നാലുവരിപ്പാത: സ്ഥലമെടുപ്പിന് അവസാന വിജ്ഞാപനം പുറപ്പെടുവിച്ചു

0
256

കാസർകോട്(www.mediavisionnews.in): ജില്ലയിൽ നാലുവരിപ്പാത നിർമാണത്തിന് ഭൂമിയേറ്റെടുക്കൽ നടപടി അന്തിമഘട്ടത്തിലേക്ക് കടന്നതായി ദേശീയപാത ഭൂമിയെറ്റെടുക്കൽ വിഭാഗം സ്പെഷ്യൽ ഡെപ്യൂട്ടി കളക്ടർ കെ.ശശിധരഷെട്ടി അറിയിച്ചു. ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ടുള്ള അവസാന വിജ്ഞാപനം ശനിയാഴ്ച പുറപ്പെടുവിച്ചിരുന്നു. ഇതിൽ ഭൂവുടമകൾക്ക് പരാതിയുണ്ടെങ്കിൽ വിജ്ഞാപനം പുറപ്പെടുവിച്ച് 21 ദിവസത്തിനുള്ളിൽ അറിയിക്കാം.

ഏറ്റെടുക്കുന്ന ഭൂമിയുടെ 97 ശതമാനം സർവേനടപടികൾ പൂർത്തിയായി. ഇനി 9.57 ഹെക്ടർ ഭൂമിയിലാണ് സർവേ നടത്താൻ ബാക്കിയുള്ളത്. അത് ഈ മാസത്തോടെ പൂർത്തിയാവുമെന്ന്‌ അധികൃതർ പറഞ്ഞു. ജില്ലയിലെ ഭൂവുടമകൾക്ക് നഷ്ടപരിഹാരം നൽകുന്നതിനായി ഇതു വരെ 181 കോടി 52 ലക്ഷം രൂപ ദേശീയപാത അതോറിറ്റി ഓഫ് ഇന്ത്യ (എൻ.എച്ച്.എ.ഐ.) അനുവദിച്ചിട്ടുണ്ട്. ഇതിൽ 58,02,92644 രൂപ 395 ഭൂവുടമകൾക്കായി വിതരണംചെയ്തിട്ടുണ്ട്.

ഒൻപത് കോടി രൂപയോളം കൃത്യമായ രേഖകൾ സമർപ്പിക്കാത്തത് മൂലം മാറ്റിവെച്ചിട്ടുണ്ട്. തർക്കവും കേസും നിലനിൽക്കുന്ന സ്ഥലങ്ങൾക്ക്‌ വിതരണംചെയ്യാനായി 21 ലക്ഷത്തോളം രൂപ കോടതിയിൽ അടച്ചിട്ടുണ്ട്. കൂടാതെ, അടുക്കത്ത്ബയൽ, കാസർകോട്, അജാനൂർ തുടങ്ങി പത്തോളം വില്ലേജുകളിലെ 484 ഭൂവുടമകൾക്കായി 133 കോടി രൂപ അനുവദിക്കുന്നതിനായി എൻ.എച്ച്.എ.ഐ.ക്ക്‌ സമർപ്പിച്ചിട്ടുണ്ട്. ഭൂമിയേറ്റെടുക്കൽ നടപടികൾ പൂർത്തിയാക്കി ഈ വർഷം ഡിസംബറോടെ ഭൂമി എൻ.എച്ച്.എ.ഐ.ക്ക്‌ കൈമാറാൻ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അധികൃതർ അറിയിച്ചു.

ദേശീയപാത കടന്നുപോവുന്നയിടങ്ങളിലെ 2430 കെട്ടിടങ്ങൾ ഇതുവരെ ഏറ്റെടുത്തിട്ടുണ്ട്. ഇനി മുന്നൂറോളം കെട്ടിടങ്ങൾ ഏറ്റെടുക്കാനുണ്ട്. അതിനുള്ള നടപടി പുരോഗമിക്കുകയാണ്. വിദേശത്തുള്ളവരും തർക്കം നിലനിൽക്കുന്നതുമായ സ്ഥലങ്ങളിലെ ഉടമകൾ കൃത്യമായി രേഖകൾ സമർപ്പിക്കാത്തതും കെട്ടിടം വാടകയ്ക്കുനൽകിയവർ ഒഴിഞ്ഞുകൊടുക്കാത്തതുമാണ് നടപടികൾ വൈകിപ്പിക്കുന്നതെന്നും അധികൃതർ കൂട്ടിച്ചേർത്തു.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ

LEAVE A REPLY

Please enter your comment!
Please enter your name here