ്രവേശനനികുതി/ശുദ്ധീകരണച്ചെലവ്/ ചരക്കുകൂലി -7.14, കമ്മീഷന്‍ – 2.00, സംസ്ഥാന വാറ്റ് – 14.48, അധികനികുതി – 1.00, സോഷ്യല്‍ സെസ് – 0.14 എന്നിങ്ങനെയാണ്.