ഐലാന്‍ ലോകത്തെ കരയിച്ചിട്ട് രണ്ടാണ്ട്; വേദനകളുടെ വന്‍കരകള്‍ താണ്ടി ഈ ചിത്രം

0
290

തുർക്കി(www.mediavisionnews.in):രണ്ടു വർഷം മുൻപുള്ള ഒരു പ്രഭാതത്തിലാണ് ലോകം നടുക്കത്തോടെ ആ വാർത്ത കേട്ടത്. തുർക്കിയിലെ ബ്രോഡം തീരത്ത് പഞ്ചാരമണലിനെ ആലിംഗനം ചെയ്തു കിടക്കുന്ന മൂന്നു വയസുകാരൻ ഐലാന്‍. മെഹ്മദ് സിപ്ലക് എന്ന പൊലീസുകാരനാണ് ആദ്യം അവനെ കണ്ടത്. ജീവനുണ്ടാകണേ എന്ന പ്രാർത്ഥനയായിരുന്നു ഉള്ളിൽ. ആ കുഞ്ഞുശരീരം ചേതനയറ്റെന്നറിഞ്ഞപ്പോൾ നെഞ്ചു തകർന്നു.

നിലുഫർ ഡെമിർ എന്നയാളുടെ ക്യാമറക്കണ്ണുകളിലൂടെ പിറ്റേന്ന് ലോകം ആ ചിത്രങ്ങൾ കണ്ടു. ചിലരുടെ കൺകോണുകൾ നനഞ്ഞു. ചിലർ ദു:ഖം അടക്കി വെയ്ക്കാനാകാതെ കരഞ്ഞു. മറ്റു ചിലർ ആ രംഗം കാണാനാകാതെ കണ്ണു പൊത്തി.

ആ തീരത്തുനിന്നും അധികം അകലെയല്ലാതെ ഐലാന്‍റെ അമ്മ റീഹാന്‍റെയും സഹോദരന്‍ ഗലിപിന്‍റെയും മൃതദേഹങ്ങള്‍ കരയ്ക്കടിഞ്ഞു. ഭാര്യയുടെയും രണ്ട് കുഞ്ഞുമക്കളുടെയും മൃതദേഹം ഏറ്റുവാങ്ങി അബ്ദുല്ല ഉറക്കെ നിലവിളിച്ചു, ഒടുവിൽ കരഞ്ഞു തളർന്ന് ബോധരഹിതനായി.

ഗ്രീസിലേക്കുള്ള പലായനത്തിനിടെ ഐലാനും കുടുംബവും സഞ്ചരിച്ച ബോട്ട് മുങ്ങുകയായിരുന്നു. അഭയാര്‍ത്ഥി പ്രശ്‌നത്തിന്റെ തീവ്രത ലോകത്തോട് അവൻ വിളിച്ചുപറഞ്ഞു, ദുരിതമനുഭവിക്കുന്ന അഭയാർത്ഥികളുടെ പ്രതീകമായി ഐലാന്‍. അഭയാർത്ഥികൾക്കെതിരായ നിലപാടുകളുടെ പേരിൽ ലോകവ്യാപകമായി പ്രതിഷേധം അലയടിച്ചു. ബ്രിട്ടനും ജര്‍മ്മനിയുമെല്ലാം നിലപാട് മാറ്റി അഭയാർത്ഥികൾക്കു വേണ്ടി വാതിൽ തുറന്നത് ആ കണ്ണീര്‍ചിത്രം കണ്ടതിനു ശേഷമാണ്.

സിറിയൻ തലസ്ഥാനമായ ഡമാസ്കസിൽ ബാർബറായിരുന്നു ഐലാന്‍റെ പിതാവ് അബ്ദുല്ല കുർദി. 2011ൽ സിറിയയിൽ ആഭ്യന്തരകലാപം പൊട്ടിപ്പുറപ്പെട്ടു. ഭാര്യ റീഹാന്റെ നാടായ കൊബാനിയിൽ താമസം മാറ്റിയെങ്കിലും സംഘർഷം അവിടേക്കും വ്യാപിച്ചു. 2012ൽ മറ്റ് അഭയാർത്ഥികൾക്കൊപ്പം തുർക്കിയിലേക്ക് പലായനം ചെയ്തു. അവിടെനിന്ന് ഇസ്താംബൂളിലേക്ക്. ഭാര്യയെയും മക്കളെയും പോറ്റാൻ അബ്ദുല്ല പല തൊഴിലുകളും ചെയ്തു. കാനഡയിലേക്ക് കുടിയേറിയ സഹോദരി അയച്ചുകൊടുത്തിരുന്ന പണം കൊണ്ടാണ് പട്ടിണിയില്ലാതെ ജീവിച്ചത്.

ഗ്രീക്ക് ദ്വീപായ കോസിൽ എത്തിയാൽ മനുഷ്യക്കടത്തുകാർക്ക് പണം നൽകി ജർമ്മനിയിലെത്താമെന്ന് ഉപദേശിച്ചത് തിമയാണ്. സഹോദരൻ മുഹമ്മദ് ഇങ്ങനെയാണ് ജർമ്മനിയിലെത്തിയത്. റീഹാന് ധൈര്യമുണ്ടായിരുന്നില്ല. എന്തെങ്കിലും സംഭവിച്ചാൽ തനിക്ക് നീന്തൽ പോലുമറിയില്ലെന്നു പറഞ്ഞു. ഒടുവിൽ പരമാവധി 8 പേർക്ക് സഞ്ചരിക്കാവുന്ന ബോട്ടിൽ 16 പേരെ കയറ്റി ആ സാഹസയാത്ര ആരംഭിച്ചു.

യാത്രയ്ക്കിടെ കടൽ പ്രക്ഷുബ്ദമായി. ബോട്ട് മുങ്ങുന്ന നിലയിലായി. ക്യാപ്റ്റൻ കടലിൽ ചാടി രക്ഷപ്പെട്ടു. പിന്നീട് ബോട്ട് നിയന്ത്രിച്ചത് അബ്ദുല്ലയായിരുന്നു. ഒരു കയ്യില്‍ അദ്ദേഹം ഭാര്യയെയും മക്കളേയും ചേർത്തു പിടിച്ചു. മറുകയ്യിൽ സ്റ്റിയറിംഗ് നിയന്ത്രിച്ചു. എന്നാൽ അതൊരു വിലാപയാത്രയായിരുന്നു. പ്രിയപ്പെട്ടവരെ കടലെടുത്തു, ഒടുവിൽ അവശേഷിച്ചത് അബ്ദുല്ല മാത്രം. തകർന്ന ബോട്ടിന്റെ അവശിഷ്ടങ്ങൾക്കിടയിൽ തൂങ്ങിക്കിടന്ന് അബ്ദുള്ളയും ഒപ്പമുണ്ടായിരുന്ന മൂന്നു പേരും രക്ഷപെട്ടു. തന്‍റെ പ്രിയപ്പെട്ടവരെ മരണത്തിനു വിട്ടുകൊടുത്തെന്ന കുറ്റബോധം മരണം വരെ വിടാതെ പിന്തുടരുമെന്നാണ് അബ്ദുല്ല പറഞ്ഞത്.

ഐലാൻ ഇന്നും ഒരു നൊമ്പരമാണ്, ഓരോർമപ്പെടുത്തലാണ്, മെച്ചപ്പെട്ട ജീവിതം സ്വപ്നം കണ്ട് കടൽ കടക്കുന്ന അഭയാർത്ഥികളുടെ പ്രതിനിധിയാണ്. രണ്ടു വര്‍ഷങ്ങൾക്കിപ്പുറവും ആ കുഞ്ഞുമുഖം നമ്മെ നോവിപ്പിക്കുന്നു. സെപ്റ്റംബറിന്‍റെ വേദനയാവുകയാണ് ഈ ചിത്രങ്ങൾ. വേദനകളുടെ വന്‍കരകള്‍ താണ്ടിയ അനുഭവങ്ങളുടെ ബാക്കിചിത്രം.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ

LEAVE A REPLY

Please enter your comment!
Please enter your name here